ഫൈൻ ഇല്ലാത്ത ചലാൻ ലഭിച്ചോ: ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഫൈൻ ഇല്ലാത്ത ചലാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ലഭിക്കാം. ചലാനുകളിൽ ഫൈൻ അടക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത്തരം ചലാനുകൾ ചെറിയ ഫൈനുകൾ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. അത്തരം നിയമലംഘനങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. മോട്ടോർ വാഹന വകുപ്പാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു.

പ്രധാനമായും ട്രാഫിക് സിഗ്‌നലുകൾ ഉള്ള ജംഗ്ഷനുകളിൽ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്‌നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമലംഘനങ്ങൾ eChallan ചെയ്യപ്പെടുന്നതാണ്. അത്തരം eChallan ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി പ്രസ്തുത RTO എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും മേല്പറഞ്ഞ ശിക്ഷാ വിധികൾ തന്നെയായിരിക്കും. അതിനാൽ ഫൈൻ തുകയില്ലാത്ത ചലാനുകൾ തീർപ്പുകൽപ്പിക്കുക അത്ര ഫൈൻ ആയ കാര്യമല്ല എന്നോർക്കുക.