ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

അബുദാബി: ഇന്റർനെറ്റ് ബ്രൗസിങിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വിലപ്പെട്ട വിവരങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

പഴയ വേർഷനിലെ സുരക്ഷാ വീഴ്ചയിലൂടെ തട്ടിപ്പുകാർ കംപ്യൂട്ടറിലേക്കു നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു.

കാലോചിതമായ ഭീഷണികളെ നേരിടാൻ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ വേർഷനെന്നും ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം അതു ചെയ്യണമെന്നും അധികൃതർ അറിയിച്ചു.