Technology (Page 121)

mars 2020

പുതിയ ചൊവ്വാ പര്യവേഷണ പേടകമായ മാര്‍സ് റോവര്‍ 2020 നാസ വിജയകരമായി വിക്ഷേപണം നടത്തി. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കാനുമാണ് മാര്‍സ് റോവര്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 18 നായിരിക്കും ചൊവ്വയിലെത്തുക. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് മാര്‍സ്. 23 ക്യാമറകളും രണ്ട് ചെവികളുമാണ് മാര്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണം ഈ ചെവികൾ വഴിയാകും നടക്കുക. ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്. ഒരു ചെറുകാറിനോളം വലിപ്പമുള്ള ഇത് ആറ് ചക്രങ്ങളാണ് ഉള്ളത്. ഒരു ചൊവ്വാദിവസം (ഭൂമിയിലെ ഒരു ദിവസവും 37 മിനിറ്റും) കൊണ്ട് 180 മീറ്റര്‍ മാത്രമാണ് ഇത് സഞ്ചരിക്കുക. പ്രത്യേകമായി നിര്‍മിച്ച ചെറു ആണവറിയാക്ടറായിരിക്കും മാര്‍സ് 2020ക്ക് ആവശ്യമായ ഇന്ധനം നല്കുക. ജീവന് സാധ്യമായ പ്രദേശം തിരിച്ചറിയുകയെന്ന ലക്ഷ്യം കൂടി ഈ യാത്രക്കു പിന്നിലുണ്ട്. ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

സോളാര്‍ പ്ലാന്റ്

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ മധ്യപ്രദേശ് സുലഭമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ പ്ലാന്റിന്റെ പ്രയോജനം പാവപ്പെട്ടവർക്കും, കർഷകർക്കും മാത്രമല്ല വരുംതലമുറക്കും വളരെയധികം ഉപയോഗപ്രദമാകു മെന്നും ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് റിവ ചരിത്രം കുറിച്ചിരിക്കുകയാണ്. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. എന്നും പ്രധാനമന്ത്രി പറഞ്ഞു.

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.