മാര്‍സ് 2020 നാസ വിജയകരമായി വിക്ഷേപിച്ചു

mars 2020

പുതിയ ചൊവ്വാ പര്യവേഷണ പേടകമായ മാര്‍സ് റോവര്‍ 2020 നാസ വിജയകരമായി വിക്ഷേപണം നടത്തി. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കാനുമാണ് മാര്‍സ് റോവര്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 18 നായിരിക്കും ചൊവ്വയിലെത്തുക. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് മാര്‍സ്. 23 ക്യാമറകളും രണ്ട് ചെവികളുമാണ് മാര്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണം ഈ ചെവികൾ വഴിയാകും നടക്കുക. ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്. ഒരു ചെറുകാറിനോളം വലിപ്പമുള്ള ഇത് ആറ് ചക്രങ്ങളാണ് ഉള്ളത്. ഒരു ചൊവ്വാദിവസം (ഭൂമിയിലെ ഒരു ദിവസവും 37 മിനിറ്റും) കൊണ്ട് 180 മീറ്റര്‍ മാത്രമാണ് ഇത് സഞ്ചരിക്കുക. പ്രത്യേകമായി നിര്‍മിച്ച ചെറു ആണവറിയാക്ടറായിരിക്കും മാര്‍സ് 2020ക്ക് ആവശ്യമായ ഇന്ധനം നല്കുക. ജീവന് സാധ്യമായ പ്രദേശം തിരിച്ചറിയുകയെന്ന ലക്ഷ്യം കൂടി ഈ യാത്രക്കു പിന്നിലുണ്ട്. ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.