Technology (Page 120)

കോവിഡ് കേസുകൾ വ്യാപിക്കുകയും ഓക്സിജൻ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ ഒരു ഉപകരണമാണ് ഓക്സിജൻ കോൺസൺട്രേറ്റർ .എന്തുകൊണ്ടാണ് ഓക്സിജൻ കോൺസൺട്രേറ്ററിന് ആവശ്യക്കാർ വർദ്ധിച്ചത്.അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. അന്തരീക്ഷവായുവിൽ 78% നൈട്രജനും 21% ഓക്സിജനും 1% മറ്റു വാതകങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ഓക്സിജൻ കോൺസൺട്രേറ്റർ വായുവിനെ സ്വീകരിക്കുകയും അത് ഫിൽറ്റർ ചെയ്ത് ഓക്സിജനെ മാത്രം അരിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്സിജൻ 90-95% ശുദ്ധമായിരിക്കും.മാത്രമല്ല വീട്ടിലോ ആശുപത്രിയിലോ ചികിത്സയിൽ കഴിയുന്ന, രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് നേരിടുന്ന രോഗികൾക്ക് ഓക്സിജൻ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ഈ മെഡിക്കൽ ഉപകരണം.

ഓക്സിജൻ വിതരണം നിയന്ത്രിക്കാൻ ഒരു പ്രെഷർ വാൽവ് കോൺസൺട്രേറ്ററിൽ ഉണ്ടാകും. മിനിറ്റിൽ ഒന്ന് മുതൽ പത്ത് ലിറ്റർ വരെ ഓക്സിജൻ വിതരണം ചെയ്യാൻ ഈ ഉപകരണത്തിന് കഴിയും.2015-ലെ ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, തുടർച്ചയായി ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് കോൺസൺട്രേറ്റർ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും എന്ന നിലയിൽ തുടർച്ചയായി അഞ്ച് വർഷം വരെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയും എന്നുമാണ്.

ദ്രാവക മെഡിക്കൽ ഓക്സിജന്റെയത്ര (99%) ശുദ്ധമല്ലെങ്കിലും ഓക്സിജൻ പൂരിതനില 85 ശതമാനമോ അതിൽക്കൂടുതലോ ഉള്ള കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസൺട്രേറ്റർ ഉപയോഗിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന രോഗികൾക്ക് ഇത് ഉപയോഗിക്കുന്നത് അഭികാമ്യമല്ല.ഏതാണ്ട് 40,000-90,000 രൂപ വരുന്ന കോൺസൺട്രേറ്ററുകൾക്ക് സിലിണ്ടറിനേക്കാൾ (8,000-20,000 രൂപ) ചെലവ് കൂടുതലാണെങ്കിലും അത് ഒറ്റത്തവണ മാത്രമുള്ള നിക്ഷേപമാണ്.

വൈദ്യുതിയുടെയും പതിവായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായുണ്ടാകുന്ന ചെലവുമല്ലാതെ, ഉപയോഗിക്കാൻ മറ്റ് അധിക ചെലവുകൾ കോൺസൺട്രേറ്ററിന് ഇല്ല. എന്നാൽ, സിലിണ്ടറുകളുടെ കാര്യത്തിൽ അവ റീഫിൽ ചെയ്യാനും ഗതാഗത മാർഗം കൊണ്ടുപോകാനുമൊക്കെ അധിക ചെലവ് ഉണ്ടാകും.കൂടാതെ ഒന്നിലേറെ ട്യൂബുകൾ ഉപയോഗിച്ച് രണ്ട് രോഗികൾക്ക് വരെ ഓക്സിജൻ നൽകാൻ കോൺസൺട്രേറ്ററിന് കഴിയുമെങ്കിലും അണുബാധപടരാനുള്ള സാധ്യത മൂലം അത് ഒഴിവാക്കുകയാണ് നല്ലത്.

ഓക്സിജൻ സിലിണ്ടർ, ദ്രാവക ഓക്സിജൻ എന്നിവയുമായുള്ള വ്യത്യാസം സിലിണ്ടറിന് പകരമായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. എന്നാൽ, ഇതുപയോഗിച്ച് മിനിറ്റിൽ 5-10 ലിറ്റർ ഓക്സിജൻ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മിനിറ്റിൽ 40-45 ലിറ്റർ ഓക്സിജൻ വേണ്ടിവന്നേക്കാം. കോൺസൺട്രേറ്ററുകൾ കൊണ്ടുനടക്കാൻ എളുപ്പമാണ്. ദ്രാവക മെഡിക്കൽ ഓക്സിജനെ പോലെ പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ട കാര്യമില്ല.

സിലിണ്ടറുകളെ പോലെ കോൺസൺട്രേറ്ററുകൾ റീഫിൽ ചെയ്യേണ്ട ആവശ്യവുമില്ല. അന്തരീക്ഷവായു സ്വീകരിക്കാനായി ഒരു ഊർജ സ്രോതസ് മാത്രമേ ആവശ്യമുള്ളൂ.ഓക്സിജൻ കോൺസൺട്രേറ്ററിനുള്ള ആവശ്യം വർഷത്തിൽ 40,000 എണ്ണം എന്ന നിലയിൽ നിന്ന് മാസത്തിൽ 30,000-40,000 എണ്ണം എന്ന നിലയിലേക്ക് വർദ്ധിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വർദ്ധിക്കുന്ന ആവശ്യത്തെ നിറവേറ്റാൻ മാത്രം നിർമാതാക്കൾ ഇല്ല എന്നത് ഒരു പോരായ്മയായി നിൽക്കുകയാണ്. കൂടുതലും ഇറക്കുമതിയിലൂടെയാണ് കോൺസൺട്രേറ്ററുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്.

രാജ്യത്ത് കൊറോണവൈറസ് ഭീതിക്കിടയിലും ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപന ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ കോവിഡ്-19 അണുബാധയുടെ രണ്ടാം തരംഗം ലോകത്തെ രണ്ടാം നമ്പർ സ്മാർട് ഫോൺ വിപണിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഫോൺ വില്‍പനയിൽ 26 ശതമാനം വിപണി വിഹിതവുമായി ചൈനീസ് ബ്രാൻഡ് ഷഓമി തന്നെയാണ് മുന്നിൽ. ദക്ഷിണ കൊറിയയുടെ സാംസങ് ആണ് തൊട്ടുപിന്നിലെന്നും കൗണ്ടർപോയിന്റ് അറിയിച്ചു.

മൊത്തത്തിൽ, ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയുടെ 75 ശതമാനവും സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ വിപണിയായ ആപ്പിൾ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റുവെന്നും കൗണ്ടർപോയിന്റ് കൂട്ടിച്ചേർത്തു.2021 ന്റെ ആദ്യ പാദത്തിൽ ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിലെ വിൽപന മൂന്നിരട്ടിയാക്കി. പ്രീമിയം സ്മാർട് ഫോൺ വിഭാഗത്തിൽ മുന്നിലെത്തുകയും ചെയ്തു.

ഐഫോൺ 11 ന് ആവശ്യക്കാർ കൂടിയതും ഐഫോൺ എസ്ഇയുടെ ഇളവുകളുമാണ് ഇതിന് കാരണം. 2020 ൽ മഹാമാരി പ്രതിസന്ധികളെ നേരിടാൻ ഇന്ത്യക്കാർ കൂടുതൽ സ്മാർട് ഫോണുകൾ വാങ്ങി. ഫോൺ വിൽപന പ്രതിവർഷം 23 ശതമാനം വർധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തിയെന്നും വിപണിയിൽ ഗവേഷണം നടത്തുന്ന കമ്പനിയായ കൗണ്ടർപോയിന്റ് പറഞ്ഞു. എന്നാൽ, നിലവിലുള്ള കോവിഡ് -19 തരംഗവും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം വിൽപന കുറയാൻ സാധ്യതയുണ്ടെന്നും കൗണ്ടർപോയിന്റ് അനലിസ്റ്റ് പ്രാചിർ സിങ് പറഞ്ഞു.

ദോഹ: വാട്‌സാപ്പ് ഹാക്കിംഗിനെ പ്രതിരോധിക്കാന്‍ ഉപയോക്താക്കള്‍ വാട്‌സാപ്പിലെ ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ ഒരു വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കാനാണ് ഹാക്കര്‍മാരുടെ ശ്രമം. ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാര്‍ഥ ഉടമയ്ക്ക് 6 അക്കത്തിലുള്ള വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ ഈ കോഡ് ഷെയര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ മൊബൈല്‍ നമ്പറിന്റെ ഉടമയെ പ്രേരിപ്പിക്കുകയും ഉടമ ഈ കോഡ് കൈമാറുന്നതോടെ വാട്ട്‌സാപ്പിന്റെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യും. വാട്‌സാപ്പിലെ മറ്റു ഫോണ്‍ നമ്പറുകളുമായി ആശയവിനിമയം നടത്തുകയും യഥാര്‍ഥ ഉടമയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരെയും തട്ടിപ്പിനിരയാക്കുകയും ചെയ്യും.

കൊച്ചി: പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കുമായി പോസ്റ്റ് ഇന്‍ഫോ എന്നപേരില്‍ തപാല്‍ വകുപ്പ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇതുവഴി പോസ്റ്റ് ഓഫീസ് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കാനും നിക്ഷേപ വരുമാനം പരിശോധിക്കാനും സാധിക്കും. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തിരയുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. തപാല്‍ വകുപ്പിന്റെ കീഴിലുള്ള തപാല്‍ ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പില്‍ നിന്ന് നേരിട്ട് മെയില്‍ ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും റിപ്പോര്‍ട്ട് ചെയ്ത പരാതികള്‍ നിരീക്ഷിക്കാനുമാകും. പോസ്റ്റ് ഓഫീസ് പ്ലാനുകളായ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ), പിഎല്‍ഐ പോളിസികള്‍ എന്നിവയുടെ പ്രീമിയം കണക്കാക്കാനുള്ള ഓപ്ഷനുകളും ആപ്പിലുണ്ട്. നിക്ഷേപങ്ങളുടെ വരുമാനം നിര്‍ണ്ണയിക്കാന്‍ ആപ്പിലെ പലിശ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം. നിലവിലെ വിഹിതത്തെക്കുറിച്ചും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിമാസം എത്ര സമയം ചെലവഴിക്കണമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കും.

ഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് വേണ്ടി എല്‍ഐസി പേടിഎമ്മുമായി കൈകോര്‍ത്തു. പേയ്മെന്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മോഡിലേക്ക് മാറിയതോടെയാണ് എല്‍ഐസിയുടെ പുതിയ നീക്കം.എളുപ്പത്തിലുള്ള പേയ്മെന്റ് പ്രോസസ്സ്, വിശാലമായ പേയ്മെന്റ് ഓപ്ഷനുകള്‍, വാലറ്റ്, ബാങ്ക് തുടങ്ങിയ പേയ്മെന്റ് ചാനലുകള്‍ എന്നിവയാണ് പുതിയ കരാറിലുടെ എല്‍ഐസി ലക്ഷ്യമിടുന്നത്. പതിനേഴ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എല്‍ഐസിയുടെ കരാറിനായി ലേലം വിളിച്ചിരുന്നു. യുപിഐ അല്ലെങ്കില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഒന്നിലധികം പേയ്മെന്റ് സേവനങ്ങളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. ഇതാണ് എല്‍ഐസി തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പേടിഎമ്മിനെ തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹി : ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയില്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇതിലെ ഫോട്ടോ മാറ്റാന്‍ ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കും. ഇതിനായി ആദ്യം ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. പിന്നീട് പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകുക. അവിടെ നിന്ന് ഫോമിലെ വിവരങ്ങള്‍ വെച്ച് ആധാര്‍ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കും. തുടര്‍ന്ന് ചാര്‍ജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആര്‍എന്‍ നമ്പറും നല്‍കും. ഈ യുആര്‍എന്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടു കൂടിയ ആധാര്‍ കാര്‍ഡ് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

whatsapp

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ അവരുടെ പേരിന് അടിയില്‍ ഓണ്‍ലൈന്‍ എന്ന് കാണിക്കും. നിങ്ങളുടെ നമ്പര്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്കും ഇത് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം ഒരു വ്യക്തി ഓഫ് ലൈനാണോ, ഓണ്‍ലൈനാണോ എന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ട്രാക്കറുകള്‍ ഈ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

ട്രെയ്സ്ഡ് സിടിഒ മാറ്റ് ബോഡി ഇത്തരത്തിലുള്ള ചില ട്രാക്കറുകള്‍ ഉപയോഗിക്കുകയും, അതില്‍ നിന്നും ലഭിക്കുന്ന പല വിവരങ്ങളും ആധികാരികമാണെന്ന് പറയുന്നുമുണ്ടെന്നാണ് പറയുന്നത്. ചില ആപ്പുകളിലും സൈറ്റുകളിലും ഏത് നമ്പര്‍ അടിച്ച് നല്‍കിയാലും അതില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഏപ്പോള്‍ ഓണ്‍ലൈന്‍ വന്നു എത്ര സമയം ഓണ്‍ലൈന്‍ ഉണ്ടായിരുന്നു തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നു.

ഇത്തരത്തിലുള്ള സൈറ്റുകളുടെയും, ആപ്പുകളുടെയും പൊതു രീതികള്‍ ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളെ ആപ്പുകളെ പ്രമോട്ട് ചെയ്യാതിരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്.രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഓണ്‍ലൈന്‍ ഉണ്ടായി, അയാള്‍ ആര്‍ക്കാണ് ടെക്സ്റ്റ് ചെയ്യുന്നത് എന്ന് പോലും കണ്ടെത്തും എന്നും അവകാശപ്പെടുന്നു.

ഇത്തരം ചാര, ഒളിഞ്ഞുനോട്ട ആപ്പുകള്‍ ഇത്രയും കര്‍ശ്ശനമായ ഓഡിറ്റുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റും എങ്ങനെ കടന്നു കയറുന്നുവെന്നതിനും ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കുന്നു, കുട്ടികളെ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ എന്ന പേരിലാണ് പല ആപ്പുകളും സ്റ്റോറുകളില്‍ കടന്നുകയറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ഈ ആപ്പുകള്‍ അവകാശപ്പെടും. എന്നാല്‍ ഉപയോഗത്തില്‍ വരുമ്പോള്‍ ആതായിരിക്കില്ല സ്ഥിതി.

ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തരം ചാര സൈറ്റുകള്‍ക്കും, ഒളിഞ്ഞുനോട്ട സൈറ്റുകള്‍ക്കും ഓണ്‍ ലൈനില്‍ നിലനില്‍പ്പ് എളുപ്പമാണ്. ഇത്തരത്തിലുള്ള വെബ് സൈറ്റുകള്‍ ട്രെയ്സ്ഡ് കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ നിരീക്ഷിക്കുന്ന ഇത്തരം ഒരു സൈറ്റ് – ‘വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും, അയാള്‍ ആര്‍ക്ക് എപ്പോള്‍ ഏത് സമയത്ത് സന്ദേശം അയക്കുന്നു ഇവയെല്ലാം നിരീക്ഷിക്കുകയാണ് ഞങ്ങളുടെ സേവനം’ – എന്ന് എഴുതിവച്ചിരിക്കുന്നു.

nurolink

നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം ഇനി ഞൊടിയിടയിൽ നിങ്ങളുടെ കൈകളിൽ എത്തും.
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂറാലിങ്ക് എന്ന അമേരിക്കൻ കമ്പനി ഇക്കാര്യത്തിൽ നിർണായകമായ ചുവടുവയ്പുകൾ നടത്തിക്കഴിഞ്ഞു. ലോകത്തിലെ ശതകോടീശ്വരൻമാരിൽ മുമ്പനും സംരംഭകനുമായ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന കമ്പനിയാണു ന്യൂറാ ലിങ്ക്.

പ്രത്യേകതരം കംപ്യൂട്ടർ ചിപ്പുകൾ തലച്ചോറിനുള്ളിൽ ഘടിപ്പിച്ച ഒരു കുരങ്ങൻ ചിന്തകൾ മാത്രമുപയോഗിച്ചു വിഡിയോ ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ടു കൊണ്ടാണു ന്യൂറാലിങ്ക് കഴിഞ്ഞ ദിവസം, തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ മാത്രമുപയോഗിച്ചു പുറംലോകത്തെ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതി വെളിപ്പെടുത്തിയത്.

ടെലിപ്പതിയിലൂടെ ആ വിഡിയോ ഗെയിം കളിച്ച ‘പേജർ’ എന്ന പേരുള്ള കുരങ്ങന്റെ ഒരു മിനിട്ടോളമുള്ള വിഡിയോ ആണു കമ്പനി പുറത്തുവിട്ടത്. ഈ ഗവേഷണം പൂർണതോതിൽ വിജയകരമായാൽ പക്ഷാഘാത രോഗികൾ, അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ ബാധിതർ തുടങ്ങിയവരുടെയൊക്കെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വരാൻ പോകുന്നത്. തളർന്നു കിടക്കുന്ന രോഗികൾക്കു പരസഹായമില്ലാതെ യന്ത്രങ്ങൾ ചലിപ്പിക്കാനും വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനും ആവശ്യമായ നിർദേശങ്ങൾ ചിന്തകളിലൂടെ നൽകാൻ കഴിയും.

തിരുവനന്തപുരം: മൊബൈലിലൂടെയും ലാപ്‌ടോപ്പിലൂടെയും ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രൗസറുകള്‍ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പാസ് വേഡുകള്‍ അഥവാ ക്രെഡന്‍ഷ്യലുകള്‍ എവിടെയും സേവ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാത്രമല്ല, ഫോണ്‍ നഷ്ടപ്പെടുകയോ ലാപ്‌ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട് അത് മറ്റൊരാളുടെ കൈയില്‍ എത്തിപ്പെട്ടാല്‍ അവര്‍ക്ക് അക്കൗണ്ടില്‍ നിന്ന് പാസ് വേഡ് കണ്ടെത്താന്‍ കഴിയും. അത് ദുരുപയോഗം ചെയ്യാനും കഴിയും.ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക.

ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ് വേര്‍ഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ടെക്‌നോളജീസിനെതിരെ ട്രായും രംഗത്ത് വന്നതോടെ അവരുടെ ബീറ്റാ വെര്‍ഷന്‍ വില്‍ക്കാനുള്ള ശ്രമമാണ് തടസ്സപ്പെട്ടത്. ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഹ്യൂസ്, മൈക്രോ സോഫ്റ്റ് എന്നി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡസ്ട്രി ബോഡി പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരമാണ് ട്രായി നടപടി സ്വീകരിച്ചത്. ഭാരതി ഗ്രൂപ്പ്, യു കെ സര്‍ക്കാരിന്റെ ഒണ്‍വെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പര്‍ തുടങ്ങിയ പദ്ധതികളുമായി മത്സരിച്ചാണ് സ്‌പേസ് എക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത്. 7000 രൂപ നിരക്കില് ബീറ്റ വെര്‍ഷന്‍ വില്‍ക്കാനാണ് സ്റ്റാര്‍ലിങ്ക് ശ്രമിച്ചത്. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യുന്ന വിധത്തിലാണ്. 2022 യോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടത്.