രാജ്യത്ത് കൊറോണവൈറസ് ഭീതിക്കിടയിലും ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപന ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ കോവിഡ്-19 അണുബാധയുടെ രണ്ടാം തരംഗം ലോകത്തെ രണ്ടാം നമ്പർ സ്മാർട് ഫോൺ വിപണിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഫോൺ വില്‍പനയിൽ 26 ശതമാനം വിപണി വിഹിതവുമായി ചൈനീസ് ബ്രാൻഡ് ഷഓമി തന്നെയാണ് മുന്നിൽ. ദക്ഷിണ കൊറിയയുടെ സാംസങ് ആണ് തൊട്ടുപിന്നിലെന്നും കൗണ്ടർപോയിന്റ് അറിയിച്ചു.
മൊത്തത്തിൽ, ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയുടെ 75 ശതമാനവും സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ വിപണിയായ ആപ്പിൾ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റുവെന്നും കൗണ്ടർപോയിന്റ് കൂട്ടിച്ചേർത്തു.2021 ന്റെ ആദ്യ പാദത്തിൽ ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിലെ വിൽപന മൂന്നിരട്ടിയാക്കി. പ്രീമിയം സ്മാർട് ഫോൺ വിഭാഗത്തിൽ മുന്നിലെത്തുകയും ചെയ്തു.
ഐഫോൺ 11 ന് ആവശ്യക്കാർ കൂടിയതും ഐഫോൺ എസ്ഇയുടെ ഇളവുകളുമാണ് ഇതിന് കാരണം. 2020 ൽ മഹാമാരി പ്രതിസന്ധികളെ നേരിടാൻ ഇന്ത്യക്കാർ കൂടുതൽ സ്മാർട് ഫോണുകൾ വാങ്ങി. ഫോൺ വിൽപന പ്രതിവർഷം 23 ശതമാനം വർധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തിയെന്നും വിപണിയിൽ ഗവേഷണം നടത്തുന്ന കമ്പനിയായ കൗണ്ടർപോയിന്റ് പറഞ്ഞു. എന്നാൽ, നിലവിലുള്ള കോവിഡ് -19 തരംഗവും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം വിൽപന കുറയാൻ സാധ്യതയുണ്ടെന്നും കൗണ്ടർപോയിന്റ് അനലിസ്റ്റ് പ്രാചിർ സിങ് പറഞ്ഞു.