തപാല്‍ വകുപ്പിന്റെ പുതിയ ആപ്പ് : പോസ്റ്റ് ഇന്‍ഫോ പുറത്തിറക്കി

കൊച്ചി: പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കുമായി പോസ്റ്റ് ഇന്‍ഫോ എന്നപേരില്‍ തപാല്‍ വകുപ്പ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇതുവഴി പോസ്റ്റ് ഓഫീസ് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കാനും നിക്ഷേപ വരുമാനം പരിശോധിക്കാനും സാധിക്കും. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തിരയുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. തപാല്‍ വകുപ്പിന്റെ കീഴിലുള്ള തപാല്‍ ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പില്‍ നിന്ന് നേരിട്ട് മെയില്‍ ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും റിപ്പോര്‍ട്ട് ചെയ്ത പരാതികള്‍ നിരീക്ഷിക്കാനുമാകും. പോസ്റ്റ് ഓഫീസ് പ്ലാനുകളായ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ), പിഎല്‍ഐ പോളിസികള്‍ എന്നിവയുടെ പ്രീമിയം കണക്കാക്കാനുള്ള ഓപ്ഷനുകളും ആപ്പിലുണ്ട്. നിക്ഷേപങ്ങളുടെ വരുമാനം നിര്‍ണ്ണയിക്കാന്‍ ആപ്പിലെ പലിശ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം. നിലവിലെ വിഹിതത്തെക്കുറിച്ചും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിമാസം എത്ര സമയം ചെലവഴിക്കണമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കും.