ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു;മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെയ്ക്കും കൊവിഡ്
ഐപിഎലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ, ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡേ സ്റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്റ്റാഫുകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറക്ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാന്മാർ, വിഡിയോ എഡിറ്റർമാർ എന്നിവർ കൊവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.