Recent Posts (Page 3,478)

m sivasanker

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരത്തെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് മുന്‍ ഐടി സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ കസ്റ്റംസ് 9 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ശിവശങ്കറിനെ വീട്ടില്‍ എത്തി നോട്ടീസ് നല്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ എന്‍ഐഎ കസ്റ്റഡി നാളെ അവസാനിക്കും.

ഇനി വരുന്ന 28 ദിവസങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ട് ദിവസങ്ങളെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളിതുമ്മാരുകുടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു.എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ നിങ്ങൾ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളിൽ കണ്ടുമുട്ടുന്നോ നിങ്ങൾ അത്രയും കൂടുതൽ സുരക്ഷിതരാണെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളിതുമ്മാരുകുടി പറയുന്നു.

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ.

കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്ന് പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ.

ഇന്നിപ്പോൾ കേരളത്തിൽ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്.

ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

91 പേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവരാരും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല എന്നതിൽ നമുക്ക് അത്ഭുതം തോന്നേണ്ടതല്ലേ?

ഇതാണ് “പുഴുങ്ങുന്ന മാക്രി” (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിൽ എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിലിട്ടിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെത്തന്നെയിരിക്കും. കാരണം പതുക്കെപ്പതുക്കെ ചൂട് കൂടിവരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കുന്നതോടെ തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

കേരളത്തിൽ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്നതു പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നന്പർ കാണുന്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണെന്ന് കാണുന്നതോടെ എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു.

ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിനേക്കാൾ മുൻപ് പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധിയുണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (14 ന് 3000 വും 21 ന് 6000 വും കടന്നു). ഡൽഹിയിലും ചെന്നെയിലുമൊക്കെ ആയിരം കടന്ന് പല ആയിരങ്ങളിലേക്ക് പോയി.

അവിടങ്ങളിൽ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്. അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് സാധ്യമായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും അടങ്ങിയ കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ല. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണയിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻറെ കണക്കുകൂട്ടൽ.

നമ്മുടെ വ്യക്തി സുരക്ഷക്ക് സർക്കാരിന്റെ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നതെല്ലാം നമ്മൾ തീർച്ചയായും അനുസരിക്കണം. അതിലും കൂടുതൽ സ്വയം ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഇപ്പോൾ നമുക്ക് ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക. വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദർശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൌണിൽ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങൾ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓർമ്മിക്കുക.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്ന് നമ്മൾ കരുതിയെങ്കിലും അതുണ്ടാകാത്തതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാന്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

ഒപ്പം മാനസികമായ വെല്ലുവിളികളും വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്. നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശരായത് കൊണ്ടോ പ്രയോജനമില്ല. നമ്മുടെ ചുറ്റുമുള്ളവരോട് പെരുമാറുന്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. എല്ലാവരുടെയും സംസാരം പൊതുവെ നെഗറ്റീവ് ആകുന്നതിനാൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. അതത്ര എളുപ്പമല്ലാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.

നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോട് പറയാനുള്ള അവസരമുണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാന്പത്തിക പരാധീനതകളുണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ജീവിതമാണെന്ന് തോന്നുമെങ്കിലും പിന്നീട് പ്രശ്നം വല്ലാതെ വഷളാകുന്പോൾ ജീവനാണ് പ്രധാനമെന്ന് മനസ്സിലാകും. അത് തിരിച്ചു കിട്ടി എന്ന് തോന്നുന്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനമെടുക്കുന്നത്. അത് അപ്പാടെ അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും വിശ്രമിക്കാനുള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്ന് ഞാൻ പലതവണ എഴുതിയിരുന്നു. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്ന നിങ്ങൾക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല, കാര്യങ്ങൾ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യമനുസരിച്ച് ചിന്തിച്ച് തീരുമാനിക്കുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

വ്യോമസേനയോട് ശ്രീ രാജ്‌നാഥ് സിംഗ് .

വ്യോമസേനാ കമാൻണ്ടർമാരുടെ യോഗം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യോമസേനാ ആസ്‌ഥാനമായ വായു ഭവനിൽ ഉദ്ഘാടനം ചെയ്തു. രാജ്യരക്ഷാ മന്ത്രിയെയും മറ്റ് മുതിർന്ന രാജ്യരക്ഷാ മന്ത്രാലയം ഉദ്യോഗസ്ഥരെയും ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ‌. കെ‌. എസ്. ബദൗരിയ സ്വാഗതം ചെയ്തു. ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവും കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യം നേരിടുന്നതിനായി നടത്തിയ ചടുലമായ വ്യോമ സേനാ വിന്യാസവും എതിരാളികൾക്ക് ശക്തമായ സന്ദേശം നൽകിയതായി രാജ്യരക്ഷാ മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.കോവിഡ് -19 മഹാമാരി നേരിടുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് വ്യോമസേന നൽകുന്ന മികച്ച സംഭാവനകളാണെന്നും ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് വ്യോമസേനയോട് ശ്രീ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

kifb

കിഫ്ബിയുടെ കെ-ഫോൺ പദ്ധതിക്ക് വേണ്ടി വായ്പ സഹായവുമായി കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡ്.1061 കോടി രൂപയുടെ വായ്പക്കായുള്ള അനുമതി പത്രം
കിഫ്ബിക്ക് ഇന്നലെ കൈമാറി. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയാണ് ഇതെന്ന് കിഫ്ബി വ്യക്തമാക്കി. 30000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ് വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) ൽ ഉൾപ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചിലവ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കിഫ്ബി വ്യക്തമാക്കി.

കീം പരീക്ഷ നടത്തിപ്പില്‍

കേരളാ എൻട്രൻസ് പരീക്ഷ നടത്തിപ്പില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സംസ്ഥാനത്ത് 88500 കുട്ടികളാണ് പരീക്ഷ എഴുതിയത്.അതിൽ തിരുവനന്തപുരം ജില്ലയിലെ മാത്രം 38 സെന്‍ററുകളില്‍ ഒരു സെന്‍ററിലാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടുന്നത് എന്ന്മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇന്ന് രോഗബാധയുണ്ടായവര്‍ പരീക്ഷ എഴുതിയത് അവിടെയല്ല. അവര്‍ മറ്റ് സെന്‍ററുകളിലാണ് പരീക്ഷ എഴുതിയത്. കരമനയിലെ സെന്‍ററില്‍ പരീക്ഷ എഴുതിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷ എഴുതിയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല.തൈക്കാട് പരീക്ഷ എഴുതിയ കുട്ടികള്‍ക്കൊപ്പം ഉള്ള കുട്ടികളെ നിരീക്ഷണത്തിലാക്കുംഎന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടണ്‍ഹില്ലില്‍ പരീക്ഷ എഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്നും കേരളം കാട്ടിയതു പോലുള്ള ജാഗ്രത ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രം ഉണ്ടായിട്ടുള്ളൂ എന്നും ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓണത്തിനു ശേഷം
രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ ഓരോ ജില്ലയിലും വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. സെപ്തംബറിലും സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും. എന്നാല്‍ നിലവില്‍ അത്തരമൊരു ആലോചന പരിഗണിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് പിന്നെയും വൈകും.

faisal

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കു പുറമേ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയാതായി സൂചന. ജ്വല്ലറി മേഖലയിൽ മാത്രമല്ല മലയാളസിനിമയിലെ ചില പ്രമുഖരുമായും ഫൈസൽ ബന്ധം പുലർത്തിയിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ന്യൂ ജനറേഷൻ സംവിധായകന്റെ ചിത്രത്തിലേക്കു വേണ്ടിയാണ് ഫൈസൽ അരുൺ ബാലചന്ദ്രന് പണം നൽകിയത്. അടുത്ത കാലത്ത് ഇറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയടക്കം നാല് സിനിമകൾക്ക് ഫൈസൽ ഫരീദ് ഹവാല പണമിറക്കിയെന്നും സൂചനയുണ്ട്. അതിനുപുറമെ ഫൈസലുൾപ്പെട്ട കള്ളക്കടത്ത് റാക്കറ്റാണ് ചില മലയാള സിനിമകളിൽ പണമിറക്കുന്നതെന്നും ഇതെല്ലാം ഹവാല പണമായിരുന്നു എന്നുമാണ് റിപ്പോർട്ട്. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് നീങ്ങും. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ എൻഐഎ ആവശ്യപ്പെട്ടാൽ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

മൂന്നാംപ്രതി ഫൈസൽ

കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ.
മൂന്നുദിവസം മുൻപാണ് ഫൈസലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് പുറത്തു വരുന്ന വിവരം. കള്ളക്കടത്തിലുള്ള പങ്കാളിത്തം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം ഉൾപ്പെടെ ഗുരുതര കുറ്റങ്ങളാണ് ഫൈസലിനെ തിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യ ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പടുത്തുകയും, ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി ഫൈസൽ ഫരീദിനെ
ക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐ.എ. സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു.

faisal

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.

സ്വർണ്ണക്കടത്തിന്റെ ഫൈസൽ പ്രധാനകണ്ണിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അതിനെതിരെ കേസ് നൽകുമെന്നും ഫൈസൽ ആരോപണവുമായി രംഗത്തുവന്നു. അതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്.

കുഴൽപ്പണം സംഘമോ

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ പണം എത്തിയ സംഭവത്തിൽ ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ്. ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന്‍ കേച്ചേരി എന്നയാളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആവശ്യമായിരുന്ന വർഷയുടെ അമ്മയുടെ ശസത്രക്രിയയ്ക്ക് ഒറ്റ ദിവസമായപ്പോഴേക്കും അക്കൗണ്ടില്‍ എത്തിയത് 65 ലക്ഷം രൂപ. ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിട്ടും തൊട്ടടുത്ത ദിവസം ഒരു കോടിക്കുമേല്‍ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതില്‍ 60 ലക്ഷം വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയില്‍ നിന്നും ഒറ്റത്തവണയായി നിക്ഷേപിച്ചതാണ്. അതോടെ അക്കൗണ്ട് ജോയിന്റാക്കണം എന്നും ചികിത്സ കഴിഞ്ഞ് ബാക്കി തുക മറ്റാളുകളുടെ ചികിത്സയ്ക്കായി എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാജന്‍ കേച്ചേരി എത്തുകയും എന്നാൽ ആ ആവശ്യം വര്‍ഷ അംഗീകരിച്ചില്ല. സഹായിക്കാനെത്തിയവരുടെ മുഖം മാറി ഭീഷണിയുടെ സ്വരമായപ്പോള്‍ വർഷ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശമനുസരിച്ച് ഡിസിപിക്ക് പരാതി നൽകിയത്. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് അസ്വാഭാവിക സംഭവമെന്ന് ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് പറഞ്ഞു. ചാരിറ്റിയുടെ മറവിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി വ്യക്തമാക്കി.