Recent Posts (Page 3,476)

heavy rain

തിരുവനന്തപുരം : കോവിഡ് വ്യാപന ആശങ്ക കൂട്ടി സംസ്ഥാനത്ത് കനത്ത മഴ. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 3000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയെന്നത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കനത്ത മഴയെത്തിയത്. ഇന്ന് തെക്കന്‍ ജില്ലകളിലാണ് മഴ പെയ്തത്. നാളെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ് . വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍, 60 വയസില്‍ കുടുതലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പ് എന്നിങ്ങനെ നാല് രീതിയിലുള്ള സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ക്കും ദുരിതാശ്വാസക്യാമ്പുകള്‍ക്കും സ്ഥലം കണ്ടെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചൈന പിന്‍വാങ്ങുന്നു

ബീജിങ്: ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയതായി ചൈന. ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും പിന്‍വാങ്ങല്‍. തങ്ങള്‍ പിന്മാറിയെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചാം വട്ട ചര്‍ച്ചയ്ക്കായി ഒരുങ്ങുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍, പിന്‍വാങ്ങുകയാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടയിലും ലഡാക്ക് മേഖലയില്‍ നിലവില്‍ 50ഓളം ചൈനീസ് സൈനിക ക്യാംപുകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ലഡാക്കില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലും, മരണവും നടക്കുന്നത്. 20 ഇന്ത്യന്‍ സൈനികരെ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടപ്പോള്‍ ചൈനയ്ക്കുണ്ടായ നഷ്ടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വെല്ലുവിളികളെ മറികടന്ന്‌ ചരക്കുനീക്കത്തിൽ റെയിൽ‌വേ

ന്യൂഡൽഹി : കോവിഡ്‌ 19 വെല്ലുവിളികളെ മറികടന്ന്‌ ഇന്ത്യൻ റെയിൽ‌വേ ചരക്ക് ഗതാഗത നീക്കത്തിൽ സുപ്രധാന നാഴികക്കല്ല് കടന്നു. 2020 ജൂലൈ 27 ന് ചരക്ക് കടത്ത്‌ 3.13 മെട്രിക് ടൺ ആയി. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതലാണ്. 2020 ജൂലൈ 27 ന് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 46.16 കിലോമീറ്റർ ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (22.52 കിലോമീറ്റർ). ജൂലൈ മാസത്തിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45.03 കിലോമീറ്റർ ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (23.22 കിലോമീറ്റർ). ശരാശരി 54.23 കിലോമീറ്റർ വേഗതയുള്ള വെസ്റ്റ് സെൻട്രൽ റെയിൽ‌വേ, 51 കിലോമീറ്റർ വേഗതയുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽ‌വേ, ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 50.24 കിലോമീറ്റർ‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 41.78 കിലോമീറ്റർ‌, സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 42.83 കിലോമീറ്റർ‌, തെക്ക് കിഴക്കൻ റെയിൽ‌വേ 43.24 കിലോമീറ്റർ എന്നിങ്ങനെയാണ്‌. ‌ ചരക്ക് ട്രെയിനിന്റെ ശരാശരി വേഗതയായ 44.4 കിലോമീറ്റർ വേഗതയാണ് ഈ മുൻ‌നിര റെയിൽ‌വേ മേഖലകൾക്ക്‌. 2020 ജൂലൈ 27 ന് ആകെ ചരക്ക് കയറ്റിയത്‌ 3.13 ദശലക്ഷം ടണ്ണായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

shivasanker

കൊച്ചി : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ രണ്ടാംദിവസം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.30 ന്. എന്നാല്‍, ശിവശങ്കറിന് നേരെയുള്ള സംശയമുന അവസാനിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിവസം ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അന്ന് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ശിവശങ്കറിന്റേയും മറ്റ് പ്രതികളുടേയും മൊഴികള്‍ ഒത്ത് നോക്കിയ ശേഷമാണ് ചൊവ്വാഴ്ച ചോദ്യം ചെയ്തത്. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി നടത്തിയ ഫോണ്‍കോളുകളുടെ തെളിവുകള്‍ എന്‍.ഐ.എ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ട്.

ചൈന മറച്ചുവച്ചതായി ഡോക്ടറുടെ

ബീജിംഗ് : കോവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയില്‍ വൈറസ് സംബന്ധിച്ച പ്രാഥമിക തെളിവുകള്‍ മറച്ചുവെച്ചുവെന്ന് ചൈനീസ് ഡോക്ടര്‍. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിലെ മാര്‍ക്കറ്റില്‍ അന്വേഷണത്തിനായി എത്തിയപ്പോള്‍ തന്നെ അവിടെ ശുദ്ധമാക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം നാലോളം രാജ്യങ്ങളോട് കൂടെ നിന്നാല്‍ കോവിഡ് വാക്‌സിന്‍ തരാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. മാത്രമല്ല, കൊറോണ വൈറസ് വാക്‌സിന്‍ ലോകത്ത് ആദ്യം പുറത്തിറക്കി വിപണി പിടിച്ചെടുക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്. വുഹാനിലെ കോവിഡ് -19 നെ കുറിച്ച് അന്വേഷിക്കാന്‍ സഹായിച്ച ഹോങ്കോങ്ങിലെ മൈക്രോബയോളജിസ്റ്റ്, ഫിസിഷ്യന്‍, സര്‍ജന്‍ പ്രൊഫസര്‍ ക്വോക്ക്-യുംഗ് യുവാന്‍ ആണ് ഹുവാനന്‍ വന്യജീവി വിപണിയിലെ തെളിവുകള്‍ നശിപ്പിച്ചതായും ക്ലിനിക്കല്‍ കണ്ടെത്തലുകളോടുള്ള പ്രതികരണം ചൈനീസ് അധികൃതര്‍ മന്ദഗതിയിലാക്കിയതെന്നും വെളിപ്പെടുത്തിയത്.വുഹാനില്‍ എന്തൊക്കെയോ മറച്ച് വച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ഉടന്‍ അറിയിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥര്‍ അത് വേഗത്തില്‍ ചെയ്യാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് കണക്കുകള്‍ പ്രകാരം ചൈനയില്‍ 86,570 കോവിഡ് -19 കേസുകളും 4,652 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍. ഈ രോഗത്തിന്റെ തീവ്രത ചൈന വെളിപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു.
മാരകമായ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ച ഡോ. ലി വെന്‍ലിയാങിനെയും വുഹാനിലെ മറ്റ് വിസില്‍ ബ്ലോവര്‍മാരെയും ശാസിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ലി, രോഗം പിടിപെട്ട് ഫെബ്രുവരിയില്‍ മരിക്കുകയും ചെയ്തിരുന്നു.

parunthimpara

കോട്ടയം : പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യേറിയവര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. പീരുമേട് വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇതിലൊരാള്‍ രണ്ടുമാസം മുമ്പ് വിരമിച്ചിരുന്നു. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തു. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പനയും നടത്തി. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കിയപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്.
മൂന്നാറില്‍ 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കി വ്യാജ പട്ടയ രേഖ ഉണ്ടാക്കിയ അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.

kadakampally surendran

തിരുവനന്തപുരം : കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാതലത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് സാഹചര്യം വിലയിരുത്തിയത്. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ജില്ലയിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. നിയന്ത്രണങ്ങള്‍ക്കിടയില്‍ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയുണ്ടാകില്ലെന്നും, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രണവിധേയമായി ഇളവുകള്‍ നല്‍കാനാണ് ആലോചന. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള പ്രദേശങ്ങളിലും നിയന്ത്രണഇളവുകള്‍ ഉണ്ടാകില്ലെന്നും അവലോകനയോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

വന്‍ വീഴ്ച

തിരുവനന്തപുരം ; മൂക്കിന് കീഴെ നടന്ന സ്വര്‍ണകടത്തിനെ കുറിച്ച് ഒന്നും അറിയാതെ സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം. യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ആഭ്യന്ത്ര സെക്രട്ടറി ചെയര്‍മാനും ഇന്റലിജന്‍സ് എഡിജിപി കണ്‍വീനറുമായുള്ളതാണു കമ്മിറ്റി. എന്നിട്ടും എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നത് വരെ ജയഘോഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. സ്വര്‍ണകടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ജയഘോഷ് വിമാനത്താവളങ്ങളിലെ ബന്ധങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, പൊലീസുകാര്‍ക്കിടയില്‍ തന്നെ ഡിജിപിയേക്കാള്‍ അധികാരത്തോടെ പൊലീസിന്റെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുവെന്ന കഥകളുണ്ടായിട്ടും , എട്ട് വര്‍ഷത്തോളം വിമാനത്താവള ഡ്യൂട്ടിയില്‍ തന്നെ തുടര്‍ന്നിട്ടും ഇന്റലിജന്‍സ് ശ്രദ്ധ ആ വഴിക്ക് പോയതുമില്ല. ഇതില്‍ നിന്ന് തന്നെ വിമാനത്താവളങ്ങളില്‍ ഇന്റലിജന്‍സിന് വലിയ വീഴ്ചയാണുണ്ടായതെന്ന് വിലയിരുത്താന്‍ സാധിക്കും.
സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 83 നിരീക്ഷണ ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടി ഇന്നാരംഭിക്കും. പത്ത് ദിവസമെങ്കിലും കൊണ്ട് മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കു. 019 ജൂലൈ 1 മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സമയം പറയാത്തതിനാല്‍ എല്ലാ ദിവസത്തെയും 24 മണിക്കൂര്‍ ദൃശ്യങ്ങളും വേണ്ടിവരും.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും ഓഫിസില്‍ വന്നുപോയ ദൃശ്യങ്ങളാണ് എന്‍ഐഎ തിരയുന്നത്. സെക്രട്ടേറിയറ്റിനു പുറമേ കെടിഡിസി നിയന്ത്രണത്തിലുള്ള മാസ്‌കറ്റ് ഹോട്ടലിലെ ദൃശ്യങ്ങളും പരിശോധിക്കും.

വന്‍സൈനിക സന്നാഹവുമായി ഇന്ത്യ

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്‌സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ചൈനീസ് സൈന്യം ചില പട്രോളിങ് പോയിന്റുകളില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്ന് കവചിത വാഹനങ്ങളും എം777 155എംഎം ഹെവിറ്റ്‌സറുകളും 130എംഎം തോക്കുകളും ഇവിടെ എത്തിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ നടപടി. 1963 ല്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയ ഷക്‌സ്ഗം താഴ്‌വരയില്‍ ചൈന മുപ്പത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ച് കഴിഞ്ഞു. ജി-219 ഹൈവേയില്‍ നിന്ന് ഷക്‌സ്ഗം റോഡ് വഴി കാരക്കോറം പാസിലേക്ക് പുതിയ പാത ചൈന നിര്‍മിക്കുമോയെന്ന ആശങ്ക ഇന്ത്യക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചുവെങ്കിലും ചൈനയുടെ നടപടിയെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. മാത്രമല്ല, ഡിബിഒയില്‍ ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ നവീകരിക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് പെട്ടെന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ചെറുക്കാനാണ് ടി-90 ടാങ്കുകള് എത്തിച്ചിരിക്കുന്നത്.

15 ലക്ഷം രൂപ പരസ്യവരുമാനം

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും വഴി ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ പരിപാടി ആദ്യ ഒന്നരമാസത്തിനിടയില്‍ ആയിരം ക്ലാസുകള്‍ സംപ്രേഷണം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് കാഴ്ചകള്‍ പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്ച്ചക്കാരുണ്ട്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപീകൃതമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു.