Recent Posts (Page 3,475)

flights

കുവൈത്ത് : ഇന്ത്യ, ഇറാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യക്കാര്‍ക്ക് താത്കാലികമായി യാത്രനിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്. വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം. എന്നാല്‍ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴിച്ച് മറ്റു വിദേശികള്‍ക്കും സ്വദേശികള്‍ക്കും കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നിരോധനം മാറ്റുമ്പോള്‍ കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ പിസിആര്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങണ്ട ഇന്ത്യയിലെ കേന്ദ്രങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തീയതിയില്‍നിന്ന് 96 മണിക്കൂറില്‍ (4 ദിവസം) കൂടുതല്‍ സമയപരിധി അനുവദിക്കില്ല. സര്‍ട്ടിഫിക്കറ്റ് ഇംഗ്ലിഷിലുമായിരിക്കണം.

മണല്‍കടത്ത് അഴിമതി അന്വേഷിക്കണം

തിരുവനന്തപുരം : വിജിലന്‍സിന് വീണ്ടും കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോ ആപ്, മണല്‍കടത്ത് എന്നിവയുമായിബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍ കോഡ് എന്ന സ്വകാര്യ കമ്പനിയെ ഏര്‍പ്പെടുത്തിയതും, പമ്പ-ത്രിവേണിയില്‍ നിന്നുള്ള മണല്‍ നീക്കം സ്വകാര്യ കമ്പനികളെ ഏര്‍പ്പെടുത്തിയതും സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 28, ജൂണ്‍ ആറ് തീയതികളിലാണ് പ്രതിപക്ഷ നേതാവ് പരാതി നല്കിയത്. എന്നാല്‍ വിജിലന്‍സ് നടപടി സ്വീകരിക്കാത്തതിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടി എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച പുതിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

life mission

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു.

ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.

ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്തംബർ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.

മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്.ഇതു കൂടാതെയാണ് വിട്ടുപോയ അർഹരായവരെ കണ്ടെത്താൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.

income tax

തിരുവന്തപുരം : ആദായനികുതിയില്‍ വീഴ്ച വരുത്തിയാല്‍ ഏഴ് വര്‍ഷം തടവും പിഴയും. കൃത്യസമയത്ത് നികുതി അടയ്ക്കാതിരിക്കുകയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. നികുതിയൊടുക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുക. ഒഴിവാക്കാന്‍ ശ്രമിച്ച തുക 25 ലക്ഷത്തിലേറെയാണെങ്കില്‍ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതല്‍ കൂടിയത് ഏഴുവര്‍ഷം വരെയാണ് തടവ്. 25 ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ് തടവ്. പിഴയും നല്‍കണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ അധിക തടവും അനുഭവിക്കേണ്ടി വരും.

ഭീമ കൊറേഗാവ് കേസ്

ന്യൂഡല്‍ഹി : ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി. ഡല്‍ഹി സര്‍വകലാശാല അധ്യാപകനാ ഹാനിയെ തെളിവെടുപ്പിന് വിളിച്ചു കൊണ്ടു പോയി എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ദില്ലി സര്‍വ്വകലാശാല മലയാളി അദ്ധ്യാപകൻ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിരോധിച്ച രേഖകളോ പുസ്തകങ്ങളോ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പിടിച്ചിട്ടില്ലെന്നും ജെന്നി പറഞ്ഞു. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഹാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഹാനി അടക്കം മൂന്ന് പേര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. 2019 സെപ്റ്റംബറില്‍ പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു.

kerala police

തിരുവനന്തപുരം : വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള പോലീസ് നിരീക്ഷിക്കുന്നു. കോവിഡ് 19 രോഗത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ എല്ലാ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ക്രൈം എന്‍ക്വയറി സെല്ലും സൈബര്‍ഡോമും ഇതിന് വേണ്ടി പ്രവര്‍ത്തിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് നടപടിയെടുക്കും. കോവിഡിനെതിരെയുള്ള ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയവ നടപ്പിലാക്കുന്നതിന് പൊലീസിന് ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബക്രീദ് ദിനത്തില്‍ മുസ്‌ളിം പള്ളികളില്‍ 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്ഥലപരിമിതി അനുസരിച്ച് എണ്ണത്തില്‍ കുറവ് വരുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈന ഒറ്റപ്പെടുന്നു

ബര്‍ലിന്‍ : ചൈനയുടെ നടപടികളിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് ജര്‍മ്മനി ഹോങ്കോംഗിന് നല്‍കി വരുന്ന എല്ലാ ആയുധകയറ്റുമതിയും അവസാനിപ്പിച്ചു. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെയാണ് ജര്‍മ്മനിയുടെ നടപടി. ആയുധ കയറ്റുമതിക്കൊപ്പം മറ്റ് ചരക്കുകൈമാറ്റവും വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് അറിയിച്ചു. ചൈനയുടെ ആധിപത്യത്തിനെതിരെ യൂറോപ്പ് ഒറ്റ സ്വരത്തില്‍ പ്രതികരിക്കേണ്ട സമയമാണിതെന്നും ചൈനയെപ്പോലെയുള്ള ഒരു ശക്തിക്കെതിരെ അത്തരം സമീപനം മാത്രമാണ് ഇനി സ്വീകരിക്കാന്‍ സാധിക്കൂവെന്നും വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് പറഞ്ഞൂ. ജര്‍മ്മനിയെ സംബന്ധിച്ച് ഞങ്ങള്‍ ആദ്യ ചുവടുവച്ചു കഴിഞ്ഞു. മാത്രമല്ല ആയുധങ്ങള്‍ ഹോങ്കോഗിനെത്തിയാല്‍ അത് ചൈനയ്ക്ക് ലഭിക്കുന്നതിന് തുല്യമാണ്. ഒപ്പം വിവിധ സാങ്കേതിക ഉപകരണങ്ങളും ഇനി അയക്കുന്നില്ലെന്നും മാസ്സ് അറിയിച്ചു.

miyami

മയാമി : അമേരിക്കയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിനിയായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യുവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയിലാണ് കണ്ടെത്തിയത്. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായ മെറിനും ഭര്‍ത്താവ് ഫിലിപും തമ്മില്‍ നാട്ടില്‍ വച്ച് വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂടാതെ ഫിലിപ് അമേരിക്കയിലേക്ക് മടങ്ങി. പിന്നാലെ മെറിനും കുഞ്ഞിനെ നാട്ടിലെ മാതാപിതാക്കളുടെ അടുത്താക്കി അമേരിക്കയിലേക്ക് പോയി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഫിലിപ്പ് കുത്തുകയും കാര്‍ ഇടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മെറിന്‍ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

al quaida

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പു നല്‍കി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. ലക്ഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകളാണ് ആക്രമണപദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അട്ടിമറി നടക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.