Recent Posts (Page 1,207)

തിരുവനന്തപുരം: രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ‘കുട്ടികളുടെ പോഷകാഹാര സംരക്ഷണം – വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൂചികകളിൽ മുന്നിട്ടുനിൽക്കുമ്പോഴും കുട്ടികളിലെ പോഷകാഹാര ലഭ്യത അടക്കമുള്ള കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നന്നായി ഭക്ഷണം കഴിക്കുന്നുവെന്നതുകൊണ്ടു മതിയായ പോഷണം ലഭിക്കണമെന്നില്ല. ഭക്ഷണരീതികൾ മാറിയ സാഹചര്യത്തിൽ കുട്ടികളടക്കമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണ രീതി പിന്തുടരണം. കുട്ടികൾക്ക് പോഷണം ലഭിക്കുന്ന ആഹാരരീതി ഉറപ്പാക്കണം. അതിന്റെ ഭാഗമായാണു ശിശു സൗഹൃദ കേരളം സൃഷ്ടിക്കുകയെന്ന സുപ്രധാന ലക്ഷ്യത്തോടെ അംഗൻവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്താനായി പോഷക ബാല്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ അംഗൻവാടികളിൽ മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്നുണ്ട്. ഇതിന് സംസ്ഥാന ബജറ്റിൽ 61 കോടി രൂപയാണു വകയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾ മികച്ച വിദ്യാഭ്യാസവും ആരോഗ്യമുള്ളവരുമായി വളർന്നാൽ മാത്രമേ നാടിനെ പുരോഗമനോന്മുഖമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. മികച്ച ആരോഗ്യമുള്ള ഒരു തലമുറയെവാർത്തെടുക്കുന്നതിന് ഭക്ഷ്യ ഭദ്രത വലിയ പങ്കാണ് വഹിക്കുന്നത് ലോകത്താകെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യലഭ്യത തുടങ്ങിയ മേഖലകളിൽ കാര്യമായി ഇടപെട്ടും തൊഴിൽ ചെയ്യുന്നതിനുള്ള സുരക്ഷിത അവസരങ്ങൾ ഒരുക്കിയുമൊക്കെയാണ് ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് നമ്മൾ എത്തിച്ചേരുന്നത്. പട്ടിണി ഇല്ലാതാക്കണമെങ്കിൽ ഭക്ഷണവും ലഭ്യമാകണം. അതുകൊണ്ടുതന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ആളോഹരി അളവ് വർധിച്ചതുകൊണ്ട് മാത്രം ഭക്ഷ്യ ഭദ്രത കൈവരിക്കാൻ കഴിയില്ല. ആളോഹരി ഉണ്ടാകുന്ന വർധനവ് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്തമാകുകയും ലഭ്യമാകുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ കൂടി കഴിയണം. ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും അസമത്വങ്ങൾ ഇല്ലാതെ വിതരണം ചെയ്തുകൊണ്ട് മാത്രമേ ഭക്ഷ്യ ഭദ്രത ശരിയായ അർഥത്തിൽ ഉറപ്പുവരുത്താൻ കഴിയുള്ളു. പോഷകാഹാര പ്രാധാന്യം ലോകത്തിനാകെ വ്യക്തമാക്കി കൊടുത്ത ഘട്ടമാണ് കോവിഡ് മഹാമാരി. പോഷകാഹാരത്തിന്റെയും സമീകൃത ആഹാരത്തിന്റെയും ലഭ്യത നമ്മുടെ രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് കോവിഡിനെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച വഴിയൊന്നും ലോകാരോഗ്യ സംഘടന ഈ കാലഘട്ടത്തിൽ വ്യക്തമാക്കി.

അംഗൻവാടികളിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിവിധ സേവനങ്ങൾ നൽകി വരികയാണ്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികസനത്തിന് ഊന്നൽ നൽകിയുള്ള സേവനങ്ങളാണ് അംഗൻവാടി കേന്ദ്രങ്ങൾ വഴി പ്രധാനമായും നൽകുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് അനുപൂരക പോഷകാഹാരം. ഈ പദ്ധതി പ്രകാരം ആറു മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും അംഗൻവാടികളിലൂടെ അനുപൂരക ഭക്ഷണം നൽകി വരുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കാണ് നടത്തിപ്പ് ചുമതല. ആറു മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് കുടുംബശ്രീയുടെ സ്വയംസഹായ സംഘങ്ങൾ നിർമിക്കുന്ന അമൃതം ന്യൂട്രിമിക്‌സ് നൽകുന്നു. പാലൂട്ടുന്ന അമ്മമാർക്ക് ഗർഭിണികൾക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 14 വയസുവരെയുള്ള കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് കേരളം മറ്റ് സംസ്ഥാനത്തെക്കാളും ഏറെ മുന്നിൽ നിൽക്കുന്നു. പോഷകാഹാരം ലഭ്യമാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലാണ് കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്നത്.

പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും ഇവിടെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നു. പുതിയ മാവേലി സ്റ്റോറുകൾ തുറന്നും ഉത്സവകാലങ്ങളിൽ പ്രത്യേക ഫെയറുകൾ സംഘടിപ്പിച്ചും 13 അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിലവർദ്ധനയില്ലാതെ ലഭ്യമാക്കിയും വളരെ കാര്യക്ഷമമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നു. കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താൽ പതിനായിരം കോടിയോളം രൂപയാണ് വിലവർധന പിടിച്ചു നിർത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. അതുകൊണ്ടാണ് രാജ്യത്തുതന്നെ ഏറ്റവും വിലവർദ്ധന കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താൻ ബഹുമുഖമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നു. അതിന്റെ ഉദാഹരണമാണ് സംസ്ഥാനത്തെ ഗോത്രവർഗ്ഗ കോളനികളിൽ അടക്കം ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിന് ഭാസുര എന്ന പേരിൽ രൂപീകരിച്ച ഗോത്രവർഗ്ഗ കൂട്ടായ്മ. ഓരോ മേഖലയിലും നടപ്പാക്കുന്ന ഭക്ഷ്യ ഭദ്രതാ പരിപാടികളുടെ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ കൂടി ഈ കൂട്ടായ്മ ഏറ്റെടുക്കുകയാണ്. ഇത്തരത്തിൽ ബഹുമുഖമായ ഇടപെടലുകളിലൂടെ കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ മികച്ച നിർദേശങ്ങളും മാതൃകകളും രൂപീകരിക്കാൻ സെമിനാറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ വി മോഹൻ കുമാർ, ഭക്ഷ്യ വിതരണ-ഉപഭോക്തൃ കാര്യ വകുപ്പ് കമ്മീഷണർ സജിത്ത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കുമാർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഹിമാചൽ പ്രദേശ്, സിക്കിം പ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആദരിച്ചു. സെമിനാർ ചൊവ്വാഴ്ച്ച സമാപിക്കും.

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചി സൂരിയൂരില്‍ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോല്‍ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് നേരത്തെ മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പില്‍ത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഉടന്‍ തന്നെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടില്‍ ഇതുവരെ പതിനേഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടില്‍ കാളപ്പോരുകാരും ഉടമകളും കാണികളും പൊലീസുകാരുമുള്‍പ്പെടെ 75 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 22 പേരുടെ പരിക്ക് സാരമാണ്.

ആവണിയാപുരം ജല്ലിക്കട്ടിനിറങ്ങിയത് എണ്ണൂറോളം കാളകളും 257 കാളപ്പോരുകാരുമാണ്. ട്രോമ കെയര്‍ സൗകര്യം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ സജ്ജീകരിച്ചിരുന്നതിനാലാണ് അത്യാഹിതങ്ങള്‍ തടയാനായതെന്ന് സംഘാടകര്‍ അറിയിച്ചു.

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം ദര്‍ശനം നടത്തിയ ഭക്തരോട് ദേവസ്വം ഗാര്‍ഡ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്കും പോലീസിനും നിര്‍ദേശം നല്‍കി ഹൈക്കോടതി.

ഭക്തരെ ബലമായി തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരോടുള്ള ദേവസ്വം ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറായിരുന്നു സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരെ പിടിച്ചു തള്ളിയത്. സിപിഎം യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫഡറേഷന്റെ നേതാവാണ് അരുണ്‍ കുമാര്‍. മകരജ്യോതി ദിവസം വൈകിട്ടായിരുന്നു വിവാദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വിവാദമുയരുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ദേവസ്വം ബോര്‍ഡ് ആരോപണ വിധേയനായ ഗാര്‍ഡിനെ മാറ്റുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

അതേസമയം, ‘ഗാര്‍ഡിന്റെ പെരുമാറ്റത്തില്‍ അനൗചിത്യമുണ്ട്. അങ്ങനെ പെരുമാറരുതായിരുന്നു. പക്ഷെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പോലീസ് പോലും ദേവസ്വം ഗാര്‍ഡുമാരുടെ സഹായം തേടിയാണ് നിയന്ത്രിച്ചിരുന്നത്’- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ അറിയിച്ചു.

തിരുവനന്തപുരം: വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടിൽ ചികിത്സാ സൗകര്യം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചു.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയുണ്ടായെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികിത്സ കിട്ടിയില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടായെന്നും കുടുംബം പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബഞ്ചിന് വിട്ടു. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്നും വിധിയില്‍ മാറ്റം വന്നാല്‍ പുനപരിശോധന വേണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിച്ചത്.

വിധിക്ക് മുന്‍പ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നെങ്കിലും, എന്നാല്‍ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സുതാര്യമായി ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന്ന് കേന്ദ്രം വാദിച്ചു. എന്നാല്‍, കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവില്‍ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി.

കണ്ണൂർ: ലൈംഗിക ന്യൂനപക്ഷങ്ങളെ താൻ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി. എൽജിബിടിക്യൂ സമൂഹത്തെ കുറിച്ചുള്ള അഭിപ്രായത്തെ മറ്റുള്ളവർ അവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽ കെ എം ഷാജി നടത്തിയ പ്രസംഗം വിവാദമായിരുന്നു, ഇതിന് പിന്നാലെയാണ് കെ എം ഷാജിയുടെ വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയത്.

പ്രശ്‌നത്തിന്റെ ഗൗരവം സർക്കാർ മനസിലാകുന്നില്ല എന്നത് സങ്കടകരമാണെന്നും ധാർമികതയും കുടുംബ സംവിധാനവും നിലനിന്ന് കാണാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ തനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ താനും തന്റെ പ്രസ്ഥാനവുമുണ്ടാകും. യാതൊരു സംശയവും ആർക്കും വേണ്ടെന്നും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ നിലപാട് ഞാൻ പറയാം. മറ്റുള്ളവർ അവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ അടച്ചാക്ഷേപിച്ചിട്ടില്ല.
Lgbtqia++ എന്നതിൽ എൻ്റെ വീക്ഷണം താഴെ ചേർക്കുന്നു.
L എന്നാൽ lesbian – അഥവാ ഒരു സ്ത്രീക്ക്‌ മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകർഷണമാണ്.
G എന്നാൽ gay അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകർഷണം.
B എന്നാൽ bisexual അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകർഷണം തോന്നിയേക്കാവുന്ന അവസ്ഥ.
മുകളിൽ പറഞ്ഞ മൂന്നും പ്രകൃതിവിരുദ്ധമാണ്. ഞാൻ ഇവരെയാണ് പ്രശ്നവത്കരിച്ചത്.
T എന്നാൽ ട്രാൻസ്ജെൻഡർ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവർ. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗൺസിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.

മനസ്സിന്റെ ‘തോന്നലുകൾ’ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒരുവേള അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്കും ജീവനു തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തിൽ നിന്ന് മാറ്റി പാർപ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയിൽ ചേർത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
Q എന്നാൽ Queer അഥവാ സ്വന്തം ലൈംഗികതാത്പര്യം ഏതെന്ന് ഇതുവരെ നിശ്ചയിക്കാത്തവരോ, ആൺ-പെൺ ദ്വന്ദ്വത്തിനെതിരായ മറ്റു ലൈംഗിക താൽപര്യങ്ങൾ വെച്ച് പുലർത്തുന്നവരെ മൊത്തത്തിലായുമൊക്കെ ഈ വിഭാഗത്തിൽപ്പെടുത്താറുണ്ട്.

I എന്നാൽ intersex
ശാരീരികമായി തന്നെ രണ്ട് ലൈംഗികാവയവങ്ങളുമായോ, അല്ലെങ്കിൽ ഒന്ന് പ്രകടമായും മറ്റേത് ആന്തരികമായും എല്ലാം ഉള്ള അവസ്ഥ. ഇത് അപൂർവ്വം ആളുകൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്.
ഇവരുടെ ശരീരപ്രകൃതി, ഹോർമോൺ എന്നിവയുടെ അടിസ്ഥാനത്തിൽ അവരുടെ സെക്സ് ഏതാണോ, അതിലേക്ക് അവരുടെ ലൈംഗികാവയവവും ശസ്ത്രക്രിയയിലൂടെ പരിവർത്തിപ്പിക്കപ്പെടുകയാണ് പരിഹാരം. ഇവർക്കാണ് യഥാർത്ഥത്തിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്; അല്ലാതെ സ്വന്തം ‘തോന്നലുകൾ’ക്കനുസരിച്ച് താൽപര്യങ്ങൾ മാറിമാറി വരുന്ന ട്രാൻസ്ജെൻ്ററിനല്ല എന്നത് ചേർത്ത് വായിക്കണം.
A എന്നാൽ അസെക്ഷ്വൽ അഥവാ വിവാഹത്തിൽ തന്നെ താല്പര്യമില്ലാത്തവർ. ഇവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്.
ഇതിനെ തുടർന്നുള്ള ++….. എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകർഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും Incest (ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോർമൽ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാൻ കഴിയും എന്നത് ഒരു പച്ചയായ യാഥാർഥ്യമാണ് ! ഇത്തരം ‘അവസ്ഥ’കളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിഗണന അർഹിക്കുന്ന (ട്രാൻസ്ജെൻഡറും ഇന്റർസെക്സും പോലുള്ള)വരുടെ പ്രയാസങ്ങൾ ഉയർത്തിപ്പിടിച്ച് അവരുടെ മറവിൽ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെൻഡർ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ LGBTQ+ ആക്ടിവിസം.

ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവർ സമൂഹത്തിൽ കുറവാണന്നത് ഒരു യഥാർഥ്യമാണ്. ഇവർ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാൽ അവരെ ചേർത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ പോലും ഇതിൻ്റെ ഒരു വൈകാരികതലം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടത്താറുള്ളത്. വിചാര തലത്തിലേക്ക് വരാൻ അവർ തയ്യാറാവാറില്ല. പരിഗണിക്കേണ്ടവരെ പരിഗണിക്കണം. അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണം.

നിലവിലുള്ള ഹെറ്ററോനോർമേറ്റിവിറ്റി (അഥവാ എതിർവർഗ ലൈംഗിക സ്വാഭാവികത)യെ തകർത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോർമൽ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദങ്ങളാണെങ്കിൽ നമുക്ക് അവഗണിക്കാമായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്റെ ട്വീറ്റിൽ പറഞ്ഞത് പോലെ, ‘നിലവിൽ സമൂഹത്തിലുള്ള എതിർ വർഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം’.

എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവർ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ SFI യും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കൂളുകൾ മുഖേനയും ഈ ആശയം ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാൻ പോകുന്നു. ഇത് നിയമസഭയിൽ വിവാദമായപ്പോൾ പോലും എഴുതി നൽകിയ മറുപടിയിൽ ‘ജെൻഡർ ഒരു സാമൂഹ്യ നിർമ്മിതിയാണ്’ എന്ന, ജൻഡർ പൊളിറ്റിക്സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു!

ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ ഞാനുണ്ടാകും. എൻ്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആർക്കും വേണ്ട. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.

കൊല്ലം: ആര്യങ്കാവിൽ നിന്നും പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തന്റെ കൈവശം ഉണ്ട് അതിന്റെ റിപ്പോർട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം ആറ് മണിക്കൂർ മാത്രമേ ഉണ്ടാകൂ അതിന് ശേഷം അത് ഓക്‌സിജൻ ആയി മാറും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതാണോ റിപ്പോർട്ടിൽ ഉണ്ടായ അന്തരത്തിന് കാരണമെന്ന് പരിശോധിക്കണമെന്ന് ചിഞ്ചുറാണി ആവശ്യപ്പെട്ടു.

നിലവിൽ നടക്കുന്ന ചർച്ചകളിൽ മറുപടി നൽകേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ഭാവിയിൽ വിവാദങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രശ്‌നങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഉടൻ തന്നെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ മാറ്റങ്ങൾ വരുത്തി അധികാരങ്ങൾ ക്ഷീരവികസന വകുപ്പിന് കൂടി നൽകുകയാണെങ്കിൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു.

മായം കലർത്തിയ പാൽ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നുവെന്ന് ക്ഷിര വികസന വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴര ലക്ഷം രൂപ വിലവരുന്ന 15300 ലിറ്റർ പാലുമായി വന്ന ലോറി പിടിച്ചെടുത്തു. ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഭക്ഷ്യ സുരക്ഷാ വകുപ്പും പാലിന്റെ പരിശോധന നടത്തി. എന്നാൽ, ഈ പരിശോധനയിൽ ഹൈഡ്രാജൻ പെറോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത്.

കൊല്ലം: കൊല്ലം തുറമുഖത്ത് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ 40 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡാണ് അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള, നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കാവുന്ന ക്യാമറകള്‍ തുറമുഖത്ത് സ്ഥാപിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷയ്ക്കായി 14 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവായിട്ടുണ്ട്.

എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചതു പ്രകാരം കരാര്‍ ഏറ്റെടുത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുറമുഖത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാര്‍ഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി. ഐഎസ്പിഎസ് കോഡ് പ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഫോറിനര്‍ റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസറുടെ ശുപാര്‍ശയോടെ എമിഗ്രേഷന്‍ ചെക്‌പോയിന്റ് സംവിധാനത്തിനായി കേന്ദ്ര ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങളെ സമീപിക്കുമെന്നും മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.

അതേസമയം, ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ക്രൂസ് സര്‍വീസ് നടത്തുന്നതിനു കപ്പല്‍ നിര്‍മാണത്തിന് 30 കോടി രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചാല്‍ ഇന്ത്യയില്‍ സ്വന്തമായി കപ്പലുള്ള മാരിടൈം ബോര്‍ഡാകും കേരളത്തിലേത്. 2022-23 വര്‍ഷത്തെ ബജറ്റില്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശാനുസരണം കേരള സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ കൊച്ചിന്‍ ഷിപ്‌യാഡില്‍ ക്രൂസ് കപ്പല്‍ നിര്‍മാണം ആരംഭിക്കും. കൊച്ചിന്‍ ഷിപ്‌യാഡാണ് കപ്പലിന്റെ രൂപരേഖ തയാറാക്കിയത്. ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനായി ഷിപ്പിങ് ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഫ്‌ലോട്ടിങ് ഡെക്ക് നിര്‍മാണവും മാരിടൈം ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായെന്ന് അദ്ദേഹം ആരോപിച്ചു. പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ പിന്തുണയില്ലാതെ ലാബുകളിൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ല. കണ്ണൂരിൽ സിപിഎമ്മും ബിജെപിയുമാണ് ബോംബും ആയുധനിർമ്മാണവും കുടിൽ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോൾ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്ക് ആയുധനിർമ്മാണ പരിശീലനം നൽകുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം പിണറായി ഭരണത്തിൽ അധപതിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യതയും ഉപയോഗവും ആയുധ നിർമ്മാണ പ്രവർത്തനങ്ങളിൽ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ലാ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അമൃത് രണ്ടാംഘട്ട പദ്ധതിക്ക് (2,500 കോടി രൂപ) കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. 93 നഗരങ്ങളിലായി ജലസ്രോതസ്സുകളുടെ നവീകരണം, പാര്‍ക്ക് നിര്‍മാണം, സ്വാശ്രയഗ്രൂപ്പുകളുടെ ഉത്പാദനപദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുന്നൂറോളം പദ്ധതികള്‍ൃളാണ് നടപ്പാക്കുക.

തിരുവനന്തപുരം-അഞ്ച്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, ആലപ്പുഴ-ആറ്, കോട്ടയം-ആറ്, ഇടുക്കി-രണ്ട്, എറണാകുളം-14, തൃശ്ശൂര്‍-എട്ട്, പാലക്കാട്-ഏഴ്, മലപ്പുറം-12, കോഴിക്കോട്-എട്ട്, വയനാട്-മൂന്ന്, കണ്ണൂര്‍-10, കാസര്‍കോട്-മൂന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ച് പദ്ധതി അനുമതി നേടിയ നഗരങ്ങളുടെ എണ്ണം. 3,600 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി 1,900 കോടി രൂപയുടെയും രണ്ടാംഘട്ടത്തില്‍ 600 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

അതേസമയം, ഒന്നാംഘട്ടത്തില്‍ ജലവിതരണം, വീടുകളില്‍ കുടിവെള്ളമെത്തിക്കല്‍, മലിനജലസംസ്‌കരണം, ഓട, പാര്‍ക്ക്, നടപ്പാത, മേല്‍പ്പാലം, കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണു ലക്ഷ്യമിട്ടത്. ഇതില്‍ കക്കൂസ്മാലിന്യ പദ്ധതികളൊഴികെ മിക്ക പദ്ധതികളും നടപ്പാക്കി. രണ്ടാംഘട്ടത്തില്‍ ജലസ്രോതസ്സുകളുടെ നവീകരണത്തിനു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. തോടുകള്‍, പുഴകള്‍, കായലുകള്‍, കുളങ്ങള്‍ എന്നിവയുടെയെല്ലാം നവീകരണത്തിനും ശുചീകരണത്തിനും തുക വിനിയോഗിക്കാം. ഭൂരിഭാഗം നഗരസഭകളും ഇതിനായി പദ്ധതി തയ്യാറാക്കി നല്‍കി. ഇതിനുപുറമേ പാര്‍ക്കു നിര്‍മാണം, സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ന്യൂട്രിമിക്‌സ് നിര്‍മാണംപോലുള്ള പദ്ധതികള്‍ എന്നിവയ്ക്കും സഹായധനം ലഭിക്കും.