കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായെന്ന് അദ്ദേഹം ആരോപിച്ചു. പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ പിന്തുണയില്ലാതെ ലാബുകളിൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ല. കണ്ണൂരിൽ സിപിഎമ്മും ബിജെപിയുമാണ് ബോംബും ആയുധനിർമ്മാണവും കുടിൽ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോൾ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്ക് ആയുധനിർമ്മാണ പരിശീലനം നൽകുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം പിണറായി ഭരണത്തിൽ അധപതിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യതയും ഉപയോഗവും ആയുധ നിർമ്മാണ പ്രവർത്തനങ്ങളിൽ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ലാ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.