കൊല്ലം: കൊല്ലം തുറമുഖത്ത് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ 40 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡാണ് അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള, നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കാവുന്ന ക്യാമറകള്‍ തുറമുഖത്ത് സ്ഥാപിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷയ്ക്കായി 14 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവായിട്ടുണ്ട്.
എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചതു പ്രകാരം കരാര്‍ ഏറ്റെടുത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുറമുഖത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാര്‍ഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി. ഐഎസ്പിഎസ് കോഡ് പ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഫോറിനര്‍ റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസറുടെ ശുപാര്‍ശയോടെ എമിഗ്രേഷന്‍ ചെക്‌പോയിന്റ് സംവിധാനത്തിനായി കേന്ദ്ര ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങളെ സമീപിക്കുമെന്നും മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.
അതേസമയം, ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ക്രൂസ് സര്‍വീസ് നടത്തുന്നതിനു കപ്പല്‍ നിര്‍മാണത്തിന് 30 കോടി രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചാല്‍ ഇന്ത്യയില്‍ സ്വന്തമായി കപ്പലുള്ള മാരിടൈം ബോര്‍ഡാകും കേരളത്തിലേത്. 2022-23 വര്‍ഷത്തെ ബജറ്റില്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശാനുസരണം കേരള സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ കൊച്ചിന്‍ ഷിപ്‌യാഡില്‍ ക്രൂസ് കപ്പല്‍ നിര്‍മാണം ആരംഭിക്കും. കൊച്ചിന്‍ ഷിപ്‌യാഡാണ് കപ്പലിന്റെ രൂപരേഖ തയാറാക്കിയത്. ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനായി ഷിപ്പിങ് ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഫ്‌ലോട്ടിങ് ഡെക്ക് നിര്‍മാണവും മാരിടൈം ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.

