Politics (Page 95)

സഹകരണ ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപം മാസപ്പടിയല്ലെന്ന് കെപിസിസി വ‍ർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. കരുവന്നൂ‍ർ ബാങ്കിൽ നടന്ന തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി സിദ്ദിഖ്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ബാങ്കിൽ നിക്ഷേപിച്ചത്.

അന്വേഷണത്തിൽ സിപിഐഎം-ബിജെപി അന്തർധാര സംശയിക്കുന്നുവെന്നും ഈ ധാരണയിലൂടെ കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. എം കെ കണ്ണന് അവിഹിത സാമ്പത്തിക ഇടപാടുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുകയും എതി‍ർക്കുന്ന ശബ്​ദങ്ങളെ കൊല്ലുകയും ചെയ്യുന്ന പാർട്ടിയുമാണ് സിപിഐഎം. അഴിമതിയുടെ പുഴുക്കുത്തുകളാണ് ഇവ. സിബിഐ വരട്ടെയെന്നും ടി സി​ദ്ദിഖ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്കൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയ്ക്കാണ് യാത്ര ആലോചിക്കുന്നത്. ജനുവരിയിലായിരിക്കും യാത്ര നടക്കുക.
പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വെച്ചിട്ടില്ല. അടുത്ത മാസം ആദ്യം ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചേക്കും. കെപിസിസി പ്രസിഡന്റായ ശേഷം ഇതുവരേയും കെ സുധാകരന്‍ കേരള പര്യടനം നടത്തിയിട്ടില്ല.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് കെ സുധാകരന്‍ യാത്ര നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു

                                              

.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍സിപിഐഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.

എം കെ കണ്ണനെ ഇന്ന് അറസ്റ്റ് ചെയ്താല്‍ അത് സിപിഐഎമ്മിന് വലിയ പ്രതിസന്ധിയാവും. കഴിഞ്ഞ തിങ്കളാഴ്ച എം കെ കണ്ണനെ 8 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എം കെ കണ്ണന്റെ അറസ്റ്റ് നടന്നാല്‍ വൈകാതെ എ സി മൊയ്തീന്റെ അറസ്റ്റും ഉണ്ടായേക്കും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നേയും മുന്‍ മന്ത്രി എ സി മൊയിതീനേയും ലക്ഷ്യംവെക്കുകയാണെന്നും മൊഴികള്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എം കെ കണ്ണന്‍ പ്രതികരിച്ചിരുന്നു. ആദ്യ തവണ ചോദ്യം ചെയ്തപ്പോള്‍ ഇ ഡി മാനസികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, തല്ലിയില്ലെന്നേയുള്ളൂ, അവരുദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നുമായിരുന്നു എം കെ കണ്ണന്‍ പ്രതികരിച്ചത്.

കരുവന്നൂരുമായി യാതൊരു ബന്ധവുമില്ല. കൃത്യമായ ബിജെപി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വേട്ടയാണ് നടക്കുന്നത്. ചില കോണ്‍ഗ്രസുകാരും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം കെ കണ്ണന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു

ആരോപണ വിധേയനായ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിൽ നൽകിയ ശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പൊലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പൊലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു. വെട്ടിലായ പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണെന്നും അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.


മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തണം. തൻ്റെ പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കോൺഗ്രസ്. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാൻ കോൺഗ്രസ് തീരുമാനിച്ചു. ഒക്ടോബർ നാലിനു കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനാണ് തീരുമാനം.

ഒക്ടോബർ അഞ്ചിനു കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പാർലമെന്റിന്റെ ചുമതല നൽകിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും ചേരും, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് യോഗം വിളിച്ചത്. യോഗങ്ങളിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുക്കും. ഒക്ടോബർ നാലിനു രാവിലെ 10നു കെപിസിസി ആസ്ഥാനത്താണു രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.

യോഗത്തിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും. ഒക്ടോബർ 5 ന് ചേരുന്ന സംയുക്ത യോഗത്തിൽ തിരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ സുധാകരൻ വിശദീകരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ ഇഡി ശ്രമിക്കുന്നെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പികെ ബിജുവിനും എസി മൊയ്തിനുമെതിരെ ഒരു തെളിവും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അരവിന്ദാക്ഷനെ മർദ്ദിച്ച് മറ്റുള്ളവരുടെ പേര് വെളിപ്പെടുത്തുവാന്‍ ശ്രമിച്ചെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.തന്നെ മർദ്ദിച്ച കാര്യം അരവിന്ദാക്ഷൻ പറഞ്ഞതിലെ പ്രതികാരം തീർക്കുകയാണ് ഇഡി എന്നും വിഎൻ വാസവൻ കൂട്ടിചേർത്തു.

കേരളത്തിൽ മറ്റ് പല ബാങ്കുകൾക്കുമെതിരെ ആക്ഷേപമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഇഡി അവിടെ ഇടപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. കരവന്നൂരിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടമാകില്ലെന്നും കണ്ടലയിലെ നിക്ഷേപകർക്ക് പണം തിരികെനൽകുമെന്നും വാസവൻ പറഞ്ഞു

സംസ്ഥാന സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനം ഒരു ഘടകക്ഷിക്കു നല്‍കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഐഎം നേതാക്കളായ എം എ ബേബി, ഡോ. തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടര വര്‍ഷമായി കേരളത്തില്‍ ഭരണമില്ലെന്നും അപഹരണം മാത്രമാണും വെളപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോള്‍ രാവണന്‍കോട്ടയായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനേയും ഓഫീസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകളിലും തമ്പടിച്ചിരിക്കുന്നു.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന അതീവ ഗുരുതരമായ കോഴഇടപാടിനെക്കുറിച്ച് നല്കിയ പരാതിയില്‍ 15 ദിവസമായിട്ടും പൊലീസ് നടപടി ഉണ്ടായില്ലെന്നും കെ സുധാകരന്‍ ചൂണ്ടികാട്ടി.

ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗം കൈക്കൂലി വാങ്ങിയെന്ന പരാതി ​ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും പ്രതിപക്ഷനേതാവ് രൂക്ഷഭാഷയിൽ വിമർശിച്ചു.വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പി.എ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ എന്നും സതീശൻ വാർത്താക്കുറിപ്പിൽ ചോദിച്ചു.

ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസിനു നേരെ ഉയർന്നത് ഗുരുതര ആരോപണമെന്ന് വി മുരളീധരൻ. പിണറായി വിജയൻ സർക്കാർ സർവത്ര അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. മന്ത്രി വീണാ ജോർജ് അഴിമതി ആരോപണ വിധേയനെ ന്യായീകരിക്കുന്നു. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നു മാറി നിന്ന് അന്വേഷണം നേരിടണമെന്നും മുരളീധരൻ പറഞ്ഞു.പരാതിക്കാരൻ ആവർത്തിച്ച് പറയുന്നു അഖിൽ മാത്യുവിന് പണം നൽകിയെന്ന്. പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിന് മുൻപ് ആരോപണ വിധേയന ന്യായീകരിക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും മുരളീധരൻ ചോദിച്ചു.

അതേസമയം, പണം നൽകിയത് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് തന്നെയെന്ന് പരാതിക്കാരൻ ഹരിദാസൻ സ്ഥിരീകരിച്ചു. അഖിൽ മാത്യുവിന്റെ ഫോട്ടോ കണ്ട ഹരിദാസൻ ഇയാളെ തിരിച്ചറിയുകയായിരുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ അഖിൽ സജീവും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച. കേന്ദ്ര ആയുഷ് മന്ത്രിക്ക് യുവമോർച്ച കത്തയച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമെന്ന് യുവമോർച്ച അറിയിച്ചു.
വിശദമായ അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ ഇതേസമയം സിപിഐഎം തള്ളി. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആർ മോഹനൻ നായർ പറഞ്ഞു. ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും അഖിൽ സജീവിന് ലഭിക്കില്ല.
ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആർ മോഹനൻ നായർ പറഞ്ഞു. ഡിവൈഎഫ്ഐ യുടെ മേഖല പ്രസിഡന്റായിരുന്നു അതിൽ നിന്നും രണ്ട് വർഷം മുന്നേ നീക്കിയിരുന്നുവെന്നും മോഹനൻ നായർ പറഞ്ഞു.

ഇതുവരെ ഈ കേസിൽ ഇയാളെ പിടികൂടാനായിട്ടില്ല. വ്യാജ സീലും വ്യാജ ഒപ്പും ഉപയോ​ഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചർ വരെ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. അന്ന് സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നു അഖിൽ സജീവ്