രാഷ്ട്രീയ ജാഥകളെ കള്ളപ്പണം ചെലവഴിക്കാനുള്ള മാർഗമാക്കുന്നത് സിപിഐഎം: വി മുരളീധരൻ

രാഷ്ട്രീയ ജാഥകളെ കള്ളപ്പണം ചെലവഴിക്കാനുള്ള മാർഗമാക്കുന്നത് സിപിഐഎം രീതിയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി കള്ളപ്പണം ഒഴുക്കിയെങ്കിൽ സിപിഐഎം എന്തുകൊണ്ട് അന്ന് പരാതി കൊടുത്തില്ലെന്നും മുരളീധരൻ ചോദിച്ചു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വേദിയൊരുക്കുന്നതിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദൻ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കണ്ടലയിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയാൽ പൂഴ്ത്തിവെപ്പുണ്ടാകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പിആർ അരവിന്ദാക്ഷൻ എ സി മൊയ്തീൻ എന്നിവരുടെ സ്വത്തുക്കളിൽ നിന്നാണ് പണം തിരിച്ചു പിടിക്കേണ്ടത്. റിസർവ് ബാങ്ക് നിയമം അനുവദിക്കുന്നുണ്ടെങ്കിൽ കരുവന്നൂർ സഹകരണ ബാങ്കിനെ കേരള ബാങ്ക് സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരള ബാങ്ക് പണം നൽകണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം അല്ല, റിസർവ്ബാങ്ക് ആണെന്നും മുരളീധരൻ പറഞ്ഞു.