Politics (Page 9)

നിലമ്പൂർ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പി വി അൻവർ എംഎൽഎ. ഇനി കാണാൻ പോകുന്നത് പുതിയ അൻവറിനെയാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നൽകി കൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

താൻ തീപ്പന്തം പോലെ കത്തുമെന്ന മുന്നറിയിപ്പും അൻവർ നൽകുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. യഥാർഥ സഖാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം പറഞ്ഞത് അനുസരിച്ചു. പക്ഷേ തന്റെ അഭ്യർഥന കേട്ടില്ല. സ്വർണക്കടത്തിൽ അടക്കം അന്വേഷണം നടത്തുന്നില്ല. പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ സാധാരണ ജനങ്ങൾക്കൊപ്പമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണെന്നും അൻവർ വിമർശിച്ചു.

ന്യൂഡൽഹി : പി വി അന്‍വറിൻ്റെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ അന്‍വര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അന്‍വര്‍ സ്വീകരിച്ചു. അന്‍വര്‍ സ്വയം സ്വതന്ത്ര എംഎല്‍എയായി നില്‍ക്കുന്നു. അന്‍വറിൻ്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. അന്‍വറിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്‍വര്‍ സംസാരിച്ചത് സ്വര്‍ണ്ണക്കടത്ത് പ്രതികളെ മുന്‍നിര്‍ത്തിയാണ്. അന്‍വര്‍ മുഖ്യമന്ത്രിക്ക് അനുകൂലം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ വളരെ വേഗം മാറി. മാമന്‍ മാപ്പിള പറഞ്ഞത് കമ്മ്യൂണിസ്റ്റ് കാര്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുകയാകും നല്ലതെന്ന്. എല്ലാം നെഗറ്റീവ് ആക്കാന്‍ ആണ് പ്രതിപക്ഷവും, മാധ്യമങ്ങളും നടത്തുന്നത്. റിയാസിനെ പ്രകീര്‍ത്തിച്ചു എഫ്ബി പോസ്റ്റ് ഇട്ട ആളാണ് അന്‍വര്‍. മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസമാണ് പോസ്റ്റിട്ടത്. അവസരവാദ നിലപാടാണ് കാണാന്‍ കഴിയുന്നതു. മുഖ്യമന്ത്രിയുടെ കുടുംബാംഗം എന്ന നിലയിലാണ് റിയാസിനെതിരായ അന്‍വറുടെ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണകക്ഷി എംഎൽഎ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിക്കൂട്ടിലാണ്. മുഖ്യന്റെ ഓഫീസിൽ ഉപജാപക സംഘം ഉണ്ടെന്നു തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഡിജിപി-ആർഎസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎൽഎ ആവർത്തിച്ചു. അൻവർ ഉയർത്തുന്ന വിഷയങ്ങൾക്ക് പിന്തുണ ഉണ്ട്. തങ്ങൾ പറയാത്ത ഏതെങ്കിലും കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ടോ. അദ്ദേഹം എൽഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

പൂരം കലക്കൻ ഉദ്യോഗസ്ഥരെ അങ്ങോട്ട് വിടുകയായിരുന്നു എന്നു തങ്ങൾ പറഞ്ഞതാണ്. ഭരണ പരാജയമാണ്. അത് മറച്ചു വെക്കാൻ സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണ്. ചെക്ക് മാറുന്നില്ല. എല്ലാ മേഖലയും തകർന്നു. ആരോഗ്യ, കെഎസ്ഇബി മേഖലകളെല്ലാം തകർന്നു. ഭരണ പരാജയത്തിന്റെ പേരിലും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പേരിലും മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അൻവർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്നും അൻവർ വിശദമാക്കി.

പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ട്. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. എന്നാൽ, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്‌പോട്ടിൽ സസ്‌പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലൂടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അൻവർ കുറ്റപ്പെടുത്തി.

ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ നോക്കൂ അധികാരത്തിലെത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. മുഖ്യമന്ത്രി തന്നെ ഭൂമി കുംഭകോണത്തിന്റെ ആരോപണങ്ങൾ നേരിടുകയാണ്. അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമുണ്ടായില്ല. വിഷയത്തിൽ ശരിയായ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പത്ത് വർഷങ്ങൾക്ക് മുൻപ് ഹരിയാനയിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ കർഷകരുടെ ഭൂമി കൊള്ളയടിച്ചു. ഇടനിലക്കാർക്കും മരുമക്കൾക്കും അവർ ഹരിയാനയെ കൈമാറി. തട്ടിപ്പില്ലാതെ ഒരു ജോലിയും നേടിയെടുക്കാൻ കഴിയുമായിരുന്നില്ല, അഴിമതിയില്ലാത്ത ഒരു സംഘടനയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎം പ്രസ്ഥാനം ആർ എസ് എസിന് സറണ്ടറായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നേതാക്കളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതാക്കളെ കാണുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 1970 കാലഘട്ടം മുതൽ സി പി എമ്മും സംഘപരിവാറും തിരഞ്ഞെടുപ്പിൽ പരസ്പരം സഹായിക്കുന്നു. കണ്ണൂരിൽ ആർ എസ് എസ് വോട്ട് വാങ്ങിയല്ലേ പിണറായി അക്കാലത്ത് വിജയിച്ച് എം എൽ എയായത്. ഇപ്പോഴും ആ ബന്ധം തുടരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

അതിന്റെ ബലത്തിലാണ് ഇത്രയേറെ കേസുകളുണ്ടായിട്ടും മുഖ്യമന്ത്രി പുറത്ത് ഇറങ്ങി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഏതെങ്കിലും ഒരു കേസിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായോ. എസ്എൻസി ലാവ്ലിൻ കേസ് എത്രതവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിക്കെതിരായ സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത്, മാസപ്പടി, ലൈഫ് പദ്ധതിയിലെ അഴിമതി തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയായി. ഇതെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിക്കുന്നു.

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതിൽ സംശയമില്ല. എഡിജിപിക്കെതിരെ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പോലും ജനങ്ങളുടെയും എൽഡിഎഫിലെ ഘടകകക്ഷികളുടെയും കണ്ണിൽപ്പൊടിയിടാനാണ്. പേരിന് ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എഡിജിപിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്നാണ്. എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

സിപിഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നു. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി വരും. എല്ലാത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. എം ആർ അജിത്ത് കുമാർ ആരോപണ വിധേയനാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്ന ചോദ്യവും ചെന്നിത്തല മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്‌കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് ചികിത്സാ നിരക്കുകൾ അറിയാനുള്ള അവകാശമുണ്ട്. ഇതിന് ഹൈക്കോടതിയിൽ സ്റ്റേ അടക്കം വലിയ തടസങ്ങളുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സ്വീകരിച്ചതിന്റെ ഫലമാമായാണ് അനുകൂല തീരുമാനം ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചികിത്സയ്ക്കായി ചെലവിടുന്ന പണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ലഭ്യമാകുന്ന ചികിത്സ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കാനാണ് ശ്രമം. സ്വകാര്യ ആശുപത്രിയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റ ശസ്ത്രക്രിയ 2022 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തി വരുന്നു. കാൻസർ മരുന്നുകൾ ലാഭരഹിതമായി വിലക്കുറവിൽ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സർക്കാർ ആരംഭിച്ചു. കാൻസർ മരുന്നുകളുടെ പേറ്റന്റ് നിയമത്തിൽ മാറ്റമുണ്ടാകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനപ്പുറം ഒരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. 1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കിയ ഒരാളെയും തങ്ങൾ വെറുതെ വിടില്ല. കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂർ പൂരം. കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശ്ശൂരിലെ ബിജെപി വിജയം. അതിനായി പൂരം കലക്കൽ അടക്കമുള്ള കുൽസിത പ്രവർത്തികളാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും വിഡി സതീശൻ വ്യക്തമാക്കി. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങൾക്കെതിരെയാണ്. വ്യാജ വാർത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. യഥാർത്ഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. തൃശൂർ പൂരം റിപ്പോർട്ട് ഒരാഴ്ചയ്ക്കു അകം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തുടരൻ ആകില്ലെന്ന് തെളിഞ്ഞു. അതിനാൽ സ്ഥാനം ഒഴിയണം. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണത്തിന് വീണ്ടും സമയം നീട്ടി കൊടുത്തു. ആർടിഐ രേഖകൾ സത്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ നടപടി എടുത്തു. തന്റെ പാർട്ടിയിലെ വിരുദ്ധകർക്ക് മുഖ്യമന്ത്രി മറുപടി നൽകി. പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ അക്കാര്യം തെളിഞ്ഞു. ഭരണകക്ഷി എംഎൽഎക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് സ്വഭാവം എങ്കിൽ എന്തിനു അൻവറിനെ വെച്ചോണ്ട് ഇരിക്കുന്നുവെന്ന ചോദ്യവും വി ഡി സതീശൻ മുന്നോട്ടുവെച്ചു.

ആർഎസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറു വിരൽ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതൻ അല്ല എഡിജിപി എങ്കിൽ എന്ത് കൊണ്ട് നടപടി ഇല്ല. ആർഎസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടർച്ചയാണിത്. പൂരം കലക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചു. വയനാട് ദുരന്തത്തിൽ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നൽകിയത്. ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് അതെ പോലെ ഒപ്പിട്ട് നൽകുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.