Politics (Page 8)

തിരുവനന്തപുരം: പി ശശിക്കെതിരായ പി വി അൻവറിന്റെ ആരോപണങ്ങളെ അർഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിന്റെ ലക്ഷ്യം സിപിഐഎമ്മും എൽഡിഎഫ് സർക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവർ എംഎൽഎയാണ്. എംഎൽഎ എന്ന നിലയ്ക്ക് ആരോപണങ്ങൾ ഗൗരവമായി എടുത്തിരുന്നു. അതിന്റെ ഭാഗമായി അന്വേഷണത്തിന് സംവിധാനമൊരുക്കി. അന്വേഷണം നടക്കുന്നതിനിടെയാണ് അൻവർ മാറി മാറി വന്നത്. അത് നേരെ ഇപ്പോൾ എൽഡിഎഫിൽ നിന്ന് വിടുന്നുവെന്ന ഘട്ടത്തിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇനിയിപ്പോ അൻവർ പുതിയ പാർട്ടി രൂപീകരിച്ചാൽ അതിനെയും നേരിട്ട് പോകും. ഏതെല്ലാം തരത്തിൽ തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു.എൽഡിഫിനൊപ്പം നിൽക്കുന്നവരെ പിന്തിരിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം പലതരത്തിൽ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമത്തിൻറെ ഭാഗമായി നടത്തുന്ന കളിയുടെ കൂടെ അൻവറും ചേർന്നുവെന്നതാണ് അടുത്തകാലത്തെ അദ്ദേഹത്തിൻറെ പ്രസ്താവനകൾ തെളിയിക്കുന്നത്. ഇതിൽ അത്ഭുതമില്ല. സ്വഭാവികമായ ഒരു പരിണമാണ് അത്. ഇനിയിപ്പോ പാർട്ടി രൂപീകരിച്ച് പോകാനാണെങ്കിൽ അതും കാണാം. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും താൻ ഇവിടെ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി ശശിക്കെതിരായ ആരോപണങ്ങൾ അൻവറിന്റെ ശീലത്തിലുള്ളതാകാം. അദ്ദേഹത്തിന് പലതരത്തിലുള്ള ഇടപെടലുണ്ടാകും. അത് തന്റെ ഓഫീസിലെ ആളുകളുമായി കൂട്ടിചേർക്കേണ്ടതില്ല. എല്ലായിടത്തും മറ്റു തരത്തിൽ സഞ്ചരിച്ച് പോകുന്നതൊന്നും നല്ല മാർഗമല്ല. നല്ലതല്ലാത്ത മാർഗം അൻവർ സ്വീകരിക്കുമ്പോൾ അതിന്റെ രീതിയിൽ തന്നെ പ്രതികരിക്കുന്നില്ല. ഒരു തരത്തിലുള്ള സംശയത്തിൻറെ നിഴലിലുമല്ല തന്റെ ഓഫീസിലുള്ളവർ ഇരിക്കുന്നത്. അർഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മലപ്പുറം: തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. തനിക്ക് ആരോടും പ്രതിബദ്ധയില്ലെന്നും അത് കോൺഗ്രസിനോടും സിപിഎമ്മിനോടുമില്ലെന്നും ജലീൽ പറഞ്ഞു.

സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യം. പി വി അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എം തന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ജലീൽ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം തൻ നൽകും. സിപിഎമ്മിന്റെ സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കെ ടി ജലീൽ രചിച്ച ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടന്നു. കൈരളി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ജോൺ ബ്രിട്ടാസ് എം.പി പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ റാബിയ ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രൊഫ: എം.എം നാരായണൻ പുസ്തക പരിചയം നടത്തി. മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

കൊച്ചി: ബിജെപി അംഗത്വം സ്വീകരിച്ച് നടൻ മഹേഷ്. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചാണ് മഹേഷ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു മഹേഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. അതേസമയം, ഗാന്ധി ജയന്തി ദിനമായ ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സേവാ, ശുചീകരണ പ്രവർത്തനങ്ങളും മെഗാ മെമ്പർഷിപ്പ് ക്യാമ്പെയ്നും നടക്കുന്നുണ്ട്.

ഇന്ന് രാവിലെ രാജേന്ദ്ര മൈതാനത്തിനു സമീപത്തുള്ള ഗാന്ധി പ്രതിമയിൽ കെ സുരേന്ദ്രൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയിരുന്നു.

തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് എംഎൽഎ പി വി അൻവർ. തന്റേതായ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ വ്യക്തമാക്കി. ജനങ്ങളുടെ മനസറിയുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. ആ മനസ് അറിയണമെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. താൻ ഉയർത്തിയ വിഷയങ്ങളിൽ കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ട്. യുവാക്കൾ കൂടെ വരുമെന്നതിൽ ഉറപ്പുണ്ടെന്നും പി വി അൻവർ അറിയിച്ചു.

ദളിത്, പിന്നാക്ക വിഭാഗങ്ങളെ കൂട്ടി ചേർത്തായിരിക്കും പുതിയ പാർട്ടിയുടെ രൂപീകരണം. രാഷട്രീയ പാർട്ടികളെ മാത്രമേ വോട്ടർ അംഗീകരിക്കുകയുള്ളൂ. യുവാക്കൾ ഉൾപ്പെട്ട പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി വി അൻവർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അനവർ കൂട്ടിച്ചേർത്തു.

കോഴിക്കോട്: പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണിത്. എന്നാൽ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതമായത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടത്. അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രി പകച്ചു പോയിരിക്കുകയാണ്. നിക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി അൻവറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവർഷവും എല്ലാ കള്ളക്കടത്തുകാരെയും വർഗീയവാദികളെയും മടിയിൽ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോൾ വർഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്. എട്ടുകൊല്ലവും മുഖ്യമന്ത്രി കള്ളക്കടത്തുകാരെയും മാഫിയ സംഘങ്ങളെയും സഹായിക്കുകയായിരുന്നു. എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ 37 സീറ്റുകളിൽ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതിൽ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എസ്ഡിപിഐയുമായി ചേർന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ ദുർബലപ്പെടുത്താൻ അതിതീവ്രമത ശക്തികളുമായി ചേർന്നതിന്റെ പരിണിതഫലമാണ് ഇപ്പോൾ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേർന്ന് മത്സരിച്ച ആളാണ് പിണറായി വിജയൻ. ജമാഅത്താ ഇസ്ലാമിയെയും പിഡിപിഎയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷക്കാർ. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ അതിനെ എതിർത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ദേശസ്നേഹം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളിൽ ജാതിയുടെയും മതത്തിന്റെ വിദ്വേഷം കുത്തിവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കോൺഗ്രസ് പരിഹരിച്ചില്ല. പകരം സ്വന്തം കുടുംബത്തെ മുൻപന്തിയിലെത്തിക്കാൻ ശ്രമിച്ചു. കോൺഗ്രസ് ഒരുപാട് പാപങ്ങൾ ചെയ്തു. എന്നാൽ ഇപ്പോഴും പുതിയ സർക്കാർ രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. ജമ്മുകശ്മീരിൽ ഭരണഘടന പൂർണമായി നടപ്പിലാക്കാൻ അനുവദിച്ചില്ല. മുത്തലാഖ് എന്ന പ്രശ്നത്തിലേക്ക് ഇന്ത്യയിലെ സഹോദരിമാരെ തള്ളിവിടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുത്തലാഖിൽ നിന്നും സഹോദരിമാരെ സംരക്ഷിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ കുടുംബ വാഴ്ച നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു.

ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം. മുഖ്യമന്ത്രി നടത്തുന്നത് ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ്. സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വെച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദേശവിരുദ്ധ പ്രർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കിൽ ഇത്രനാളും ഇക്കാര്യം മറച്ചുവച്ചതെന്തിനാണ്. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമർശത്തെ കാണാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ആരോപണങ്ങളിൽ നിന്നും മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.

ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് വൃത്തികെട്ട തറ നിലവാരമാണ്. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു.

ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമർശം നടത്തിയത്.

ന്യൂഡൽഹി: പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവർ വിശ്വാസത്തേയും മതത്തെയും ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.

കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നെന്നും അൻവർ ആരോപിച്ചു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ, ഏത് കാര്യത്തിലാണ് അൻവറിനെ മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത്. ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രിക്കെതിരാക്കാൻ ശ്രമിക്കുകയാണ്. എട്ടു വർഷമായി നടന്നു വരുന്ന കാര്യമാണിത്. എന്നാലിത് വിലപ്പോവില്ലെന്നും ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹിയായ ഷാജൻ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തന്റേത് മതേതര പാരമ്പര്യമാണ്. എന്നാൽ, തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുകയാണ്. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. തന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്‌നം. താൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.