മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അൻവർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്നും അൻവർ വിശദമാക്കി.
പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ട്. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. എന്നാൽ, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്‌പോട്ടിൽ സസ്‌പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലൂടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അൻവർ കുറ്റപ്പെടുത്തി.

