Politics (Page 10)

കത്ര: ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കത്രയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ അജണ്ട തന്നെയാണ് കോൺ?ഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെയും അജണ്ട. Congress-NC സഖ്യം പുറത്തുവിട്ട പ്രകടനപത്രികയെ പിന്തുണച്ചുകൊണ്ട് പാകിസ്താനിലെ പ്രതിരോധ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ആ പ്രകടനപത്രിക ആഘോഷമാക്കുകയാണ് പാകിസ്താൻ. കശ്മീരിൽ പാക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കശ്മീർ: ജമ്മു കശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് ആദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഈ അവസരത്തിൽ പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരോടും മികച്ച രീതിയിൽ വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

യുവാക്കളും കന്നി വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജമ്മു കശ്മീരിലെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചു. 90 നിയമസഭാ മണ്ഡലങ്ങളിലെ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കുന്നത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു. ലഫ്.ഗവർണറുടെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ആംആദ്മി നേതാവ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 26, 27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും.

രാജിസമർപ്പിക്കാൻ കെജ്രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും എത്തിയിരുന്നു. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കുമെന്ന പ്രമേയം കഴിഞ്ഞ ദിവസം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക്‌ അർഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്‌ നടത്തുന്നത്‌. സംഘപരിവാറിന്റെ ചൊൽപ്പടിക്ക്‌ നിൽക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണച്ചെലവുമായി ബന്ധപ്പെട്ട പണം കൃത്യമായി ലഭ്യമാക്കാൻ കേന്ദ്രം നൽകേണ്ട കുടിശ്ശിക തന്നു തീർക്കേണ്ടതുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്ത്‌ നൽകിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പോലും ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ ശരാശരി എടുത്താൽ 55 ശതമാനം തനത്‌ വരുമാനവും 45 ശതമാനം കേന്ദ്രം നൽകുന്നതുമാണ്‌. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വരുമാനത്തിൽ 75 ശതമാനവും തനത്‌ വരുമാനമാണ്‌. 25 ശതമാനം മാത്രമാണ്‌ കേന്ദ്രവിഹിതം. ഈ സാമ്പത്തിക വർഷം 81 ശതമാനം വരെയായി ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. സംസ്ഥാനത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ തന്നെ തടസം സൃഷ്‌ടിക്കുന്നതാണിത്‌. എന്നാൽ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. രാജ്യത്തെ പബ്ലിക്‌ സർവീസ്‌ കമീഷനുകൾക്ക്‌ മാതൃകയാണ്‌ കേരള പിഎസ്‌സി. കഴിഞ്ഞ വർഷം രാജ്യത്ത്‌ നടന്ന പിഎസ്‌സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്‌തമായ നയങ്ങളുമായാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. ഹേമകമ്മിറ്റി രൂപീകരിച്ചത്‌ എൽഡിഎഫ്‌ സർക്കാർ ആയതുകൊണ്ട്‌ മാത്രമാണ്‌. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട്‌ മാതൃകയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആംആദ്മി നേതാവ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെപ്തംബർ 26, 27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലെ ആം ആദ്മി സർക്കാരിലെ മന്ത്രിയാണ് അതിഷി മർലേന. എംഎൽഎമാരുടെ യോഗത്തിന് ശേഷം അതിഷി മർലേനയെ മുഖ്യമന്ത്രിയായി കെജ്രിവാൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മർലേന.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ വിശദമാക്കി.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജൻ. ഡൽഹി കേരളാ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്‌കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും താനും തമ്മിൽ 40 വർഷത്തിലധികമായുള്ള ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് കേരളത്തിൽ ഉത്രാടം ആണെങ്കിൽ പോലും ദുഖദിനം ആയാണ് പാർട്ടി സഖാക്കൾ കാണുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആർഎസ്എസുമായി ബന്ധപ്പെടാൻ സിപിഎം എഡിജിപിയെ അയച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പ്രതിരോധത്തിലാണ് എന്നാണ് എപ്പോഴും മാധ്യമങ്ങൾ പറയുന്നത്. എന്നാൽ പാർട്ടി ഒരു പ്രതിരോധത്തിലുമല്ല. സമ്മേളനങ്ങളിൽ വലിയ വിമർശനം നടക്കുന്നുവെന്നാണ് വലിയ പ്രചാരണം. വിമർശിക്കാൻ വേണ്ടിതന്നെയാണ് പാർട്ടി സമ്മേളനം ചേരുന്നത്. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പാർട്ടിക്കകത്ത് സ്വഭാവികമായും സ്വയം തിരുത്തലുകളുണ്ടാകും. തങ്ങൾ തിരുത്തി മുന്നോട്ടുപോകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അർഹരായവർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങില്ല. മുൻഗണന നിശ്ചയിച്ച് സർക്കാർ മുന്നോട്ടുപോകും. പി വി അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദ്വേഷമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ സന്ദർശനത്തിനിടെ വാഷിങ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തോട് സഹതാപം മാത്രമാണുള്ളത്. മോദി തന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, തനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവർത്തികളിൽ സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാൾ താഴെയാണെന്നാണ് കരുതുന്നത്. അത് ആർഎസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്‌ഐടിക്ക് വിടാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന് കനത്ത തിരിച്ചടിയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അപ്പീൽ കൊടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം സർക്കാർ അട്ടിമറിക്കുകയായിരുന്നു. എസ്‌ഐടിയെ കൂട്ടിലിട്ട തത്തയാക്കാനായിരുന്നു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്. സിപിഎമ്മിന്റെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.