Politics (Page 7)

സുൽത്താൻ ബത്തേരി: വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനായി സോണിയാ ഗാന്ധി വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയും പ്രാരണത്തിന് സജീവമായുണ്ടാകും. മറ്റന്നാളാണ് സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുന്നത്.

കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ ഇവർ പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയോടൊപ്പം ഇവർ ഉണ്ടാകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയാ ഗാന്ധി കേരളത്തിൽ സന്ദർശനത്തിനെത്തുന്നത്.

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഷാഫി പറമ്പിൽ മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ കെപിസിസിക്ക് പരാതി നൽകി. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകും. കഴിവുള്ള ചെറുപ്പക്കാരെ നിഷ്‌കാസനം ചെയ്യുന്ന സമീപം ഉണ്ട്. ചെറുപ്പക്കാർ പാതിവഴിയിൽ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും ഷിഹാബുദ്ദീൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം സരിൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി.

കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് സരിനെ പുറത്താക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്ന് സരിൻ വ്യക്തമാക്കി.

സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേർത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ തനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിർദേശത്തിനെതിരെ രാജ്യത്ത് ഇപ്പോൾ തന്നെ വിമർശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിർദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിൻറെ അഭാവത്താൽ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേർന്നാണ മദ്രസകൾ മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിൻവലിക്കേണ്ടതാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണ്. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരും. ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനെക്കാൾ വലിയ ഭയപ്പെടുത്തൽ കേരളം മുൻപും കണ്ടിട്ടുണ്ട്. സർവ്വകലാശാലകളിൽ തകർക്കാനുള്ള ഗവർണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്‌ഐയുടെ സർവ്വകലാശാല ചരിത്ര വിജയം. ഗവർണർ ഇപ്പോൾ സ്വർണക്കടത്ത് തടയേണ്ടത് കേരളമാണെന്ന് കരുതി ഇരിക്കുകയാണ്. എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം നടക്കുന്നുണ്ട്. എഡിജിപിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. എന്നാൽ അതിൽ അവസാനിക്കില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽമേൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷം. സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

കേരള നിയമസഭ കൗരവ സഭയായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് സതീശൻ വ്യക്തമാക്കി.

ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ. വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

”ഹരിയാനയ്ക്ക് ഹൃദയംഗമമായ നന്ദി! ഭാരതീയ ജനതാ പാർട്ടിക്ക് ഒരിക്കൽ കൂടി വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളെ താൻ അഭിവാദ്യം ചെയ്യുന്നു. ഇത് വികസന രാഷ്ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയുടെ വിജയത്തിനുപുറകിൽ പ്രയത്‌നിച്ച പ്രവർത്തകർക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ മഹത്തായ വിജയത്തിനായി അക്ഷീണമായും പൂർണ അർപ്പണബോധത്തോടെയും പ്രവർത്തിച്ച എല്ലാ പാർട്ടിപ്രവർത്തകർക്കും തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള വീണ്ടും മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളിൽ കൂടി വിജയിച്ചാണ് നാഷണൽ കോൺഫറൻസ് ഭരണം നേടിയത്. കശ്മീർ മേഖലയിലെ 47 സീറ്റിൽ ഭൂരിപക്ഷവും നാഷണൽ കോൺഫറൻസ് വിജയിച്ചു.

മത്സരിച്ച 57ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് വിജയിച്ചു. കോൺഗ്രസിന് 32 സീറ്റുകൾ നൽകിയെങ്കിലും ആറിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.

ഒമർ അബ്ദുള്ളമത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. പത്ത് കൊല്ലം മുൻപ് ജമ്മുകശ്മീർ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽത്തിജ മുഫ്തി പരാജയപ്പെട്ടു. ബിജെപിയ്ക്ക് ജമ്മു മേഖലയിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത്.

ഛണ്ഡീഗഡ്: ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയാണ് ബിജെപി നേടിയത്. 36 സീറ്റാണ് കോൺഗ്രസിന് ഹരിയാനയിൽ നേടാനായത്. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു.

ഐഎൻഎൽഡിയ്ക്ക് വെറും ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപിയ്ക്ക് ഹരിയാനയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.

ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്കെത്തിയെന്നാണ് കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സി സതീശനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് നൽകാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അർഹൻ വി ഡി സതീശനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശനെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നു. ഡയലോഗ് അടിക്കൻ മാത്രമേ വി ഡീ സതീശനെ കൊണ്ട് കഴിയുകയുള്ളൂ. സെമിനാറിൽ പങ്കെടുക്കാൻ വിടാം. എന്നാൽ, അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്ക് പറ്റില്ല. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. എന്നാൽ, അതിനെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ പ്രഖ്യാപിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. മലപ്പുറത്തെ സർക്കാർ കരിവാരി തേയ്ക്കുന്നുവെന്ന ആരോപണമാണ് ഇവർ നിരന്തരം ഉന്നയിക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.