Politics (Page 6)

ചേലക്കര: പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയാണ് പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടർ കള്ളമൊഴി നൽകിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

പാർട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചത്. സർക്കാർ അഭിഭാഷകന്റെ സഹായം ദിവ്യക്ക് ലഭിച്ചു. പാലക്കാട് റെയ്ഡ് അനാവശ്യമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. റെയ്ഡ് വിവരം പോലീസിൽ നിന്നും സിപിഎമ്മിലെ ഒരു വിഭാഗത്തിൽ നിന്നും ചോർന്നു. കെ സുധാകരന്റെ സ്ഥലത്ത് പോയി വി ഡി സതീശൻ പണം പിരിച്ചു എന്ന് പറഞ്ഞ് കോൺഗ്രസിൽ വലിയ വിവാദം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരൻ പറഞ്ഞുവെച്ച 5 ലക്ഷം രൂപ സതീശൻ വാങ്ങിപ്പോയി എന്ന് പറഞ്ഞാണ് വിവാദം നടക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി എം ബി രാജേഷ് പൊലീസിന് നേരിട്ട് നിർദേശം നൽകി. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരൻ പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു.

പൊലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂലമായ അവസ്ഥ ഉണ്ടാക്കും. ഈ പരിശോധനയുടെ ദുരന്തം എൽഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തിയേ കഴിയൂ എന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ് അഡ്വാൻടേജ്. ഡിസഡ്വാൻഡേജ് എന്ന് പറയുന്നത് നമ്മുടെ നായകന്മാരുടെ പെയർ ആയി അഭിനയിക്കാൻ സാധിച്ചില്ല. മമ്മൂക്കയേയും സുരേഷേട്ടനെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിക്കാൻ അവസരം കിട്ടി. അവരെ എതിർക്കുന്ന കഥാപാത്രങ്ങളാണ് ആദ്യം കിട്ടിയത്. സൂപ്പർസ്റ്റാറുകളെ എതിർക്കുന്ന കഥാപാത്രം കിട്ടുകയെന്നത് ഭയങ്കര സന്തോമുള്ള കാര്യമല്ലേയെന്നും താരം വ്യക്തമാക്കി.

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിൽ വാണി വിശ്വനാഥ് വേഷമിടുന്നുണ്ട്. സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി തുടങ്ങിയ താരങ്ങൾ സിനിമയിൽ വേഷമിടുന്നത്.

പാലക്കാട്: സിപിഎമ്മിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാർട്ടികൾ നടത്തിയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. ഈ പൊലിസുകാർ മനസ്സിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി എന്നാണ്. ഷാനിമോൾ ഉസ്മാൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ പൊലീസ് നൽകിയില്ല. പാതിരാ നാടകം അരങ്ങിൽ എത്തുംമുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പാലക്കാട്: സംസ്ഥാന സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്‌നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

കെ മുരളീധരൻ എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്‌നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാം. സന്ദീപ് വാര്യരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തിയാൽ തന്നെ മാധ്യമങ്ങളോട് പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണം. കോടതിയിൽ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണം. കേന്ദ്ര വഖഫ് നിയമം പാസായാൽ പിന്നാലെ ചർച്ച് നിയമം വരും. കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ. പാർട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

താൻ ഇപ്പോഴും ബിജെപി പ്രവർത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ അറിയിച്ചു. സിപിഎമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവിൽ ബിജെപിയുടെ പ്രവർത്തകനാണ് താൻ. അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവർക്ക് ബോധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയിൽ ഇനി പ്രതീക്ഷയില്ല. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞത്. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യർ പ്രതികരിച്ചത്.

ന്യൂഡൽഹി: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നവംബർ 13നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

വോട്ടെണ്ണൽ തീയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബർ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തർ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റി.

തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്. ദിനംപ്രതി കോൺഗ്രസിന്റെ വിവിധ നേതാക്കൾ അവരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ കള്ള പ്രചാരവേലകൾ ജനങ്ങളിൽ ഏശാത്ത നിലയിൽ വന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെപിസിസി പ്രസിഡന്റ് പരസ്യമായി ആഹ്വാനം നൽകുന്നത്. നേരത്തെ തങ്ങൾക്ക് വോട്ട്ചെയ്തില്ലെങ്കിൽ ശക്തമായി അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകരെ പൊലും ഭീഷിണിപ്പെടുത്തുന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് തരംതാണിരിക്കുകയാണ്. ഇത്തരം നിലപാടുകൾക്ക് എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാലക്കാട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്‌റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. സുരേഷ് ഗോപി ഉപയോഗിച്ചത് കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു. മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.

കൽപ്പറ്റ: ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ മീനങ്ങാടിയിൽ പ്രസംഗിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമർശം. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. മണിപ്പൂരിൽ ഉൾപ്പടെ ന്യുനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കൻ ആണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ല. കർഷകരോട് അനുതാപം ഇല്ലാത്ത സർക്കാരാണുള്ളതെന്ന് പ്രിങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. വയനാട്ടിനു മെഡിക്കൽ കോളേജ് വേണം എന്നത് തനിക്കറിയാം, പലരും പറഞ്ഞു. തന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ താനും തുടരും. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ എല്ലാം താൻ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.