Latest News (Page 99)

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുക്കുക. ദിവ്യയെ കേസിൽ പ്രതിചേർക്കാനാണ് പോലീസിന്റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേർക്കുക. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുകയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി. അങ്കമാലി – എരുമേലി – ശബരി റെയിൽ പാത പദ്ധതി, സിൽവർലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.

ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന കായിക – റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായി സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പിക്സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെ മത്സരങ്ങൾ ആരംഭിക്കും. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്സിൽ കേരള സിലബസ്സിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കാനുള്ള അവസരം ആദ്യമായി ഒരുക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും.

ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെയുള്ള തീയതികളിലായി ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്‌ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും. 4 ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂർത്തിയാക്കുന്നത്. ആദ്യ ദിവസത്തിൽ രജിസ്‌ട്രേഷനും 1,2,3 തീയതികളിൽ മത്സരങ്ങളും, പ്രദർശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാർത്ഥികൾ ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണൽ എക്‌സ്‌പോയും കരിയർഫെസ്റ്റും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സമഗ്ര ട്രോമകെയർ സംവിധാനം എല്ലാ ജില്ലകളിലും യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൂടി ട്രോമകെയർ സംവിധാനമൊരുക്കി വരുന്നു. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ലെവൽ 1 ട്രോമകെയർ സംവിധാനവും കൊല്ലം, എറണാകുളം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ലെവൽ 2 ട്രോമകെയർ സംവിധാനവുമാണുള്ളത്. ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ ലെവൽ 2 സംവിധാനം ഒരുക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുകൂടാതെ ദേശീയ പാതയോടും സംസ്ഥാന പാതയോടും ചേർന്നുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള 52 തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ട്രോമകെയർ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

അപകടം സംഭവിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ പ്രധാനമാണ്. ആ സുവർണ നിമിഷങ്ങൾക്കകം അടിയന്തര ചികിത്സ ലഭ്യമാക്കാനായി സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടുകൾ നിശ്ചയിച്ച് കനിവ് 108 ആംബുലൻസുകൾ പുന:വിന്യസിച്ചു. അപകടത്തിൽ പെടുന്നവർക്ക് വേഗത്തിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന പാതയോടും ദേശീയ പാതയോടും ബന്ധിപ്പിച്ച് പ്രധാന ആശുപത്രികളിൽ ട്രോമകെയർ സംവിധാനമൊരുക്കി വരുന്നു. ഒരു രോഗിയെ ആ ആശുപത്രിയിൽ നിന്നും മറ്റൊരു ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് റഫറൽ മാർഗനിർദേശങ്ങശും പുറത്തിറക്കി. റഫറൽ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളേജുകളിൽ ട്രോമകെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യമായി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചു. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികൾ ഉൾപ്പെടെ സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്താൻ തീരുമാനിച്ചു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആർ തെരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്.

മികച്ച ട്രോമകെയറിന് മികച്ച പരിശീലനം ഏറ്റവും അത്യാവശ്യമാണ്. ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്റർ (എ.ടി.ഇ.എൽ.സി.) സ്ഥാപിച്ചു. ഇതിനോടകം 25,000ലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

ന്യൂഡൽഹി: ഡിയർനസ് അലവൻസ് (ഡിഎ ക്ഷാമബത്ത) വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഡിഎ ക്ഷാമബത്ത 3% വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഡിഎ ക്ഷാമബത്ത മൂന്ന് ശതമാനം കൂടി ഉയർത്തിയതോടെ സർക്കാർ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53% ആയി മൊത്തം ഡിഎ വർദ്ധിച്ചു. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ വർദ്ധിത ഡിഎ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർദ്ധന നിർണയിക്കുന്നത്.

നിലവിൽ 22,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരന് പ്രതിമാസ ഡിഎ 660 രൂപ കൂടി ലഭിക്കും. അതായത്, മൊത്തം ഡിഎ 11,660 രൂപയായി ഉയരും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടാൻ സർക്കാർ ജീവനക്കാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനം.

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ 21 ശതമാനവും കേരളത്തിലെ സ്ഥാപനങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരള സർവ്വകലാശാലക്കും മഹാത്മഗാന്ധി സർവ്വകലാശാലക്കും നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് നേടാനായി. കാലടി, കുസാറ്റ് സർവ്വകലാശാലകൾക്ക് എ പ്ലസ് ലഭിച്ചു. കൂടാതെ ദേശീയ അന്തർദേശീയ തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാനായതായും മന്ത്രി പറഞ്ഞു. ഗവ. സംസ്‌കൃത കോളേജിൽ പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പ്ലാൻഫണ്ടും കിഫ്ബി, റൂസോ ഫണ്ടുകൾ പ്രയോജനപ്പെടുത്തി രണ്ടായിരം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനായി. അക്കാദമിക, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ നിർമ്മാണത്തിനും അത്യാധുനിക ലാബുകളുടേയും ലൈബ്രറികളുടേയും രൂപീകരണത്തിനുമാണ് ഭൂരിഭാഗം തുകയും വിനിയോഗിച്ചത്. അടിസ്ഥാന വികസന സൗകര്യങ്ങളുടെ വിപുലീകരണത്തിനൊപ്പം കാലാനുസൃതമായ ഉള്ളടക്ക പരിഷ്‌കരണത്തിന്റെ ഫലമായാണ് നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമിടാനായതെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളെ തൊഴിലിനു സജ്ജമാക്കുന്നതിനു പുറമേ അഭിരുചിയുള്ളവരെ ഗവേഷണത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഠനത്തിൽ മിടുക്കരായ 1000 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നൽകിവരുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ലഭ്യമാക്കുന്നുണ്ട്. മികവുറ്റ പൂർവ അധ്യാപകരെയും രാജ്യത്തിനകത്തെയും പുറത്തേയും അക്കാദമിക വിദഗ്ധരേയും ഉൾപ്പെടുത്തി പൊതുവേദികൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

സംസ്‌കൃത കോളേജ് വളപ്പിലെ പൗരസ്ത്യ ഭാഷാ പഠന കേന്ദ്രത്തിന്റെ നവീകരണത്തിന് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യും. പൗരാണികത നിലനിർത്തിയുള്ള പ്രവർത്തനത്തിന് എംഎൽഎയേയും ഉൾപ്പെടുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സർക്കാർ നടപ്പാക്കിവരുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഭാഗമായി കിഫ്ബി ഫണ്ടുപയോഗിച്ചാണ് ആറു കോടി രൂപ ചെലവിൽ കൈറ്റിന്റെ മേൽനോട്ടത്തിൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കിൽ 12 ക്ലാസ് റൂമുകളും ഒരു ഹാളും പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് നിർമാണം പൂർത്തീകരിച്ചത്.

അഡ്വ. ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ, അഡീഷണൽ ഡയറക്ടർ ഡോ.സുനിൽ ജോൺ ജെ, വാർഡ് കൺസിലർ പാളയം രാജൻ, ജനറൽ കൺവീനർ എഎസ് വിവേകാനന്ദൻ, സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ റഹീം, കോളേജ് പ്രിൻസിപ്പൽ ഡോ.അമല വികെ , യൂണിയൻ ചെയർപേഴ്‌സൺ എബി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറി അഡ്വ. അരുൺ എസ് തുടങ്ങിയവർ സംബന്ധിച്ചു.

ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം പുതുക്കിയത്. വികസിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭാ മണ്ഡലത്തിലോ ബൂത്തിലോ 50 അംഗങ്ങളെ ചേർക്കുന്നവർക്കാണ് സജീവ അംഗത്വം ലഭിക്കുക. മണ്ഡലം കമ്മിറ്റികളിലേക്കും അതിന് മുകളിലുളള പാർട്ടി സമിതികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് മത്സരിക്കാൻ അർഹതയുണ്ടാകും.

സജീവ അംഗത്വം നേടിയവർക്ക് പാർട്ടിക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനുളള അവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴിൽ അവസരം ലഭ്യമാക്കുന്നതിന് നോർക്ക റൂട്ട്‌സും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും(കെ-ഡിസ്‌ക്) ധാരണാപത്രം ഒപ്പുവച്ചു. വഴുതക്കാട് കെ ഡിസ്‌ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയും കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണനും ധാരണാപത്രം കൈമാറി.

കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി ദീർഘകാല തൊഴിൽ അവസരം ഉറപ്പാക്കുന്നതിനും തൊഴിലവസരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നോർക്ക റൂട്ട്‌സും കെ ഡിസ്‌കുമായുള്ള സഹകരണം ലക്ഷ്യമിടുന്നു. വ്യാജ വീസ, തൊഴിൽ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുള്ള സാഹചര്യത്തിൽ വിശ്വസനീയമായ തൊഴിൽ അവസരം ഉറപ്പാക്കി മികവുറ്റ ഉദ്യോഗാർഥികളെ വിദേശത്തെ മികച്ച തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.

കേരളീയർക്ക് നഴ്‌സിംഗ്, കെയർ ഗിവർ ജോലികളിൽ ജപ്പാനിൽ വലിയ അവസരമുണ്ടെന്നും അതു പ്രയോജനപ്പെടുത്താൻ നമുക്കു സാധിക്കുമെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിന് ലാംഗ്വേജ് സെന്ററും തൊഴിൽ നൈപുണ്യത്തിനുള്ള സ്‌കിൽ ടെസ്റ്റ് സെന്ററും സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ തൊഴിൽ സാധ്യത മനസിലാക്കി തമിഴ്‌നാട്ടിൽ പോളി ടെക്‌നിക്കുകളിൽ ഉൾപ്പെടെ ജാപ്പനീസ് ഭാഷ പഠിക്കുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ജപ്പാൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടെന്നും അതു പ്രയോജനപ്പെടുത്താൻ കേരളത്തിലെ വിദേശ തൊഴിൽ അന്വേഷകർക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, വിജ്ഞാന പത്തനംതിട്ട അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അബ്രഹാം വലിയകാലായിൽ, കെ ഡിസ്‌ക്ക് സീനിയർ കൺസൾട്ടന്റ് ടി.വി. അനിൽകുമാർ, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സെക്ഷൻ ഓഫീസർ ബി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനി ലക്ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര. യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആർടിസിയുടെ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് ആരംഭിച്ചു. എസി പുഷ്ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈഫൈ തുടങ്ങിയവയെല്ലാം ഈ ബസിലുണ്ട്.

എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുന്നു. ഒരു ജിബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനാകും. റീക്ലൈനിങ് സൗകര്യമുള്ള 2×2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം.

എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്.

ഡ്രൈവറുടെ മുഖഭാവത്തിൽ നിന്ന് ഉറക്കത്തിന്റെ ലക്ഷണം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന അലർട്ട് സംവിധാനം ബസിലുണ്ട്. കൂടാതെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയോ ചെയ്താൽ AI ഉപയോഗിച്ചുള്ള ക്യാമറ സംവിധാനത്തിലൂടെ ബസിലും കൺട്രോൾ റൂമിലും വിവരം കൈമാറാം.