തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുക്കുക. ദിവ്യയെ കേസിൽ പ്രതിചേർക്കാനാണ് പോലീസിന്റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേർക്കുക. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം.

