Latest News (Page 100)

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൾ നാസർ മദനി ഇപ്പോൾ ചികിത്സയിലുള്ളത്.

കടുത്ത ശ്വാസതടസമുണ്ടാകുകയും, ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെയാണ് മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മദനി.

ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയാണ് മദനി. സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് മദനി കേരളത്തിലെത്തിയത്.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടൻ റഹ്മാൻ. തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെ പല മികച്ച കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർതാരം മമ്മൂട്ടിയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റഹ്മാൻ.

മമ്മൂട്ടി തനിക്ക് സഹോദരനെ പോലെ ആണെന്നാണ് റഹ്മാൻ പറയുന്നത്. ചേട്ടനെ കുറിച്ച് ചോദിക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന മുഖം അദ്ദേഹത്തിന്റെതാണ്. നല്ല കഥകൾ വന്നാൽ ഇനിയും താൻ മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യും. തന്റെ ചേട്ടനെ പോലെയാണ് താൻ മമ്മൂക്കയെ കാണുന്നത്. ഇത് ഞാൻ വെറുതെ പറയുന്നതല്ല. അദ്ദേഹത്തിന്റെ പ്രായം കൊണ്ടും അല്ല ഞാൻ അങ്ങനെ പറയുന്നത്. തന്റെ ആദ്യ സിനിമ മുതൽ ഒരുപാട് ചിത്രങ്ങളിൽ തങ്ങൾ സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ഞാൻ അദ്ദേഹത്തെ അച്ചായ എന്ന് വിളിച്ചു. ചേട്ടാ എന്നും ഇക്ക എന്നും വിളിച്ചിട്ടുണ്ട്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് അദ്ദേഹം എന്റെ ഉള്ളിൽ ശരിക്കും ഒരു സഹോദരനെ പോലെ ആയി. ആരെങ്കിലും ചേട്ടനെ കുറിച്ച് ചോദിച്ചാലും എന്റെ മനസ്സിൽ വരുന്ന ചിത്രം അദ്ദേഹത്തിന്റെതാണ്.

എല്ലാ സിനിമയും വാരിവലിച്ച് ചെയ്യില്ല. എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രങ്ങളാണ് എങ്കിൽ ഞാൻ തീർച്ചയായും അത് ചെയ്യുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

കൊച്ചി: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയ്ക്ക് സ്റ്റേ. ഹൈക്കോടതിയാണ് വിധി സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്. സുരേന്ദ്രന്റെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് കാർത്തിക് ആര്യൻ. എപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒമ്പതുകോടി രൂപ പ്രതിഫലം നൽകാമെന്നുള്ള പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ചത് ഉൾപ്പടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. താരം ‘പിങ്ക് വില്ല’യ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രതിഫലത്തിനുവേണ്ടി മാത്രമാണ് സിനിമ ചെയ്തിരുന്നതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. എന്നാൽ, ഏത് ചിത്രമാണ് അത്തരത്തിൽ ചെയ്തതെന്ന് പറയില്ല. അന്ന് സാമ്പത്തിക പ്രയാസം നേരിട്ടതിനാലാണ് ആ സിനിമ ചെയ്യേണ്ടിവന്നത്. അധികകാലം സിനിമകൾക്കായി കാത്തിരിക്കാൻ തനിക്ക് കഴിയില്ലായിരുന്നു. വേറെ ഒരു മാർഗവും അന്ന് ഇല്ലായിരുന്നു. അങ്ങനെ ഒരിക്കൽ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവന്നുവെന്ന് കാർത്തിക ആര്യൻ ചൂണ്ടിക്കാട്ടി.

എല്ലാം ഒരു കണക്കുകൂട്ടലും ബിസിനസ്സുമാണ്. അത്തരം കണക്കുകൂട്ടലുകളെല്ലാം ശരിയാണെങ്കിൽ സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് പകർപ്പ് അവകാശങ്ങളിലൂടെ നിർമാതാവിന് ലാഭം ലഭിക്കും. പ്രേക്ഷകർ ആ നടനായി വരുന്നുണ്ടെങ്കിൽ അത്തരം കണക്കുകൂട്ടലുകൾ അർഥവത്താകുമെന്നും ആര്യൻ അഭിപ്രായപ്പെട്ടു.

പ്രേക്ഷകർക്കെല്ലാം പരിചിതയാണ് നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ. സിനിമാമേഖലയിൽ സജീവമല്ലെങ്കിലും മോഡലിംഗിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഏതാനും ബ്രാൻഡുകളുടെ മോഡലാണ് കുഞ്ഞാറ്റ. നൃത്തം, മോഡലിംഗ് തുടങ്ങിയവയ്ക്ക് പുറമെ താരത്തിന് മറ്റൊരു താത്പര്യം കൂടി ഇപ്പോഴുണ്ട്. അതെന്താണെന്നല്ലേ, മറ്റൊന്നുമല്ല, ഒരു കോച്ചിന്റെ കീഴിൽ കിക്ക് ബോക്‌സിങ് പഠിക്കുകയാണ് കുഞ്ഞാറ്റ.

ഈ മേഖലയിൽ താൻ തുടക്കക്കാരിയാണെന്ന സൂചന നൽകുന്ന ക്യാപ്ഷനോടെ കിക്ക് ബോക്ക്‌സിംഗ് പഠിക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞാറ്റ തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചെറു വീഡിയോ രൂപത്തിൽ കുഞ്ഞാറ്റ കിക്ക്ബോക്‌സിങ് ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത് പ്രേക്ഷകർക്ക് കാണാം. ഇരുകൈകളിലും ബോക്‌സിങ് ഗ്ലൗസ് ധരിച്ച് കോച്ചിന്റെ കൂടെ അടിതടകൾ പഠിക്കുന്ന കുഞ്ഞാറ്റ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞാറ്റയുടെ പുതിയ തുടക്കത്തിന് കമന്റുകളിലൂടെ ആരാധകർ ആശംസകൾ നേർന്നു. അമ്മ ഉർവശിയെ പോലെ പ്രേക്ഷകർകർ കുഞ്ഞാറ്റയെയും ഇഷ്ടപ്പെടുന്നുവെന്നാണ് കമന്റുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

തിരുവനന്തപുരം: ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കു പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമഗ്രമാറ്റം കൈവരിക്കാൻ വിദ്യാഭ്യാസ മേഖലക്കു കഴിഞ്ഞതായും മേയർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രിയേറ്റീവ് കോർണറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ഗവ. എച്ച് എസിൽ നിർവ്വഹിക്കുകയായിരുന്നു മേയർ.

പരമ്പരാഗതമായി നിലനിന്നിരുന്ന ലാബുകൾക്കപ്പുറം അറിവും തൊഴിലും തമ്മിൽ കൂട്ടിയിണക്കി യുപി തലം മുതൽ കുട്ടികൾക്ക് ക്രിയാത്മകവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് നൽകുകയാണ്. യന്ത്രവൽക്കരണ സമൂഹത്തിൽ നിന്നും അറിവും തൊഴിലും സംയോജിപ്പിച്ച് നവ വികസന ദിശാബോധമാണ് ക്രിയേറ്റീവ് കോർണറുകളിലൂടെ പങ്കുവയ്ക്കുന്നത്. സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 600 ക്ലാസ്സ് മുറികളാണ് ക്രിയേറ്റീവ് കേർണറുകളായി മാറുന്നതെന്നും മേയർ പറഞ്ഞു.

വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നെപുണി വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ ആരംഭിക്കുന്നത്. വയറിംഗ്, പ്ലമിംഗ്, വുഡ് ഡിസൈനിംഗ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭാ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ അഡീഷണൽ എസ് പി ഡി ഷൈൻമോൻ എംകെ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ ബി ഷാജി, ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ശ്രീകുമാരൻ ബി, കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ ഷൈജു പി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ പ്രമോദ് പി, വാർഡ് കൗൺസിലർ ശിവകുമാർ വി, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വിദ്യാവിനോദ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കെ വി, പ്രഥമാധ്യാപകൻ ബിജു എഎസ്, സ്‌കൂൾ ചെയർമാൻ കൈലാസ് നാഥ് എസ് തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. നടന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എറണാകുളം ആർടിഒയാണ് നടപടിയെടുത്തിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കണമെന്നും അധികൃതർ ശ്രീനാഥ് ഭാസിയോട് നിർദ്ദേശിച്ചു. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ സെൻട്രൽ പൊലീസാണ് കേസെടുത്തത്.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശ്രീനാഥ് ഭാസി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

തിരുവനന്തപുരം: ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും യോഗത്തിൽ പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച നടത്തി നിയമ പ്രശ്നങ്ങളും തർക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്.

2.7 കിലോമീറ്റർ ദൂരത്തിലാകും നിർദിഷ്ട റോപ് വേ നിർമിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: വൃത്തിയുള്ള കൈകൾ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൈകഴുകൽ പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാർഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകുന്നത് ശീലമാക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ, നോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഒക്ടോബർ 15നാണ് ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നത്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ‘എന്തുകൊണ്ടാണ് വൃത്തിയുള്ള കൈകൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്നത്?’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

കൈകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

കൈകൾ ശുചിയാക്കി സൂക്ഷിക്കുന്നതിലൂടെ സ്വയം രോഗ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കാനും സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

നിർബന്ധമായും കൈകൾ കഴുകേണ്ടത്

· ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും

· ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും

· രോഗികളെ പരിചരിക്കുന്നതിന് മുൻപും ശേഷവും

· മുറിവ് പരിചരിക്കുന്നതിന് മുൻപും ശേഷവും

· കുഞ്ഞുങ്ങളുടെയും കിടപ്പ് രോഗികളുടെയും ഡയപ്പർ മാറ്റിയ ശേഷം

· മലമൂത്ര വിസർജ്ജനത്തിന് ശുചിമുറി ഉപയോഗിച്ചതിന് ശേഷം

· മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം

· മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം

· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം

· യാത്ര ചെയ്തതിന് ശേഷം

ആഗോള കൈകഴുകൽ ദിനം പോസ്റ്റർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ.പി. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിനോയ് എസ്. ബാബു, സോഷ്യൽ സയന്റിസ്റ്റ് സുജ പി.എസ്., ഹെൽത്ത് ഇൻസ്‌പെക്ടർ ഉദയകുമാർ ആർ. എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. 2020 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട്, അനുബന്ധ ചട്ടങ്ങൾ, 2021 ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് എന്നിവ പ്രകാരമാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. എംബിബിഎസ് യോഗ്യത രജിസ്റ്റർ ചെയ്യാതെയും എംഡി / എംഎസ് / ഡിഎൻബി, ഡിഎം / എംസിഎച്ച് / ഡിആർ എൻബി തുടങ്ങിയ അധിക യോഗ്യതകൾ രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.

രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകൾ പ്രദർശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ശിക്ഷാർഹമാണ്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും സഹിതം ആശുപത്രി മാനേജ്മെന്റുകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകുന്നതും കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രവർത്തികളിലും ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കൗൺസിലിന് അധികാരമുണ്ട്.

മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ്) എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്‌ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ.

കേരളത്തിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് അവരുടെ യോഗ്യത ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ / നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണം. മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകളിലെല്ലാം ഡിസ്പ്ലേ ബോർഡുകളിൽ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, യോഗ്യത, മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധിക യോഗ്യത, രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുത്തണം.