Latest News (Page 95)

ന്യൂഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥർ വികസിച്ചുകൊണ്ടിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകികൊണ്ടായിരിക്കണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ‘കർമ്മയോഗി സപ്താഹി’ ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവജനങ്ങൾ എന്നിവരിൽ നിന്ന് നേരിട്ട് നൂതന ആശയങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഡാറ്റ പ്രോസസിംഗിൽ എഐ വിപ്ലവം സൃഷ്ടിക്കുകയാണെന്നും പൗരന്മാരെയും സർക്കാരുകളെയും മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 ൽ ആരംഭിച്ച മിഷൻ കർമ്മയോഗി ഇന്ത്യൻ മൂല്യങ്ങളിലും ആഗോള വീക്ഷണങ്ങളിലും അധിഷ്ഠിതമായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഭാവിയിലേക്ക് വാർത്തെടുക്കാനും സിവിൽ സർവീസ് സ്ഥാപനങ്ങളുടെ സഹകരണം വർധിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സുൽത്താൻ ബത്തേരി: വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനായി സോണിയാ ഗാന്ധി വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയും പ്രാരണത്തിന് സജീവമായുണ്ടാകും. മറ്റന്നാളാണ് സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുന്നത്.

കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ ഇവർ പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയോടൊപ്പം ഇവർ ഉണ്ടാകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയാ ഗാന്ധി കേരളത്തിൽ സന്ദർശനത്തിനെത്തുന്നത്.

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഷാഫി പറമ്പിൽ മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ കെപിസിസിക്ക് പരാതി നൽകി. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകും. കഴിവുള്ള ചെറുപ്പക്കാരെ നിഷ്‌കാസനം ചെയ്യുന്ന സമീപം ഉണ്ട്. ചെറുപ്പക്കാർ പാതിവഴിയിൽ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും ഷിഹാബുദ്ദീൻ അഭിപ്രായപ്പെട്ടു.

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ആൾക്കെതിരെ കേസ്. ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭർത്താവ് പരാതി നൽകിയിട്ടുള്ളത്. അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രംഗത്തെത്തി. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്.

എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ്. എഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താൻ സംശയിക്കുന്നില്ലെന്നും ഗംഗാധരൻകൂട്ടിച്ചേർത്തു.

കണ്ണൂർ: കണ്ണൂർ ഗവ. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മത്സ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന്, കൃത്യമായ ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ശനിയാഴ്ച വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് ശേഷം തലവേദന, വായിൽ പുകച്ചിൽ, ചെറിയ ചൊറിച്ചിൽ, ചൂട് തോന്നൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് 20 കുട്ടികൾ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.

ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവർ സ്പോർട്സ് ഹോസ്റ്റൽ, ആയിക്കര ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. മത്സ്യസാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ യും ആരോഗ്യ വകുപ്പിന്റെയും പരിശോധന കർശനമാക്കാൻ തീരുമാനിച്ചു..

മന്ത്രിയുടെ യോഗത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം, സ്പോർട്സ്, യുവജനകാര്യം, സ്‌കൂൾ അധികൃതർ, പി ടി എ ഭാരവാഹികൾ, സ്പോർട്സ് ഹോസ്റ്റൽ അധികൃതർ എന്നിവർ പങ്കെടുത്തു. സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു
.
ഡിഎംഒ ഡോ പിയുഷ് എം നമ്പൂതിരിപ്പാട് സ്‌കൂളും ഹോസ്റ്റലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡിഎംഒയുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് തന്നെ സ്പോർട്്സ് ഹോസ്റ്റൽ സന്ദർശിച്ചിരുന്നു.

തിരുവനന്തപുരം: പ്രതിരോധമേഖലയിൽ ഇന്ത്യയുടെ തന്നെ വിശ്വസ്ത പങ്കാളിയായ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെൽട്രോണിന് പുതിയ മൂന്ന് ഓർഡറുകൾ കൂടി ലഭിച്ച സന്തോഷം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. വിശാഖപട്ടണം നേവൽ സയൻസ് & ടെക്‌നോളജിക്കൽ ലബോറട്ടറിയിൽ നിന്നും ഫ്‌ലൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, NPOL രൂപകൽപ്പന നിർവഹിച്ച ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ Autonomous Underwater Vessel നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നതിനായി റെക്‌സി മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും, ബോ ആൻഡ് ഫ്‌ലാങ്ക് അറേ നിർമ്മിക്കുന്നതിനും ഉള്ള ഓർഡറുകളാണ് കെൽട്രോണിന് ലഭിച്ചത്.

ഡിഫൻസ് ഇലക്ട്രോണിക്‌സ് മേഖലയിൽ 25 വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കെൽട്രോൺ നാവികസേനയ്ക്ക് വേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകിവരുന്നുണ്ട്. എൻപിഒഎൽന്റെയും എൻ എസ് ടി എൽ – ൻറെയും സി-ഡാക്കിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ – ടോവ്ഡ് അറെ സിസ്റ്റം, സോണാർ അറെ, ഡിസ്ട്രസ് സോണാർ, എക്കോ സൗണ്ടർ, കാൽവിറ്റേഷൻ മീറ്റർ, ഇ എം ലോഗ്, അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ നാവികസേന രാജ്യത്തിനകത്തും പുറത്തും നിർമ്മിക്കുന്ന എല്ലാ കപ്പലുകളിലും അന്തർവാഹിനികളിലും കെൽട്രോണിന്റെ 3 സുപ്രധാന ഉപകരണങ്ങൾ – Eco Sounder, EM log, Underwater Communication Systems – ഉണ്ട് എന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവർത്തിക്കുക. ഈ നൂതന ചികിത്സയിലൂടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയിൽ വളരെയധികം ചിലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായാണ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം സ്ഥാപിക്കുന്നത്. ഗർഭത്തിലുള്ള കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റൽ മെഡിസിൻ. ഒബ്സ്റ്റീട്രിഷ്യൻമാർ, പീഡിയാട്രിഷ്യൻമാർ, ജനിറ്റിക്‌സ് വിദഗ്ധർ, ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റുകൾ എന്നിവരുൾപ്പെടുന്ന ഒരു മൾട്ടിഡിസ്സിപ്ലിനറി ടീം ഉൾപ്പെടെയുള്ളവരാണ് ഈ വിഭാഗത്തിലുണ്ടാകുക.

അത്യാധുനിക ഫീറ്റൽ മെഡിസിൻ സാങ്കേതികവിദ്യകളിലൂടെ സങ്കീർണമായ അവസ്ഥകളുള്ള കുഞ്ഞുങ്ങളെ പോലും രക്ഷിച്ചെടുക്കാനാകും. ജന്മവൈകല്യങ്ങൾ, ജനിതക രോഗങ്ങൾ, മറ്റ് ഭ്രൂണ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രീനേറ്റൽ ഡയഗ്നോസിസ്, ഗർഭധാരണത്തിലുടനീളം ഭ്രൂണ വളർച്ച, വികസനം എന്നിവ നിരീക്ഷിക്കുന്ന ഫീറ്റൽ സർവൈലൻസ്, രക്തദാനം, ശസ്ത്രക്രിയ എന്നിവ പോലുള്ള ഭ്രൂണ അവസ്ഥകൾക്ക് ഇടപെടൽ നൽകുന്ന ഫീറ്റൽ തെറാപ്പി, ഭ്രൂണ വൈകല്യങ്ങളോ സങ്കീർണതകളോ ബാധിക്കുന്ന രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും മാർഗദർശനവും പിന്തുണയും നൽകുന്ന കൗൺസലിംഗ് & സപ്പോർട്ട് എന്നിവ ഈ വിഭാഗത്തിലുണ്ടാകും. ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പിയോ ജെയിംസ് ഫീറ്റൽ മെഡിസിൻ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കും.

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള തീരത്ത് 20/10/2024 (നാളെ) രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

റായ്പൂർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. മഹാരാഷ്ട്രയിലെ സതാര സ്വദേശിയായ അമർ പൻവർ (36), കർണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.

സ്‌ഫോടനത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ഗ്രാമത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

മൊഹന്ദി, ഇരക്ഭട്ടി, ഓർച്ച ഏരിയകളിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ചേർന്ന് നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിന് ശേഷം മടങ്ങി വരികയായിരുന്ന പട്രോളിംഗ് സംഘം സഞ്ചരിച്ച വാഹനം ഐഇഡി പൊട്ടിത്തെറിച്ച് തകരുകയായിരുന്നു.

മോസ്‌കോ: ബോളിവുഡ് സിനിമകൾക്ക് റഷ്യയിൽ മികച്ച സ്വീകാര്യതയുണ്ടെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. റഷ്യക്കാർ ഭൂരിഭാഗവും ബോളിവുഡ് സിനിമകളുടെ ആരാധകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമാ വ്യവസായത്തിന് റഷ്യൻ വിപണിയിലുള്ള സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതിനായി വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ സിനിമകൾക്കാണ് മറ്റേത് ബ്രിസ്‌ക് രാജ്യങ്ങളിലെയും വിനോദ പരിപാടികളെക്കാൾ റഷ്യയിൽ പ്രചാരം കൂടുതലുള്ളത്. റഷ്യയിൽ ബോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യാൻ വേണ്ടി പ്രത്യേകം ടിവി ചാനലുകളുണ്ട്. അവയിൽ 24 മണിക്കൂറും ഇന്ത്യൻ സിനിമകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സിനിമാ നിർമ്മാണവും ഫിലിം ഇൻഡസ്ട്രിയും സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. അത് കൃത്യമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ തങ്ങളുടെ വിപണിയെ സംരക്ഷിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഫിലിം മേക്കേഴ്‌സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.