Latest News (Page 94)

ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോഡ് സൃഷ്ടിച്ച് തെലുങ്ക് താരം അല്ലു അർജുൻ. പുഷ്പ 2-വിനായി അല്ലു അർജുൻ പ്രതിഫലമായി വാങ്ങിയത് 300 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറിയതെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ.

ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. 500 കോടി രൂപയാണ് പുഷ്പ 2 ന്റെ നിർമ്മാണ ചെലവ്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൽപ്പറ്റ: ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ മീനങ്ങാടിയിൽ പ്രസംഗിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമർശം. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. മണിപ്പൂരിൽ ഉൾപ്പടെ ന്യുനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കൻ ആണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ല. കർഷകരോട് അനുതാപം ഇല്ലാത്ത സർക്കാരാണുള്ളതെന്ന് പ്രിങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. വയനാട്ടിനു മെഡിക്കൽ കോളേജ് വേണം എന്നത് തനിക്കറിയാം, പലരും പറഞ്ഞു. തന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ താനും തുടരും. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ എല്ലാം താൻ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ തനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

എത്ര പണം തന്നാലും താൻ റീമേക്ക് ഓഫറുകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. എപ്പോഴും ഒറിജിനൽ സിനിമകൾ ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് താരം പറഞ്ഞു. ഹിന്ദിയിൽ നിന്ന് വലിയ പ്രതിഫലത്തിന് ഒരു റീമേക്ക് ഷോ ചെയ്യാൻ വന്നിരുന്നുവെന്നും എന്നാൽ റീമേക്ക് ആയതുകൊണ്ട് തന്നെ താനത് വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. ഗ്രേറ്റ് ആന്ധ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ സിനിമകൾ ചെയ്യുന്നത് പണത്തിനു വേണ്ടിയല്ല. ഒരിക്കലും പണത്തിനു വേണ്ടി താൻ സിനിമകൾ ചെയ്യില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന റൂൾ ആണത്. പണമല്ല താൻ നേടാൻ ശ്രമിക്കുന്നത്. ഒരു സിനിമയിൽ കൊണ്ടുവരേണ്ട മൂല്യങ്ങളെ കുറിച്ച് താൻ ബോധവാനാണ് അതനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നും ദുൽഖർ ചൂണ്ടിക്കാട്ടി.

നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹം. വലിയ പ്രതിഫലം നൽകി തനിക്കൊരു റീമേക്ക് ചിത്രം ഓഫർ ചെയ്താൽ താനത് സ്വീകരിക്കില്ല. തനിക്ക് ഒരുപാട് പണം തന്നതുകൊണ്ട് മാത്രം താനൊരു തെലുങ്ക് സിനിമ ചെയ്യില്ലെന്നും താരം കൂട്ടിച്ചേർത്തു.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കാവ്യാ മാധവൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇന്നും കാവ്യയുടെ ആരാധക വൃന്ദത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്റെ റൂമിൽ എത്തി തന്നെ അമ്പരപ്പിച്ച ഒരു അതിഥിയെക്കുറിച്ച് കാവ്യ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.

മുറിയിൽ വന്ന് രണ്ടുമൂന്നു തവണ വാതിലിൽ മുട്ടുന്നത് കേട്ട് താൻ വാതിൽ തുറന്നു നോക്കുകയായിരുന്നു. ഇതാരാ ലോക്ക് ചെയ്‌തേയെന്നും ലോക്ക് ഒന്നും ചെയ്യേണ്ട കേട്ടോ, എനിക്കിടയ്ക്കിടയ്ക്കു ഇങ്ങോട്ടു വരണമെന്ന് മുന്നിൽ നിന്നയാൾ പറഞ്ഞുവെന്നും കാവ്യ വ്യക്തമാക്കുന്നു. തന്റെ വാതിലിൽ മുട്ടിയയാൾക്ക് രണ്ട് വയസ് മാത്രമായിരുന്നു പ്രായം. ആ രണ്ടു വയസുകാരൻ മറ്റാരുമായിരുന്നില്ല, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷായിരുന്നു അത്.

ഫോണിൽ വിളിച്ച് ‘ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ എന്ന് പാട്ട് പാടിയും മാധവ് തന്നെ അമ്പരപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. 2012ൽ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് മാധവ് സുരേഷിനെ കുറിച്ച് കാവ്യ ഇക്കാര്യം സുരേഷ് ഗോപിയോട് പറഞ്ഞത്.

ഇന്ന് നമ്മളിൽ പലരെയും അലട്ടുന്ന പ്രശനങ്ങളിലൊന്നാണ് ഡ്രൈ ഐ അഥവാ കണ്ണിന് വരുന്ന വരൾച്ച. കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. ഇത് പ്രധാനമായും രണ്ടു വിധത്തിലുണ്ടാകുന്നു. കണ്ണിലെ ലാക്രിമൽ ഗ്ലാന്റിൽ നിന്നും കണ്ണുനീരുൽപാദിപ്പിച്ച് അത് നോർമലായി പോകുന്നു.

എന്നാൽ ചിലപ്പോൾ ഇതേ രീതിയിൽ കണ്ണുനീർ ഉൽപാദിപ്പിയ്ക്കാൻ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യൻസി ഡ്രൈ ഐ എന്നാണ് പറയുന്നത്. കണ്ണുനീർ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നമാകും ഇതിന് കാരണം. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലുണ്ടാകുന്നത്.

അടുത്തത് ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്. അന്തരീക്ഷത്തിലേയ്ക്ക് കണ്ണുനീർ ആവിയായി പോകുന്നു. ഇതിന് കാരണം നാം കണ്ണ് നോർമലായി ചിമ്മാതിരിയ്ക്കുമ്പോഴാണ്. പ്രത്യേകിച്ച് സ്‌ക്രീനിൽ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ. സ്‌ക്രീനിൽ നോക്കുമ്പോൾ, ഇത് മൊബൈൽ ആണെങ്കിലും ലാപ്ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാൻ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോൾ കണ്ണുനീര് സ്വാഭാവികമായി കണ്ണിൽ പരന്ന് കണ്ണിന് സ്വാഭാവിക ഈർപ്പമുണ്ടാകും. എന്നാൽ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോൾ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരൾച്ചയുണ്ടാക്കുന്നു. കണ്ണുനീർ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.

മദ്യപാന ശീലം യുവാക്കളിൽ സ്‌ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. 2022-ലെ ഇന്റർസ്‌ട്രോക്ക് പഠനം അനുസരിച്ച് ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ.

തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ മദ്യം തടസ്സപ്പെടുത്തും. ഇത് തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകും. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജൻ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിനും കാരണമാകും.

പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് ലാൻസെറ്റ് പഠനം വെളിപ്പെടുത്തി. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാനും സാധ്യതയുണ്ട്. പൊണ്ണത്തടി, പ്രമേഹം, സമ്മർദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീർഘകാല ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുക്കോൺ. ബാഡ്മിന്റൻ താരമായിരുന്ന ദീപിക പിന്നീട് ഈ മേഖല ഉപേക്ഷിച്ച് മോഡലിംഗിലേക്കും സിനിമാ മേഖലയിലേക്കും തിരിയുകയായിരുന്നു. 500 കോടി രൂപയിലധികമാണ് ദീപികയുടെ ആസ്തി. 12 ൽ അധികം ബ്രാൻഡുകളിൽ ദീപികയ്ക്ക് നിക്ഷേപമുണ്ട്.

2015ലാണ് തന്റെ സ്വന്തം വസ്ത്ര ബ്രാൻഡെന്ന നിലയിൽ ‘ഓൾ എബൗട്ട് യു’ എന്ന സംരംഭത്തിന് ദീപിക തുടക്കം കുറിച്ചത്. പ്രമുഖ ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ മിന്ദ്രയുമായി ചേർന്നായിരുന്നു ഇത്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ദീപിക വിപണിയിലെത്തിച്ചത്. 2017ൽ തന്റെ പോർട്ഫോളിയോ മാനേജ് ചെയ്യുന്നതിനായി കെഎ എന്റർപ്രൈസസ് എൽഎൽപി എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടു. ഇതിന് പിന്നാലെ കാ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസും തുടങ്ങി.

2019ൽ ഓൺലൈൻ ബ്യൂട്ടി പ്രൊഡക്റ്റ്സിന്റെ മാർക്കറ്റ് പ്ലേസായ പർപ്പിളിൽ ദീപിക നിക്ഷേപം നടത്തിയിരുന്നു. ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പായ ഫർലെൻകോയിലും താരത്തിന് നിക്ഷേപമുണ്ട്. മുംബൈ കേന്ദ്രമാക്കിയ പാക്കേജ്ഡ് ഫുഡ്സ് സ്റ്റാർട്ടപ്പായ ഡ്രം ഫുഡ്സ് ഇന്റർനാഷണലിലും ദീപിക നിക്ഷേപം നടത്തി. തനിഷ്‌കും ഒപ്പോയും ആഡിഡാസുമുൾപ്പടെ നിരവധി വൻകിട ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് ദീപിക.

പാലക്കാട്: യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ അഗ്നിപർവതം പുകയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. പി സരിന്റെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കും. വോട്ടർമാർക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയതു കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിന്റെ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കി. പരാമർശം വിവാദമായതോടെ സരിൻ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നുമായിരുന്നു സരിന്റെ വിശദീകരണം.

സരിൻ വിശദീകരിച്ചു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ അഭിപ്രായപ്പെട്ടു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.

തിരുവനന്തപുരം: സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയും വികസനവും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് സമന്വയം പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളിലെയും തൊഴിൽ രഹിതരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിഴിഞ്ഞം, കോവളം പ്രദേശങ്ങളിൽ നിന്നായി 850 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം ബി ആർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം അഭ്യസ്തവിദ്യരെ തൊഴിൽ രംഗത്തെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. എം വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗങ്ങളായ പി.റോസ, എ. സൈഫുദ്ദീൻ ഹാജി, കൗൺസിലർമാരായ പനിയടിമ, സമീറ എസ് മിഹ്ദാദ്, നിസാമുദ്ദീൻ എം, സംഘടക സമിതി ചെയർമാൻ എ.ആർ അബുസാലി, കൺവീനർ എസ് ആന്റണി എന്നിവരും പങ്കെടുത്തു. തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലുള്ള 0484 എയ്‌റോ ലോഞ്ചിലെ അതിഥി മുറികൾ പ്രവർത്തനസജ്ജമായി. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ നാളെ മുതൽ മുറികൾ ലഭിക്കും. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി വിമാനത്താവളത്തിലേത് രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചാണ്. ഗസ്റ്റ് റൂമുകളും കോൺഫറൻസ് ഹാളും ജിമ്മും സ്പായും ഉൾപ്പെടെയുള്ള നൂതന സൗകര്യങ്ങൾ ഇവിടെയുണ്ട്. സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര – അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

ചെലവിൽ ആഢംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാൽ നിർമ്മിച്ച 0484 എയ്‌റോ ലോഞ്ചിലെത്തിയാൽ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ – വർക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ് സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാൻ കഴിയും.