കെൽട്രോണിന് സുവർണ്ണകാലം; പ്രതിരോധമേഖലയിൽ 3 പുതിയ കരാറുകൾ

തിരുവനന്തപുരം: പ്രതിരോധമേഖലയിൽ ഇന്ത്യയുടെ തന്നെ വിശ്വസ്ത പങ്കാളിയായ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെൽട്രോണിന് പുതിയ മൂന്ന് ഓർഡറുകൾ കൂടി ലഭിച്ച സന്തോഷം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. വിശാഖപട്ടണം നേവൽ സയൻസ് & ടെക്‌നോളജിക്കൽ ലബോറട്ടറിയിൽ നിന്നും ഫ്‌ലൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, NPOL രൂപകൽപ്പന നിർവഹിച്ച ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മിക്കുന്നതിനും ഇന്ത്യയിൽ Autonomous Underwater Vessel നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നതിനായി റെക്‌സി മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും, ബോ ആൻഡ് ഫ്‌ലാങ്ക് അറേ നിർമ്മിക്കുന്നതിനും ഉള്ള ഓർഡറുകളാണ് കെൽട്രോണിന് ലഭിച്ചത്.

ഡിഫൻസ് ഇലക്ട്രോണിക്‌സ് മേഖലയിൽ 25 വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കെൽട്രോൺ നാവികസേനയ്ക്ക് വേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകിവരുന്നുണ്ട്. എൻപിഒഎൽന്റെയും എൻ എസ് ടി എൽ – ൻറെയും സി-ഡാക്കിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ – ടോവ്ഡ് അറെ സിസ്റ്റം, സോണാർ അറെ, ഡിസ്ട്രസ് സോണാർ, എക്കോ സൗണ്ടർ, കാൽവിറ്റേഷൻ മീറ്റർ, ഇ എം ലോഗ്, അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ നാവികസേന രാജ്യത്തിനകത്തും പുറത്തും നിർമ്മിക്കുന്ന എല്ലാ കപ്പലുകളിലും അന്തർവാഹിനികളിലും കെൽട്രോണിന്റെ 3 സുപ്രധാന ഉപകരണങ്ങൾ – Eco Sounder, EM log, Underwater Communication Systems – ഉണ്ട് എന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.