Latest News (Page 89)

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയയാത്ത ആരും പൊലീസിൽ വേണ്ടെന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്. ഇത്തരം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിലുൾപ്പെട്ട 108 പൊലീസുദ്യോഗസ്ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. അത്തരക്കാർക്ക് സേനയിൽ സ്ഥാനമില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സർക്കാരാണിത്. ഈ നടപടി ഇനിയും തുടരും. സമാനതകളില്ലാത്ത മാറ്റങ്ങളാണ് കഴിഞ്ഞ എട്ടര വർഷത്തിനിടെ കേരള പൊലീസിലുണ്ടായത്. പൊലീസിന്നെ ജനകിയമാക്കാനുള ശ്രമമാണ് എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയത്. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസിനെ പരിവർത്തിപ്പിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃകാ ഹരിത പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടന്നു.

കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തിയത്. 2024 നവംബർ 1 ന് 50766 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു. 18232 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 903 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചു. 6952 വിദ്യാലയങ്ങളാണ് ഹരിത വിദ്യാലയ പദവിയിലെത്തിയത്. 537 പൊതുസ്ഥലങ്ങളെയും 458 കലാലയങ്ങളെയും ഹരിതമായി പ്രഖ്യാപിച്ചു. 68 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്.

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം ) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക. സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഏകോപനത്തിൽ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ഈ ജനകീയ ക്യാമ്പയിൻ കേരളം ഏറ്റെടുത്തിരിക്കുന്നത്.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കൊല്ലം ജില്ലയിൽ മുനിസിപ്പൽ കോർപ്പറേഷനിലെ ഹരിത പ്രഖ്യാപനങ്ങളും സാക്ഷ്യപത്ര വിതരണവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. അലയമൺ ഗ്രാമപഞ്ചായത്തിലെ ഹരിത പ്രഖ്യാപനങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയ ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനങ്ങൾ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. നിർവഹിച്ചു.

ഇടുക്കി ജില്ല മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എറണാകുളം ജില്ലയിൽ സ്വാപ്പ് ഷോപ്പ്/ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിന്റെയും ഹരിത അങ്കണവാടികളുടെയും പ്രഖ്യാപനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. കണ്ണൂർ നാറാത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ വിളംബര ഘോഷയാത്ര എം.എൽ.എ. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ ശൃംഖലയും ഹരിത സംഗമവും ഗവ. ചീഫ് വിപ്പ് ഡോ. എം. ജയരാജ് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലയിൽ അടവി ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. യും റാന്നി ഗ്രാമപഞ്ചായത്തിലെ ഹരിത അയൽക്കൂട്ട ഹരിത വിദ്യാലയ പ്രഖ്യാപനങ്ങൾ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യും നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിൽ വെള്ളറട ഗവ. യു.പി.എസ്. ഹരിത വിദ്യാലയ പ്രഖ്യാപനം സി. കെ. ഹരീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. തൃശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തെ ഹരിത തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി നഗരസഭാ ഹരിത വിദ്യാലയം, ഹരിത സ്ഥാപനം പ്രഖ്യാപനങ്ങൾ കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു.

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ സർക്കാരിന്റെ ഭരണമെന്നും ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരളാ പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വർഗീയ സംഘർഷങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ – വയോജന – ശിശുസൗഹൃദമായി.

സാമ്രാജ്യത്വ ഭരണകാലത്തെ മനോഘടനയിൽ നിന്നും മുക്തമായി ഒരു ജനകീയ സേന എന്ന നിലയിലേക്കുള്ള കേരളാ പോലീസിന്റെ പരിവർത്തനമാണ് കഴിഞ്ഞ 68 വർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രളയകാലത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ കാലത്തും സേന നടത്തിയ ഇടപെടലുകൾ പോലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുത്തി. കുറ്റാന്വേഷണ മികവിൽ കേരളാ പോലീസിന് പകരംവെയ്ക്കാൻ രാജ്യത്ത് മറ്റൊരു സേനയില്ല. ഒരിക്കലും തെളിയില്ലെന്നു കരുതിയ നിരവധി കേസുകൾ സേന തെളിയിച്ചു. സംസ്ഥാനത്തിനകത്തു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ പോയി വരെ പ്രതികളെ പിടികൂടുന്നു. ഇതെല്ലാം കേരളാ പോലീസിന്റെ കുറ്റാന്വേഷണ മികവ് വ്യക്തമാക്കുന്നുണ്ട്.

കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന സേനയും കേരളാ പോലീസാണ്. ഇന്റർനെറ്റും ഫൈബർ കണക്ടിവിറ്റിയും ഇല്ലാത്ത ഒറ്റ പോലീസ് സ്റ്റേഷനും നിലവിൽ കേരളത്തിലില്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കാനുള്ള തനതുസാങ്കേതികവിദ്യ വരെ ഇന്ന് കേരളാ പോലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്ത് കേരളാ പോലീസ് ആർജിച്ച മികവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഇതിനായി നിരവധി ബോധവൽക്കരണ പരിപാടികളാണ് നടത്തിവരുന്നത്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ‘1930’ എന്ന നമ്പറിൽ അറിയിക്കണമെന്ന പ്രചാരണത്തിന് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യന്നതിനുള്ള വെബ് പേർട്ടലിൽ ഈ വർഷം സെപ്റ്റംബർ 30 വരെ 31,107 പരാതികളാണ് ലഭിച്ചത്. തട്ടിപ്പുകാർ അപഹരിച്ച തുകയിൽ 79.81 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്നും തട്ടിപ്പിനായി ഉപയോഗിച്ചുവന്ന 32,807 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളാ പോലീസിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. ഈ ലക്ഷ്യത്തിലേക്ക് സർക്കാർ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കേരളാ പോലീസ് സേനയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ പത്തു ശതമാനം വനിതകൾക്ക് മാത്രമായി നീക്കിവക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, കെ.എ.പി. II ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് പ്രമോദ് വി തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.

തിരുവനന്തപുരം: വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. ഇത് അഞ്ചു ശതമാനം പലിശ ഇളവ് ലഭിക്കും. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിയ്ക്കായി 50 കോടി രൂപ കെഎഫ്‌സിയിൽ നിന്നും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി- എക്‌സ് സർവ്വീസ് മെൻ സ്‌കീം എന്ന പേരിൽ വായ്പാ പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന് ശതമാനം സർക്കാർ സബ്‌സിഡി അനുവദിക്കും. രണ്ട് ശതമാനം കെഎഫ്‌സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ് സംരംഭകൻ നൽകേണ്ടത്.

എംഎസ്എംഇ ഉദയം രജിസ്‌ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനികക്ഷേമ ഓഫീസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക് www.kfc.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോൾ വീട്ടിൽ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ. ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങൾ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പണം സമ്പാദിക്കാം എന്നതെന്ന് പോലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളിൽ നിന്നോ അജ്ഞാത നമ്പറിൽ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റിൽ കയറുമ്പോൾ യൂസർ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടുന്നു. തുടർന്ന് ചില മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കും. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ അക്കൗണ്ടിൽ തുക ലഭിച്ചതായി കാണാം.

കൂടുതൽ പണം സമ്പാദിക്കാനായി കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടിൽ തുക വർദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിൻറെ ലിങ്ക് കൂടുതൽ ആളുകൾക്ക് അയച്ചുനൽകിയാൽ കൂടുതൽ വരുമാനം വർദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തുക. എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികൾ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കുമെന്ന് ഓർക്കണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം.

തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം; കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുന്നു. മന്ത്രി പി രാജീവാണ് ഈ സന്തോഷം ജനങ്ങളുമായി പങ്കുവെച്ചത്.

കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്‌ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവൺമെന്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തനിക്ക് സഭാ കമ്പമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ തനിക്ക് ഉത്കണ്ഠ കൂടുമെന്ന് നടി പറഞ്ഞു. ആളുകൾ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം.

പേടിയുള്ള ആളാണ് താൻ. മുന്നിൽ കുറേ ആളുകളെ കാണുമ്പോൾ ടെൻഷൻ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ ഉത്കണ്ഠ കൂടും. അതിപ്പോൾ ആളുകൾ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവർ തന്നെ പ്രശംസിക്കുമ്പോൾ താൻ ഉള്ളിൽ വൺ, ടൂ, ത്രീ എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുകയായിരിക്കുമെന്ന് താരം പറഞ്ഞു.

പ്രേമം പുറത്തിറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ തന്നെ ഇപ്പോഴും മലർ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്.വചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറിൽ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്. ആദ്യത്തെ രണ്ട് ലൈൻ കേട്ടപ്പോൾ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈൻ തുടങ്ങുന്നത്. അത് കേട്ടപ്പോൾ ആകെ സർപ്രൈസ് ആയെന്നും താരം കൂട്ടിച്ചേർത്തു.

അവതരണ രംഗത്ത് തന്റേതായൊരു ശൈലികൊണ്ട് ശ്രദ്ധേയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയർ മാറിമറിഞ്ഞത്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ വീണ്ടും സ്റ്റാർ സിംഗർ വേദിയിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് രഞ്ജിനി. തന്റെ ജീവിതത്തിലെ കൂടുതൽ കാലവും താനൊരു അവതാരകയായിരുന്നു. ഒരു മൈക്രോഫോണുമായി ആങ്കറിംഗും പ്രസന്റേഷനും, ഹോസ്റ്റിംഗും, മോഡറേറ്റിങും ഒക്കെയായി നിങ്ങൾക്ക് ഞാൻ സുപരിചിതയാണ്. 15ാം വയസിലായിരുന്നു ഞാൻ ഇത് തുടങ്ങിയത്. 2007ലാണ് ഇതൊരു ഫുൾ ടൈം ജോബ് ആക്കിയത്. അന്നത്തെ പോലെ തന്നെ എക്സൈറ്റഡാണ് ഞാൻ ഇപ്പോഴുമെന്ന് രഞ്ജിനി പറയുന്നു.

ആ സ്റ്റേജില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സ്റ്റേജും ചാനലുമാണ് തന്നെ നിങ്ങളറിയുന്ന രഞ്ജിനി ഹരിദാസ് ആക്കി മാറ്റിയത്. താൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ തനിക്ക് സ്റ്റാർ സിംഗർ സമ്മാനിച്ചു. ആരോടൊക്കെ നന്ദി പറയണമെന്ന് ചോദിച്ചാൽ രണ്ടുപേരെയാണ് താൻ ഓർക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് തന്നെ സാഹസികന്റെ ലോകം എന്ന ഷോയിലേക്ക് തിരഞ്ഞെടുത്തത്. സ്റ്റാർ സിംഗറിലേക്ക് തന്നെ ക്ഷണിച്ചത് ശ്രീകണ്ഠൻ നായരാണ്. അതിന് ശേഷമുള്ള കാര്യം ചരിത്രമാണ്, ഞാൻ പറയേണ്ടതില്ലല്ലോയെന്ന് രഞ്ജിനി വ്യക്തമാക്കി.

12 വർഷത്തിന് ശേഷം ആ ഷോയിലേക്ക് വീണ്ടുമെത്തിയപ്പോൾ വീട്ടിലേക്ക് തിരികെ വന്നത് പോലെയാണ് തനിക്ക് തോന്നിയത്. ആഗ്രഹിച്ച പോലെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ പ്രപഞ്ചത്തിന് പ്രത്യേകമായൊരു കഴിവുള്ളത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. സ്റ്റാർ സിംഗറിലേക്ക് വീണ്ടും ക്ഷണിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളോടൊപ്പം ജോലി ചെയ്യാനായത് വലിയ സന്തോഷമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ പ്രേക്ഷകമനസിൽ തന്റേതായ ഇടംനേടിയ താരറാണിയാണ് നയൻതാര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.

താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം റിലീസിനൊരുങ്ങുകയാണ്. നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.

രണ്ട് വർഷം മുൻപാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയിരുന്നത്. ടീസറും പുറത്ത് വിട്ടിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിഘ്നേഷ് ശിവനുമായുള്ള പ്രണയവും തുടർന്നുണ്ടായ വിവാവുമായിരുന്നു ആദ്യം ഡോക്യുമെന്ററിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീടാണ് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കിയത്. ‘നാനും റൗഡി താൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻസും വിഘ്നേഷും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേശ് ശിവൻ. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.