Latest News (Page 88)

തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മേരാ KYC മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ മുപ്പതിനുള്ളിൽ കേരളത്തിലുള്ള മുഴുവൻ എ.എ.വൈ, പി.എച്ച്. എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മസ്റ്ററിങിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ KYC മൊബൈൽ ആപ്പ് പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.

ഹൈദ്രാബാദ് എൻഐസിയുടെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന്റെ സാങ്കേതിക പരിശോധന നടത്തി വരുകയാണ്. നവംബർ പതിനൊന്നാം തീയതിയോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇ-കെവൈസി അപ്ഡേഷൻ നടത്താനാകും.

നിലവിൽ കേരളത്തിലെ റേഷൻ കാർഡ് മസ്റ്ററിങ് 84% പൂർത്തിയാക്കി. സംസ്ഥാനത്ത് 19,84,134 എ.എ.വൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 %) പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും ( 84.18 %) മസ്റ്ററിംഗ് പൂർത്തീകരിച്ചു. ഏറെ താമസിച്ചാണ് കേരളത്തിൽ മസ്റ്ററിംഗ് നടപടികൾ ആരംഭിച്ചതെങ്കിലും ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. റേഷൻ വ്യാപാരികളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും മികച്ച രീതിയിലുള്ള സഹകരണവും പിൻതുണയുമാണ് മസ്റ്ററിംഗിന് ലഭിക്കുന്നുണ്ട്.

നവംബർ 5 ന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികൾ, 6-ാം തീയതി മുതൽ ഐറിസ് സ്‌കാനർ ഉപയോഗിച്ചു വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്‌ഡേഷൻ താലൂക്കുകളിൽ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സജ്ജീകരിച്ചിട്ടുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) കഴിഞ്ഞ ഒരു വർഷമായി നിരവധി രോഗികൾക്ക് ആശ്വാസമേകി.

മസ്തിഷ്‌കാഘാത ചികിത്സ പൂർത്തിയാക്കി മൂന്ന് മാസം കഴിഞ്ഞതും സ്വന്തമായി എഴുന്നേറ്റു നിൽക്കാൻ കഴിയുന്നതുമായ രോഗികൾക്കാണ് മിതമായ നിരക്കിൽ ഗെയ്റ്റ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ചലന വൈകല്യങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പരമ്പരാഗത ഗെയ്റ്റ് ട്രെയിനിംഗ് പ്രശ്നങ്ങൾക്ക് മികച്ച പരിഹാരം നൽകുന്നതിനും നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി-ഗെയിറ്റർ സഹായകരമാണ്.

ജി-ഗെയ്റ്റർ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ ആശുപത്രിയായ തിരുവനന്തപുരം സർക്കാർ ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിലെ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശാനുസരണമാണ് രോഗികൾക്ക് ഗെയ്റ്റ് ട്രെയിനിങ് നൽകി വരുന്നത്. നിലവിൽ ഗെയ്റ്റ് ട്രെയിനിങ് ആവശ്യമുള്ള രോഗികൾക്കു സാധാരണ രീതിയിൽ മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ഇരുപത് സെഷൻസ് ആണ് ലഭ്യമാകുക. ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ സംവിധാനത്തിന്റെ ഉദ്ഘാടനം, 2023 നവംബർ 4-ന് ബഹു. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണ ജോർജാണ് നിർവഹിച്ചത്. നടപ്പിലാക്കി ഒരു വർഷം കൊണ്ട് നൂറ് കണക്കിന് പക്ഷാഘാത രോഗികളുടെ പുനരധിവാസം ജി-ഗെയ്റ്ററിലൂടെയുള്ള പരിശീലനത്തിലൂടെ വേഗത്തിൽ സാധ്യമാക്കിയതായി തിരുവനന്തപുരം ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ (ഡി എം ഒ) ആയ ഡോ. ബിന്ദു മോഹൻ പറഞ്ഞു.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ജനറൽ ഹോസ്പിറ്റലിലെ ജി-ഗെയിറ്റർ ഗെയ്റ്റ് പരിശീലനത്തിന്റെ പ്രവർത്തന സമയം. ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് ഇരുപതു ട്രെയിനിങ് സെക്ഷനുകൾക്ക് ആയിരം രൂപയും അല്ലാത്തവർക്ക് രണ്ടായിരം രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പി എം ആർ വകുപ്പിലെ ഡോക്ടർമാരുമായി ബന്ധപ്പെടുകയോ ബുധനാഴ്ചകളിൽ ജനറൽ ആശുപത്രിയിലെ സ്ട്രോക്ക് ക്ലിനിക്ക് സന്ദർശിക്കുകയോ ചെയ്യുക.

അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിച്ച താരമാണ് നടി ഉർവ്വശി. തന്റെ മകൾ തേജാലക്ഷ്മിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത്ര മുതിർന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയാനോ കെൽപ്പില്ലാത്ത ആളാണ് താൻ. വളർന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലിൽ ഞങ്ങൾ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ താൻ മകളുടെ മുറിയിൽ കടക്കാറില്ലെന്ന് ഉർവശി വ്യക്തമാക്കി.

മകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. അവൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവൾ ബാംഗ്ലൂരിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് താൻ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്ന് ഉർവ്വശി വ്യക്തമാക്കുന്നു.

താൻ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലാക്കി. അവർ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് താൻ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ക്രൈസ്റ്റിൽ നിന്നും പഠനം പൂർത്തിയാക്കി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇപ്പോഴവൾ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും ഉർവ്വശി കൂട്ടിച്ചേർത്തു.

ആഡംബര വാഹനമായ മെഴ്സിഡീസ് ബെൻസിന്റെ ജി വാഗൺ സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ. ഏകദേശം 3.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബെൻസ് നിരയിലെ ഏറ്റവും കരുത്തൻ എസ്‌യുവി ജി വാഗണിന്റെ പെർഫോമൻസ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്.

നാലു ലിറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതിയാകും.220 കിലോമീറ്ററാണ് ഉയർന്ന വേഗം. ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പ്രത്യേക താത്പര്യമുണ്ട്. ലാൻഡ് റോവർ ഡിഫൻഡറും ലംബോർഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് – നസ്രിയ ദമ്പതികൾ സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗണും ഫഹദിന്റെ ഗാരിജിനു അലങ്കാരമാകാൻ എത്തിയിരിക്കുന്നത്.

കുടുംബവുമൊത്ത് വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ വൈറലാകുന്നു. അനിയത്തി അഭിരാമി സുരേഷും അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പുവും ഒന്നിച്ചാണ് വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് ഇവർ ദീപാവലി ആഘോഷമാക്കി. ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ താരം വ്‌ളോഗിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകർക്ക് അഭിരാമിയും അമ്മ ലൈലയും നന്ദി അറിയിച്ചു.

കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് പറഞ്ഞു.

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങൾ പൂർത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും. സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്‌നിരക്ഷാ സേന ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയർഫോഴ്സ് വിവരങ്ങൾ കൈമാറുന്നതിനും പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.

തീർഥാടകർ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികൾ നിർമിക്കും. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മാലിന്യസംസ്‌ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിന് ആധുനിക മൊബൈൽ സംവിധാനങ്ങടക്കം ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭ, കുമരകം പഞ്ചായത്ത് എന്നിവിടങ്ങളിലെ മൊബൈൽ സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണ യൂണിറ്റ് ഇതിനായി ഉപയോഗിക്കും.

നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും മറ്റുസൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വിപുലമായ കാർഡിയോളജി ചികിത്സാസംവിധാനമുണ്ട്. ഇവിടങ്ങളിൽ തീർഥാടകർക്കായി പ്രത്യേകവാർഡുകളും ഇൻഫർമേഷൻ സെന്ററുകളും തുറക്കും. പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങൾ ഭക്തർക്കായി നൽകുന്നുണ്ട്. ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടർസ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും. മണ്ഡല-മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി ഡോക്ടർസ് പമ്പയിലും സന്നിധാനത്തും സേവനം ലഭ്യമാക്കും.

മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കൺട്രോൾ റൂമുകൾ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങൾ കേടായാൽ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.

ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയിൽ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. തേനി-പമ്പ സെക്ടറിൽ കൂടുതൽ സർവീസുകൾ നടത്തും.

ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗൽ മെട്രോളജിയും ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കർശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ എക്സൈസും പൊലീസും ചേർന്ന് സംയുക്തപരിശോധനകൾ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി. നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയിൽവേസ്റ്റേഷനുകളിൽ പൊലീസ് എയ്ഡ്പോസ്റ്റുകൾ തുറക്കും. കാനനപാതയിൽ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങൾ തുറക്കും. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ 1500 എക്കോ ഗാർഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിന്റെയടക്കം സേവനമുണ്ടാകും.

ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.

വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നർ അരവണ ബഫർ സ്റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ് , ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.

നിലയ്ക്കലിൽ 1045 ടോയ്ലറ്റുകളും പമ്പയിൽ 580 ടോയ്ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകൾക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്ലെറ്റുകളൊരുക്കും. പാരമ്പര്യപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി ബയോടോയ്ലെറ്റുകളും ബയോ യൂറിനലകളും അൻപതിലധികം സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്ക് അന്നദാനം നൽകി. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് പൂർണ്ണമായും പുനർ നവീകരിക്കുന്നു. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് പൂർണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.ബി. ഗണേഷ്‌കുമാർ, വീണ ജോർജ്, എം.എൽ.എ.മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളിൽ വായുമലിനീകരണ തോത് ഇനിയും ഉയരാനിടുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തിൽ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസ തടസ്സം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നുവെന്നാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്.

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് വ്യക്തമാക്കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ പോലീസിനോട് പറഞ്ഞു. പ്രശാന്തിനെ നേരത്തെ പരിചയമില്ല. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദിവ്യയെ പോലീസ് രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം, എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയിരുന്നു. റവന്യൂ മന്ത്രിയാണ് റിപ്പോർട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം: ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങൾ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്‌റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് കാശ്മീർ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. ഇത്തരം പരിപാടികൾ യുവ തലമുറയ്ക്ക് വിവിധ സംസ്‌കാരങ്ങൾ മനസിലാക്കാനുള്ള അവസരം ഒരുക്കും. സമാധാനം, വികസനം, പുരോഗതി എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങളിൽ കാശ്മീരിൽ നിന്നുള്ള യുവശബ്ദങ്ങൾ അത്യന്താപേക്ഷിതമാണ്.

1972-ൽ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി സ്ഥാപിതമായ നെഹ്‌റു യുവകേന്ദ്രം ഇന്ന് ഏറ്റവും വലിയ അടിസ്ഥാനതല യുവജന സംഘടനയായി വളർന്നു കഴിഞ്ഞു. നമ്മുടെ ഗ്രാമീണ യുവാക്കളുടെ വ്യക്തിത്വത്തെ സമ്പന്നമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് യുവതലമുറ സംഭാവന നൽകുന്നതിന് പ്രതികൂല സാഹചര്യങ്ങൾ തടസ്സമാകരുതെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ – കേരള മേഖല ഡയറക്ടർ വി. പാർവ്വതി, ജമ്മു കാശ്മീർ യൂത്ത് കണ്ടിജന്റ് ലീഡർ അസിസ്റ്റന്റ് പ്രൊഫസർ മുനീർ ഹുസ്സൈൻ ആസാദ്, നെഹ്‌റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്വച്ഛതാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ ജില്ലാ യൂത്ത് ഓഫീസർമാർക്കുള്ള പുരസ്‌ക്കാരങ്ങൾ ഗവർണർ ചടങ്ങിൽ വിതരണം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് പരിപാടി രൂപീകരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യ നിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും നടപടി സ്വീകരിച്ചു വരുന്നു. മെരിറ്റ് മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയുളള പദ്ധതികളും പ്രവർത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളിൽ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന പ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് 2016-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചതും തുടർച്ചയായി വിദ്യാകിരണം മിഷൻ നടപ്പാക്കിയതും. അതിനാലാണ് സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലയങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയർന്നത്. ഈ ഭൗതിക സാഹചര്യങ്ങളെയും കൂടി ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഇത് മുൻനിർത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടു മാത്രം ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ല. വിദ്യാലയങ്ങളിൽ അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ പരീക്ഷയ്ക്കു ശേഷവും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ പഠനപിന്തുണ ആവശ്യമുളള കുട്ടികളെ കണ്ടെത്തി പരിഹാര മാർഗങ്ങൾ തേടി കുട്ടികൾ നിശ്ചിത ശേഷികൾ നേടുന്നുണ്ട് എന്ന് ചുമതലയുളള ടീച്ചർമാർ ഉറപ്പുവരുത്തണമെന്ന് മന്ത്രി അറിയിച്ചു.

ഓരോ വിദ്യാലയത്തിലെയും എല്ലാ കുട്ടികൾക്കും പഠന പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. പാദ, അർദ്ധ, വാർഷിക പരീക്ഷകൾക്കു ശേഷമുളള ദിവസങ്ങളിൽ പരിഹാരബോധന പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണം. നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഓരോ ക്ലാസ്സിലും പ്രവർത്തനരേഖ വികസിപ്പിക്കേണ്ടതാണ്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കീം ഓഫ് വർക്കിന്റെയും ടീച്ചർ ടെക്സ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. നിരന്തര മൂല്യനിർണ്ണയം സമഗ്രവും സുതാര്യവുമാക്കുന്നതിന് നിലവിൽ ഉപയോഗത്തിലിരിക്കുന്ന സഹിതം പോർട്ടലിനോടോപ്പം സമഗ്ര പ്ലസും ഉപയോഗപ്പെടുത്തേണ്ടതാണ്.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.