തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോൾ വീട്ടിൽ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ. ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങൾ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പണം സമ്പാദിക്കാം എന്നതെന്ന് പോലീസ് വ്യക്തമാക്കി.
സുഹൃത്തുക്കളിൽ നിന്നോ അജ്ഞാത നമ്പറിൽ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റിൽ കയറുമ്പോൾ യൂസർ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടുന്നു. തുടർന്ന് ചില മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കും. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ അക്കൗണ്ടിൽ തുക ലഭിച്ചതായി കാണാം.
കൂടുതൽ പണം സമ്പാദിക്കാനായി കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടിൽ തുക വർദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിൻറെ ലിങ്ക് കൂടുതൽ ആളുകൾക്ക് അയച്ചുനൽകിയാൽ കൂടുതൽ വരുമാനം വർദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തുക. എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികൾ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കുമെന്ന് ഓർക്കണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം.

