Latest News (Page 86)

ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ദുൽഖറിനെ കുറിച്ച് മൃണാൾ താക്കൂർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഒരു നടനെന്ന നിലയിൽ താൻ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് ദുൽഖർ എന്നാണ് മൃണാൾ പറയുന്നത്. വളരെ ഡെഡിക്കേറ്റഡും ഭാഷയെ പേടിക്കാത്ത വ്യക്തിയുമാണ് ദുൽഖർ. ദുൽഖറിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം ഗോഡ്‌സ് ചൈൽഡ് ആണ്. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് താൻ എന്ന് പറയാൻ തനിക്കൊരു മടിയുമില്ല. കാരണം താൻ അദ്ദേഹത്തെ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സെറ്റിൽ ഒക്കെ മറ്റുള്ളവരെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മലയാളമോ ഹിന്ദിയോ തമിഴ് തെലുങ്ക് ഏതുമാകട്ടെ ആഭാഷയിലെ സിനിമ ചെയ്യാൻ ദുൽഖറിന് മടിയില്ലെന്നും നടി വ്യക്തമാക്കി.

ഇന്ന് താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ദുൽഖർ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു.

ഹൈദരാബാദ്: ആരാധകരേറെയുള്ള താരജോഡികളാണ് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ഹൈദരാബാദിൽ രശ്മിക മന്ദാന ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ദേവരകൊണ്ടയും തന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കിട്ടിരുന്നു. എന്നാൽ, ഇരുവരും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ രശ്മിക സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണ് എടുത്തതെന്നാണ് രശ്മിക ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ഫോട്ടോകൾ രശ്മിക പോസ്റ്റ് ചെയ്തപ്പോൾ മുതൽ ഇത് വിജയ് ദേവരകൊണ്ടയുടെ വീട്ടിലെ ഇടമല്ലെ, സ്റ്റെയർ അല്ലെ എന്നതടക്കം ചോദ്യം വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം കമന്റിലൂടെ മറുപടി നൽകിയത്. വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ശ്രദ്ധയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.

വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിന് പങ്കെടുത്തതിന് തനിക്കെതിരെയുണ്ടായ വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനാർക്കലി ഇക്കാര്യം വ്യക്തമാക്കിയത്. അനാർക്കലിയുടെ പിതാവ് നിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

താൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവർക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു ആ പോസ്റ്റ്. അവർ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കെട്ടുന്നതിൽ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽക്കാതിരിക്കേണ്ട ആവശ്യം തനിക്കുമില്ല. തനിക്ക് രണ്ടുപേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിന്റെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നുള്ളതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി.

താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണമെന്ന് താരം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.

നോട്ടീസിന് വിശദീകരണം നൽകുമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സേവനവും ഉൽപ്പനങ്ങളും നൽകുമ്പോൾ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കിൽ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി.

എന്നാൽ ക്ഷേത്രത്തിന് പല ഇളവുകൾ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്. 1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്.

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ ഉന്നതതല യോഗം വിളിച്ചു. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനെ കുറിച്ചും ചർച്ച നടക്കും. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി ഉൾപ്പെടെയുള്ള യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. അതേസമയം, മുനമ്പം പ്രശ്‌നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ പരിചയപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ. പൃഥ്വിരാജ് എന്ന സാധാരണ മനുഷ്യനെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ല എന്നും സുപ്രിയ വ്യക്തമാക്കി.

താരകുടുംബം എന്നൊന്നും ചിന്തയിൽ പോലും ഇല്ലായിരുന്നു. എൻഡിടിവിയിൽ ജോലി ചെയ്യുമ്പോൾ മലയാള സിനിമയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ അസസ്മെന്റ് ലഭിച്ചു. മമ്മൂട്ടി മോഹൻലാൽ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ച് പോലും അന്ന് തനിക്ക് അറിയില്ലായിരുന്നു. സഹപ്രവർത്തകയായ കൂട്ടുകാരി ഒരു നമ്പർ തന്നിട്ട് പറഞ്ഞു മലയാളത്തിലെ യുവ താരമാണ് സിനിമയെ കുറിച്ച് നല്ല ധാരണയുള്ള കക്ഷിയാണ് ഒന്ന് വിളിച്ചു നോക്കിയാൽ ഉപകാരപ്പെടുമെന്ന്. തുടർന്ന് താൻ പൃഥ്വിരാജിനെ വിളിച്ചു. ആ ഒറ്റ കോളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്റർവ്യൂവും ആ ഫീച്ചർ നടന്നില്ലെങ്കിലും താനും പൃഥ്വിയും വലിയ കൂട്ടുകാരായി. പിന്നീട് ബന്ധം ദൃഢമായെന്നും തങ്ങളുടെ ഡേറ്റിംഗ് തുടങ്ങിയെന്നും സുപ്രിയ വ്യക്തമാക്കുന്നു.

തിരക്കിനിടയിലും ഇടയ്ക്ക് പൃഥ്വി മുംബൈയിൽ വരുമെന്നും തന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കുകയും ബീച്ചിൽ വരികയും ഒക്കെ ചെയ്യുമായിരുന്നുവെന്നും സുപ്രിയ വെളിപ്പെടുത്തി. തന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്‌നേഹത്തിൽ നിന്നും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

റാഞ്ചി: ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വനവാസി വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിൽ നിന്നും ഒഴിവാക്കും. സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമായതിനാൽ 25 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കും. വനവാസി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയായിരിക്കും നിയമം നടപ്പിലാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനവാസി വിഭാഗങ്ങളുടെ പാരമ്പര്യവും പൈതൃകവും പൂർണമായും സംരക്ഷിക്കപ്പെടും. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടും. കുടിയേറ്റക്കാർ അനധികൃതമായി സ്വന്തമാക്കിയ വനഭൂമി വനവാസി വിഭാഗങ്ങൾക്ക് തിരികെ നൽകും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ പരാജയപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകും. പ്രതിമാസം 2,100 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. രക്ഷാബന്ധൻ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ സ്ത്രീകൾക്ക് നൽകുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഝാർഖണ്ഡിലെ യുവാക്കൾക്കായി ഒരുക്കുമെന്നും അമിത് ഷാ അറിയിച്ചു.

21 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും, കുടിവെള്ള സൗകര്യവും ഒരുക്കും. പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ശ്രീനഗർ: ജമ്മുകശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സൈനികരെ ലക്ഷ്യമിട്ടുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായത്.

ഞായറാഴ്ച ചന്ത പ്രവർത്തിച്ചിരുന്നത് ലാൽ ചൗക്കിന് സമീപമുള്ള പോളോ മൈതാനത്താണ്. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന സിആർപിഎഫ് വാഹനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. സിആർപിഎഫ് വാഹനത്തിന് സമീപത്തായി നിർത്തിയിരുന്ന ഉന്തുവണ്ടിയിൽ സ്ഥാപിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും പരിശോധനയിൽ ഇത് ഗ്രനേഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ സേന അറിയിച്ചു.