Latest News (Page 87)

തിരുവനന്തപുരം: മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്.

ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് നവംബർ 1, 2 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയതെന്നും കർശന പരിശോധനകൾ തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിശദ പരിശോധനയ്ക്കായി 32 സ്ഥാപനങ്ങളിൽ നിന്നും നിയമാനുസൃത സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു.

മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 58 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 9 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തെന്നിന്ത്യൻ ആരാധകരുടെ മനംകവർന്ന താരസുന്ദരിയാണ് നയൻതാര. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം കെട്ടിപ്പടുക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തനിഷ്‌ക്, പോത്തീസ്, വാക്ക്‌മേറ്റ്, ടാറ്റ സ്‌കൈ, ദ് ലിപ് ബാം കമ്പനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നയൻതാര. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന് 5 മുതൽ 7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്. ഇപ്പോൾ സ്വന്തമായി ബ്യൂട്ടി ബ്രാൻഡും താരം ആരംഭിച്ചു. 9സ്‌കിൻ, ഫെമി 9, റൗഡി പിക്‌ച്ചേഴ്‌സ് എന്ന നിർമ്മാണകമ്പനി എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്.

എട്ട് ആഡംബര വാഹനങ്ങളും ഒരു പ്രൈവറ്റ് ജെറ്റും നിരവധി വീടുകളും താരത്തിന് സ്വന്തമായുണ്ട്. നയൻതാര താമസിക്കുന്ന ചെന്നൈയിലെ രണ്ട് മാളികകൾക്ക് 100 കോടി രൂപയിലധികം വിലവരുമെന്നാണ് വിവരം.

നയൻതാരയുടെ പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്തുക്കളിൽ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്പന്നമായ ഏരിയയായ ബഞ്ചാര ഹിൽസിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ അത്താഴം എപ്പോഴും അൽപം നേരത്തെ കഴിക്കണം. രാത്രി 7 നും 7.30 നും ഇടയിൽ അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

വണ്ണമുള്ളവരിൽ 12-ആഴ്ച നടത്തിയ പഠനത്തിൽ ലിപിഡ് പ്രൊഫൈലുകളും ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതായി ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ റിച്ച ചതുർവേദി പറയുന്നു.

രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, കിച്ചൻ സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ടോയ്‌ലറ്റിൽ ഉള്ളതിനെക്കാൾ അധികം ബാക്ടീരിയ ഒരു കിച്ചൻ സ്പോഞ്ചിൽ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ക്യുബിക് സെന്റിമീറ്ററിൽ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളത്. പാത്രം വൃത്തിയാക്കുന്ന സമയം ഇത് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കിച്ചൻ സ്പോഞ്ചിലൂടെ ഉദരരോഗങ്ങൾ, മെനിഞ്ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്സണിംഗ് എന്നിവ വരാനുള്ള സാധ്യതയുണ്ട്. സ്പോഞ്ചിൽ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

കിച്ചൻ സ്പോഞ്ചിൽ കാണുന്ന ഇ കോളി വൃക്കത്തകരാറിനു കാരണമാകും. ഹീമോലിറ്റിക് യൂറെമിക് സിൻഡ്രോം എന്നാണ് വൃക്കയുടെ ഈ അവസ്ഥയ്ക്കു പേര്. വിഴുപ്പു തുണികളിലുണ്ടാകുന്ന ഗന്ധത്തിനു കാരണമാകുന്ന മൊറാക്സല്ല ഒസ്ലോയെൻസിസും സ്പോഞ്ചിൽ ഉണ്ട്. ഇവ സന്ധിവാതത്തിനു വരെ കാരണമാകും. മലിനജലത്തിലും കേടായ ഭക്ഷണങ്ങളിലും കാണുന്ന സാൽമൊണല്ലയും അടുക്കള സ്പോഞ്ചിൽ ഉണ്ട്. ഇത് പനി, വയറിളക്കം, വയറുവേദന, പനി ഇവയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നടത്തം വളരെ നല്ലതാണ്. ദിവസം 30 മിനിറ്റ് നടന്നാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയൊന്നുമല്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറക്കാനും സഹായിക്കും. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായകമാണ്. ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ഊർജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നടത്തം ഗുണം ചെയ്യും.

പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറഞ്ഞ് മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നടത്തത്തിലൂടെ കഴിയും.

ഏറെ ആരാധകരുള്ള താരമാണ് ജൂഹി ചൗള. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2024-ലെ ഹുറൂൻ സമ്പന്നപ്പട്ടികയിൽ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാന്റെ തൊട്ടുപിന്നിലാണ് ജൂഹി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ചു നടിമാരുടെ സ്വത്തുക്കൾ ചേർത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ല.

4600 കോടി രൂപയുടെ സമ്പത്താണ് ജൂഹിയ്ക്കുള്ളത്. ജൂഹി ചൗളയെ സംബന്ധിച്ചിടത്തോളം സിനിമയിൽ നിന്നുള്ള വരുമാനം വളരെ ചെറിയ അളവിൽ മാത്രമാണ്. ഷാരൂഖ് ഖാനുമായി ചേർന്ന് നടത്തുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നാണ് ജൂഹിയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും വരുന്നത്. സിനിമാ നിർമാണം, ക്രിക്കറ്റ് ടീമുകൾ എന്നിവയിൽ സഹഉടമസ്ഥതയും താരത്തിനുണ്ട്. റിയൽ എസ്റ്റേറ്റ്, മില്യണയറായ ഭർത്താവ് ജയ് മേത്തയ്ക്കൊപ്പമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും താരത്തിന്റെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഖാനൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്നപേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ജൂഹിയ്ക്കുണ്ട്.

തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്. ദിനംപ്രതി കോൺഗ്രസിന്റെ വിവിധ നേതാക്കൾ അവരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ കള്ള പ്രചാരവേലകൾ ജനങ്ങളിൽ ഏശാത്ത നിലയിൽ വന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെപിസിസി പ്രസിഡന്റ് പരസ്യമായി ആഹ്വാനം നൽകുന്നത്. നേരത്തെ തങ്ങൾക്ക് വോട്ട്ചെയ്തില്ലെങ്കിൽ ശക്തമായി അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകരെ പൊലും ഭീഷിണിപ്പെടുത്തുന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് തരംതാണിരിക്കുകയാണ്. ഇത്തരം നിലപാടുകൾക്ക് എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് ആണ് മരിച്ചത്. 38 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് അപകടം സംഭവിച്ചത്. 154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ കേസിൽ വധശ്രമം കൂടി ഉൾപ്പെടുത്തി.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘാടകർ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത്. കോട്ടയത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കണമെന്ന ഇച്ഛാശക്തിയുടെ ഫലമായാണ് ഈ സർക്കാരിന്റ കാലത്ത് ഇത് സാധ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരന്തരം ചർച്ചകളും ഇടപെടലുകളും നടത്തി മികച്ച സൗകര്യങ്ങളൊരുക്കിയാണ് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. 2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടർന്നാണ് രണ്ട് മെഡിക്കൽ കോളേജുകളിലുമായി ഇത്രയും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ ആശുപത്രി വിട്ടിരുന്നു.

സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .
പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്‌ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.