Latest News (Page 85)

തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ. മണിരത്‌നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്.

ദളപതിയിൽ ശോഭന ചെയ്ത വേഷം ചെയ്യാനാണ് ആദ്യം മണി അങ്കിൾ വിളിച്ചത്. അപ്പോൾ താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.
രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയെന്നും താരം വ്യക്തമാക്കി.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. താൻ തന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം തനിക്ക് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.

പലരും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണുകളുടെ ചുറ്റുമുള്ള ഇരുണ്ട നിറം. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ ഡാർക്ക് സർക്കിൾസ് ഉണ്ടാകാറുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുന്നത് മൂലവും ഉറക്കക്കുറവ് കാരണവും ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. ഡാർക്ക് സർക്കിൾസ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണിന് ചുറ്റുമുള്ള തടിപ്പ്, കറുപ്പ് എന്നിവ കുറയ്ക്കാൻ വെള്ളരിക്ക ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡൻറുകളാൽ സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ സഹായിക്കും. രാത്രിയിൽ അവോക്കാഡോയും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നതും വീക്കവും ഇരുണ്ട നിറവും കുറയ്ക്കാൻ ഗുണം ചെയ്യും. റോസ് വാട്ടറും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും. ഇതിനായി തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുന്നത് വളരെ നല്ലതാണ്.

രണ്ട് സ്പൂൺ തൈരിലേക്ക് അൽപം റോസ് വാട്ടർ യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുന്നതും ഡാർക്ക് സർക്കിൾസ് അകറ്റും.

1990കളിൽ ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടികളിലൊരാളായിരുന്നു ജൂഹി ചൗള. എന്നാൽ, പിന്നീടിങ്ങോട്ട് സിനിമയിൽ താരത്തിന്റെ ശോഭ മങ്ങി. പക്ഷെ ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള സിനിമാനടിയായി താരം ഇന്നും നിലനിൽക്കുന്നു. 10 വർഷത്തിനിടെ ഒരു ബോക്സ് ഓഫിസ് ഹിറ്റ് പോലുമില്ലാതിരുന്നിട്ടും സമ്പത്തിന്റെ കാര്യത്തിൽ ഈ താരസുന്ദരിയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഐശ്വര്യ റായ്, അലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളേക്കാളും പല മടങ്ങ് കൂടുതലാണ് ജൂഹി ചൗളയുടെ ആസ്തി. ഐശ്വര്യയുടെയും അലിയ ഭട്ടിന്റെയും പ്രിയങ്ക ചോപ്രയുടെയും ദീപികയുടെയും ചേർത്തുള്ള ആസ്തിയേക്കാളും കൂടുതലാണ് ജൂഹി ചൗളയുടെ മൊത്തം സമ്പത്ത്. ഹുറുൺ പട്ടിക അനുസരിച്ച് 4,600 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്.

സമ്പന്ന നടികളിൽ രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായുടെ ആസ്തി 850 കോടി രൂപ മാത്രമാണെന്നത് ജൂഹി ചൗള എത്രമാത്രം മുന്നിലാണെന്നത് ബോധ്യപ്പെടുത്തുന്നു. സംരംഭങ്ങളിൽ നിന്നാണ് താരത്തിന്റെ വരുമാനത്തിൽ ഭൂരിഭാഗവും എത്തുന്നത്. നിരവധി അത്യാഡംബര റിയൽ എസ്റ്റേറ്റ് ആസ്തികളുടെ സഹഉടമ കൂടിയാണ് ജൂഹി ചൗള

ന്യൂഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ. പാർട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

താൻ ഇപ്പോഴും ബിജെപി പ്രവർത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ അറിയിച്ചു. സിപിഎമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവിൽ ബിജെപിയുടെ പ്രവർത്തകനാണ് താൻ. അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവർക്ക് ബോധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയിൽ ഇനി പ്രതീക്ഷയില്ല. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞത്. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യർ പ്രതികരിച്ചത്.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്‌റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 31ന് കൂടിയ ലോക ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷം കൊണ്ട് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥാനുപൂരകമായ കൃഷി രീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും, 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിൽ സ്ത്രീകൾ നടത്തുന്ന ചെറുകിട, ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഉൾപ്പെടുന്നു.

കാർബൺ ബഹിർഗമനം കുറച്ചു കൊണ്ട് നെല്ലിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കർഷകന്റെ സാങ്കേതിക- സാമ്പത്തിക-സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമെന്ന നിലയിൽ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനായി സർക്കാർ രൂപം നൽകിയ നവോത്ഥാൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന ക്രോപ്പ് കൾട്ടിവേറ്റേഴ്‌സ് കാർഡ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ മൊത്തം കൃഷി ഭൂമിയിൽ ഏകദേശം 103,334 ഹെക്ടർ തരിശിട്ടിരിക്കുകയാണ്. ഇതിൽ 50,000 ഹെക്ടർ ഭൂമി അടുത്ത വർഷങ്ങളിൽ കൃഷിയോഗ്യമാക്കാൻ സാധിച്ചാൽ സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുകയും കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാൻ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ആഗ്രയിൽ വ്യോമസേന വിമാനം തകർന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനമാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് നടൻ നസ്ലിൻ. വളരെ ചുരുക്കം ചില ചിത്രങ്ങളുടെ തന്നെ പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം കണ്ടെത്താൻ നസ്ലിന് കഴിഞ്ഞിട്ടുണ്ട്. നസ്ലിൻ നായകനായ എത്തിയ പ്രേമലു എന്ന ചിത്രം ഈ വർഷം ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപനം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് നസ്ലിൻ. എല്ലാവരും ഒരു റീയൂണിയനു വേണ്ടി കാത്തിരിക്കുകയാണെന്ന് നസ്ലിൻ പറഞ്ഞു. താനും മമിതയും നല്ല സുഹൃത്തുക്കൾ ആണെന്നും നസ്ലിൻ കൂട്ടിച്ചേർത്തു.

നടി അനശ്വര രാജനോടൊപ്പം പെയറായി ഒരു സിനിമ ചെയ്താൽ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ട്. തങ്ങൾ മുമ്പും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പെയറായി അഭിനയിച്ചിട്ടില്ല. അതുപോലെ മമിതയും നല്ല അടിപൊളിയാണ്. ഞങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മമിത, സംഗീത് തുടങ്ങി എല്ലാവരും അതിൽ വേണമെന്നും നസ്ലിൻ പറയുന്നു.

ന്യൂഡൽഹി: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നവംബർ 13നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

വോട്ടെണ്ണൽ തീയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബർ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തർ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റി.