തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ഭാസ്‌കരൻ

തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ. മണിരത്‌നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്.

ദളപതിയിൽ ശോഭന ചെയ്ത വേഷം ചെയ്യാനാണ് ആദ്യം മണി അങ്കിൾ വിളിച്ചത്. അപ്പോൾ താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.
രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയെന്നും താരം വ്യക്തമാക്കി.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. താൻ തന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം തനിക്ക് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.