Latest News (Page 84)

ഹൈദരാബാദ്: മധ്യവയസ്‌കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന 63 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സ്വദേശിയാണ് വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് കബളിപ്പിക്കപ്പെട്ടത്.

സ്റ്റോക്ക് ഡിസ്‌കഷൻ ഗ്രൂപ്പ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. പ്രശസ്ത സാമ്പത്തിക ഉപദേഷ്ടാവെന്ന് സ്വയം പരിചയപ്പെടുത്തിയ കുണാൽ സിംഗായിരുന്നു ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റർ. സ്റ്റോക്കുകളിൽ നിന്ന് 500 ശതമാനം വരെ ഉയർന്ന വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മധ്യവയസ്‌കനെ കബളിപ്പിച്ചത്. ഇയാളുടെ നിർദ്ദേശ പ്രകാരം മധ്യവയസ്‌കൻ സ്റ്റോക്ക് ട്രേഡിംഗ് പഠിക്കാനായി ചില ഓൺലൈൻ ക്ലാസുകളിൽ ചേർന്നു.

ഈ സെഷനുകളിൽ സ്‌കൈറിം ക്യാപിറ്റൽ എന്ന പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപങ്ങൾ നടത്താൻ തട്ടിപ്പുകാർ ഇരയോടും മറ്റുള്ളവരോടും നിർദ്ദേശിച്ചു. തുടക്കത്തിൽ ചെറിയ തുകകകൾ നിക്ഷേപിച്ച 63 കാരനെ വലിയ ലാഭം ലഭിച്ചുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്ത ഇവർ ഇതിലേക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മധ്യവയസ്‌കൻ പണം നിക്ഷേപിച്ചെങ്കിലും ലാഭം പിൻവലിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.

പാലക്കാട്: സംസ്ഥാന സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്‌നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

കെ മുരളീധരൻ എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്‌നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാം. സന്ദീപ് വാര്യരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തിയാൽ തന്നെ മാധ്യമങ്ങളോട് പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണം. കോടതിയിൽ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണം. കേന്ദ്ര വഖഫ് നിയമം പാസായാൽ പിന്നാലെ ചർച്ച് നിയമം വരും. കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sabarimala

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ dhssabarimala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും. കെഎസ്ആർടിസിയും, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായാണ് യൂണിറ്റ് സജ്ജമാക്കിയത്.

കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

കെ.എസ്.ആർ.ടി.സി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്സിംഗ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

മുഴുവൻ ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും എല്ലാ വനിതാ ജീവനക്കാർക്കുമായി കാൻസർ സ്‌ക്രീനിങ്ങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വൃത്തിയുള്ള ബസ് സ്റ്റേഷനുകൾ, ടോയ്ലെറ്റുകൾ, ജീവനക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ സെൽ ദൃശ്യാവിഷ്‌കാരം നല്കി ഗായകൻ ജി. വേണുഗോപാൽ ആലപിച്ച കെ.എസ്.ആർ.ടി.സി. ഗാനം പ്രകാശനം ചെയ്തു. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂരിനെ മന്ത്രി പുരസ്‌ക്കാരം നല്കി ആദരിച്ചു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസ് നിർദ്ദേശപ്രകാരം തലശ്ശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസിംഗും ചടങ്ങിൽ നടന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ മന്ത്രി പുരസ്‌കാരം നല്കി ആദരിച്ചു. ചടങ്ങിൽ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.

വയനാട്: വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. മുണ്ടക്കൈ ദുരന്തത്തിൽ പ്രത്യേക പാക്കേജ് തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുക. നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.

വയനാടിനായി കേന്ദ്ര സഹായം ഇതുവരെ ലഭിച്ചില്ല. കേന്ദ്രത്തിൽ നിന്നും അടിയന്തര സഹായം പ്രതീക്ഷിച്ചിരുന്നു. 700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണമാണ്. നേരത്തെ അനുവദിച്ച 291 കോടി രൂപ എസ്ഡിആർഎഫ് വിഹിതത്തിലേക്ക് ഉള്ളതാണ്. ഇത് പ്ലാനിംഗ് കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ളതാണ്. അത് പ്രകാരമുള്ള ആദ്യ ഗഡുവാണ് കേന്ദ്രം നൽകിയത്. മുണ്ടക്കൈയ്ക്ക് വേണ്ടി സ്‌പെഷ്യൽ പാക്കേജ് തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് സ്‌പെഷ്യൽ പാക്കേജാണ്. കേരളത്തിന് പ്രത്യേക പാക്കേജ് വേണ്ട എന്ന ബിജെപി നേതാക്കളുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വിമർശിച്ചു.

ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് 97 ദിവസം കഴിഞ്ഞു. ഏത് വിഭാഗത്തിൽപ്പെട്ട ദുരന്തമെന്നെങ്കിലും കേന്ദ്രം പറയണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുനരധിവാസത്തിന്റെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും. അർഹതപെട്ട നഷ്ടപരിഹാരം നൽകി മാത്രമേ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാസ്യതാരമായി തന്റെ കരിയർ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് മഞ്ജുപിള്ള. നടി ഉർവശിയെ കുറിച്ച് മഞ്ജുപിള്ള പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹീറോയിൻ ലെവലിൽ മികച്ച നടിയായി തനിക്ക് തോന്നിയിട്ടുള്ളത് ഉർവശിയെയാണെന്ന് താരം പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയായിരുന്നു മഞ്ജുപിള്ള ഇക്കാര്യം പറഞ്ഞത്. ശോഭനയാണോ ഉർവശിയാണോ മികച്ച നടി എന്ന ചോദ്യത്തിന് ആയിരുന്നു മഞ്ജുപിള്ള ഈ ഉത്തരം നൽകിയത്.

മലയാള സിനിമയിൽ താൻ കണ്ടിട്ടുള്ളതിൽ മികച്ച നടികൾ എന്ന് പറയാൻ കഴിയുന്നത് കെപിഎസി ലളിത, സുകുമാരി എന്നിവരാണ്. എന്നാൽ ഒരു ഹീറോയിൻ ലെവൽ തനിക്ക് തോന്നിയിട്ടുള്ളത് ഉർവശിയെയാണ്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. അതിന്റെ അർത്ഥം ശോഭന ചേച്ചി മോശമാണെന്നല്ല. ശോഭന ചേച്ചിക്ക് ചേച്ചിയുടെതായ ഒരു ആക്ടിംഗ് പവർ ഉണ്ട്. അഭിനയിക്കാനുള്ള കഴിവും ഉണ്ട്. ഭംഗിയും ഇലഗൻസും ഉണ്ട്, ഡാൻസർ ആണ്. പക്ഷേ ഉർവശി ചേച്ചി ചെയ്ത കഥാപാത്രങ്ങൾ നമ്മുടെ ജീവിതവുമായി അടുത്ത നിൽക്കുന്നതാണ്. തലയണ മന്ത്രത്തിൽ ആയിക്കോട്ടെ മഴവിൽക്കാവടിയിൽ ആകട്ടെ കാക്കത്തൊള്ളായിരമായിരം ആയിക്കോട്ടെ അതിലൊക്കെ നമുക്ക് കുറച്ചുകൂടി മാനസികമായി അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ ആണെന്ന് മഞ്ജുപിള്ള ചൂണ്ടിക്കാട്ടി.

ഉർവശി ചേച്ചിയുടെത് നമ്മളിലേക്ക് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളാണ്. നായികമാരിൽ തന്റെ ഫേവറേറ്റ് അന്നും ഇന്നും ഉർവശി ചേച്ചി ആണെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയോടൊപ്പം തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരമാണ് ഷാരൂഖ് ഖാൻ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ താരം സമയം ചെലവഴിക്കാറുണ്ട്. കുടുംബമാണ് തന്റെ ശക്തിയെന്ന് പലപ്പോഴും താരം തുറന്നു സമ്മതിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മക്കളിൽ നിന്ന് താൻ പഠിച്ച വലിയ പാഠത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ ക്ഷമാശീലം പഠിച്ചത് മക്കളിൽ നിന്നാണ്. ഒരാൾക്ക് എത്ര കുട്ടികൾ ഉണ്ടാകുന്നുവോ അത്രയധികം ഒരു വ്യക്തിക്ക് ക്ഷമ വർധിക്കുന്നു. ഈ ക്ഷമ സഹപ്രവർത്തകരുമായും ടീമുമായും ആഴത്തിൽ ബന്ധപ്പെടാൻ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

മക്കൾ തമ്മിൽ വഴക്കിടാറില്ല. അവർ വഴക്കിടരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കാരണം സ്വത്ത് ഭാഗം വെയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഷാരൂഖ് ഈ പരിപാടിയിൽ വെച്ച് തമാശരൂപേണ പറഞ്ഞു.

ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലികാ സുകുമാരനും പൂർണ്ണിമയും സുപ്രിയയുമെല്ലാം പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. മല്ലികാ സുകുമാരന്റെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് മകൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,’ എന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

തന്റെ മക്കളുടെ നേട്ടത്തിന് പിന്നിലെ കരുത്തായി നിലകൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരൻ മരണപ്പെട്ടപ്പോഴും തളരാതെ മക്കൾക്ക് വേണ്ടി അവർ ജീവിച്ചു. മല്ലികയുടെ ജീവിത പോരാട്ടത്തിന്റെ ഫലംകൂടിയാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ഇന്നത്തെ വിജയങ്ങൾ. 1974 ൽ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. നിലവിൽ മല്ലികാ സുകുമാരൻ സിനിമ- സീരിയൽ രംഗത്ത് സജീവമാണ്.

ന്യൂഡൽഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നാണ് കോടതിയുടെ നിരീക്ഷണം. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

കൊച്ചി: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്ന് സംഘടന വ്യക്തമാക്കി. സംഘടനയുടെ നേതൃത്വത്തിലുള്ളവർക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേർസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്‌ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സാന്ദ്രയെ നിർമ്മാതാക്കളുടെ സംഘടന പുറത്താക്കിയത്.