Latest News (Page 77)

sabarimala

തിരുവനന്തപുരം: ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.1994 ൽ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർ നവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് പൂർണ്ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങൾ ഭക്തർക്കായി നൽകുന്നുണ്ട്.ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്‌സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പമ്പയിലും സന്നിധാനത്തും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.

കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്കാണ് അന്നദാനം നൽകിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് അറിയിച്ചു.

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്.

മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ വിശദീകരിച്ചു.

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. 233 പോയിന്റാണ് മലപ്പുറം നേടിയത്. 189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാന്‍ കഴിയില്ല.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സർക്കാരിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം.

താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.

കേസിൽ സിദ്ദിഖിൻ്റെ ഹർജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. നേരത്തെ, കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു. എന്നാൽ നടൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് സഞ്ജീവ് ഖന്ന നിയമിതനാവുകയായിരുന്നു.

തിരുവനന്തപുരം: ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി  2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം  ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ  ഏർപ്പെടുത്താൻ  ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100  ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. തനിക്ക് ഒന്നിച്ച് അഭിനയിക്കാൻ ആഗ്രഹമുള്ള നടിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

തനിക്ക് നടി കാജോളിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ദുൽഖർ പറയുന്നത്. ഓരോ സിനിമയിലെയും കഥാപാത്രത്തെ കാജോൾ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണെന്നും അവരുടെ എല്ലാ ഇമോഷനുകളും ശരിക്കും മനസ്സിലാക്കാൻ കഴിയുമെന്നും ദുൽഖർ വ്യക്തമാക്കി.

കാജോൾ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്ന രീതി മനോഹരമാണ്. അവർ ചിരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്. കാജോളിന്റെ ഒപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ട്. കാജോളിന്റെ സിനിമ കാണുമ്പോൾ ആ കഥാപാത്രം കരയുന്നത് കണ്ടാൽ ശരിക്കും ആ കണ്ണുനീർ ഒറിജിനൽ ആണെന്ന് തോന്നിപ്പോകും. അവർ സിനിമയ്ക്കും അഭിനയത്തിനും അത്രമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്നു ദുൽഖർ കൂട്ടിച്ചേർത്തു.

ലക്കി ഭാസ്കർ ആണ് ദുൽഖർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം. കിങ് ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിന് പിന്നാലെ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖറിന്റെതായി തീയേറ്ററിലെത്തിയ ചിത്രമാണിത്.

കൊച്ചി: സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്. ഉദ്ഘാടനത്തിന് പിന്നാലെയാണ് പദ്ധതിയിൽ വനംവകുപ്പ് ആശങ്ക അറിയിച്ചത്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാൻഡിങിന് എതിർപ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു. റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയൽ റണ്ണിൻറെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും അദ്ദേഹം വിശദമാക്കി.

കൊച്ചി: സംസ്ഥാനത്തെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ കരുത്തായി സീപ്ലെയ്ൻ സർവ്വീസ്. ബോൾഗാട്ടിയിൽ നിന്ന് പറയുന്നയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. സീപ്ലെയ്‌നിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഫള്ാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മന്ത്രിമാർ സീപ്ലെയിനിൽ യാത്ര ചെയ്യുകയും ചെയ്തു.

സീപ്ലെയിൻ ജനകീയ പദ്ധതിയാക്കാനാണ് സർക്കാർ നീക്കം. സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സീപ്ലെയിൻ വിനോദ സഞ്ചാരവകുപ്പിന്റെ കുതിപ്പിന് വേഗത വർധിപ്പിക്കും. പദ്ധതി കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ4ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ4മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റീജിയണൽ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബർ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയർക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കേരളത്തിലെത്തിയത്.

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മുംബൈയിൽ ആദിത്യ ബിർളയുടെ സിൽവർ ജൂബിലി സ്‌കോർഷിപ്പ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പല യുഎസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാഷിംഗ്ടണിൽ എത്തുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് അത് ഡോണൾഡ് ട്രംപായി. അതിന് ശേഷം ജോ ബൈഡൻ ആ സ്ഥാനത്തെത്തി. ഇവർ എല്ലാവരുമായും പ്രധാനമന്ത്രി നല്ലൊരു ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് പല രാജ്യങ്ങളും അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തുന്നതിൽ ആശങ്കയുള്ളവരാണെന്ന് തനിക്കറിയാം. എന്നാൽ ഇന്ത്യ ഒരിക്കലും ആ കൂട്ടത്തിലില്ല. ഇന്ത്യയെ അതൊരിക്കലും പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോണൾഡ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യ മൂന്ന് ലോക നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.