വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കും; സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്

കൊച്ചി: സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്. ഉദ്ഘാടനത്തിന് പിന്നാലെയാണ് പദ്ധതിയിൽ വനംവകുപ്പ് ആശങ്ക അറിയിച്ചത്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാൻഡിങിന് എതിർപ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു. റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുക. ഇന്ന് ട്രയൽ റണ്ണിൻറെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും അദ്ദേഹം വിശദമാക്കി.