Latest News (Page 76)

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം ഇനി കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

പമ്പ ശ്രീരാമസാകേതം ഹാളിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

തീർത്ഥാടകർക്ക് ഏറെ ഗുണകരമായ ഈ സൗകര്യം ഏവരും പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു. ടിക്കറ്റുകൾ ബുക്കു ചെയ്യുന്നതിനായി. www.sabarimalaonline.org, www.onlineksrtcswift.com എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

ആരാധകരുടെ ഇഷ്ട താരമാണ് തമന്ന ഭാട്ടിയ. തനിക്ക് ഒരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. സുഹൃത്തിന്റെ സഹോദരനോടാണ് ഇഷ്ടം തോന്നിയതെന്നാണ് തമന്ന പറയുന്നത്. ഇയാളെ കാണാൻ വേണ്ടി മാത്രം താൻ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്നും താരം വ്യക്തമാക്കി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് തനിക്ക് സുഹൃത്തിന്റെ സഹോദനോട് ഇഷ്ടം തോന്നിയത്. ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാൽ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണ് അവന്റെ ഭാഗത്ത് നിന്നുണ്ടായത്. തന്റെ സഹോദരിയുടെ സുഹൃത്താണ് നീ. നീയും എനിക്ക് സഹോദരിയെ പോലെയാണെന്ന് അവൻ മറുപടി പറഞ്ഞു. ഈ മറുപടി തന്റെ ഹൃദയം തകർത്തെന്നും തമന്ന വ്യക്തമാക്കി.

തനിക്കുണ്ടായ ബ്രേക്കപ്പുകളെക്കുറിച്ചും താരം മനസു തുറന്നു. രണ്ട് ബ്രേക്കപ്പുകളാണ് തനിക്കുണ്ടായത്. വളർച്ചയ്ക്ക് അത് പ്രധാനമായിരുന്നു. ആദ്യത്തേത് താൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ്. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ വേണ്ടതുണ്ടെന്ന് അന്ന് തോന്നി, ഒരു വ്യക്തിക്ക് വേണ്ടി മറ്റ് പല കാര്യങ്ങളും ത്യജിക്കാൻ പറ്റുമായിരുന്നില്ല. രണ്ടാമത്തെ ബ്രേക്കപ്പിന് കാരണം ആ വ്യക്തിയുടെ സ്വാധീനം തനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തമന്ന കൂട്ടിച്ചേർത്തു.

കേരള സ്‌കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്‌കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂൾ ഉന്നയിക്കുന്നത്. സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല. സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്‌കൂൾ അധികൃതർക്കാണ്. 24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്‌കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്. ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്‌കൂളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്‌പോർട്‌സ് സ്‌കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ആ സ്‌കൂളുകൾക്ക് നൽകണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അര ഡസനോളം മേളകൾ സംഘടിപ്പിക്കുന്നുണ്ട്. തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

2018 ഓഗസ്റ്റ് 17 നാണ് കേരള സ്‌കൂൾ കായികമേളയുടെ മാനുവൽ പരിഷ്‌കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്‌കൂൾ എന്നും സ്‌പോർട്‌സ് സ്‌കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ല. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായിക മേള കൊച്ചി ട്വന്റിഫോർ ചരിത്രം കുറിച്ചിരിക്കുകയാണ്. സംഘാടനത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ യുവ കായികമേളയായി ഇത് മാറി.

മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികൾ മാതൃകാപരമായി പ്രവർത്തിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയത്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം (20,000) ആളുകൾക്ക് മേളയിൽ ഭക്ഷണം നൽകി. ഇതും ചരിത്രമാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിന്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ ആദ്യമായി എവർ – റോളിംഗ് ട്രോഫി ഇത്തവണ നൽകി. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായികമേള കൊച്ചി ട്വന്റി ഫോറിൽ പിറന്നത് നാൽപ്പത്തി നാല് മീറ്റ് റെക്കോർഡുകൾ ആണ്.

ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തി ഒന്ന്(1741) സ്വർണ മെഡലുകളും അത്രയും തന്നെ വെള്ളി മെഡലുകളും രണ്ടായിരത്തി നാൽപ്പത്തി ഏഴ്(2047) വെങ്കല മെഡലുകളും മേളയിൽ വിതരണം ചെയ്തു.കായിക താരങ്ങൾക്ക് ക്യാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.മുപ്പത്തി ഒമ്പത് കായിക ഇനങ്ങളിൽ ആയി ആകെ പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് (12737)ആൺകുട്ടികളും പതിനൊന്നായിരത്തി എഴുപത്തി ആറ്(11076) പെൺകുട്ടികളും അടക്കം ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി പതിമൂന്ന് കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു. ഇതിൽ ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1,587 ) കായികതാരങ്ങൾ ഇൻക്ലൂസീവ് സ്പോർട്സിലാണ് പങ്കെടുത്തത്.ഈ സംഖ്യകൾ നമ്മുടെ വിദ്യാർത്ഥികളുടെ വ്യാപ്തിയും അർപ്പണബോധവും എടുത്തുകാണിക്കുന്നു.

മത്സരങ്ങൾ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവർ ചെയ്യുന്ന 400 മാധ്യമ പ്രവർത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വൻ വിജയമായതും കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷായിരുന്നു മേളയുടെ ബ്രാൻഡ് അംബാസഡർ. ശ്രീജേഷിനെ പോലുള്ള താരങ്ങളെ സൃഷ്ടിക്കലാണ് ഈ മേളയുടെ ലക്ഷ്യം. നാലുവർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഒളിമ്പിക്‌സ് മാതൃകയിൽ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ മേളയുടെ വലിയ വിജയവും ഇൻക്ലൂസീവ് സ്‌പോർട്‌സ് ചേർത്തപ്പോൾ ഉണ്ടായ അനുഭവവും ഒളിമ്പിക്‌സ് മാതൃകയിലുള്ള മേള എല്ലാവർഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക.

കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും.കായിക അധ്യാപകർക്ക് ചില പ്രശ്‌നങ്ങളുണ്ട്, അതിനും പരിഹാരം കാണും.കേരള സ്‌കൂൾ കായികമേള കൊച്ചി ’24 വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു.

തിരുവനന്തപുരം: സസ്‌പെൻഷൻ നടപടിയിൽ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്. കൂടുതൽ പ്രതികരണം സസ്‌പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയ ശേഷം നടത്തും. ജീവിതത്തിൽ കിട്ടിയ ആദ്യ സസ്‌പെൻഷനാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോൾ പോലും സസ്‌പെൻഷൻ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹ മാധ്യമങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതും ചൂണ്ടിക്കാട്ടിയാണ് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.

കൊച്ചി: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ല. ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തതിലും കേസില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുനമ്പത്തെ ഭൂ പ്രശ്‌നത്തിൽ ഒരു മുസ്ലിം സംഘടനകളും നാട്ടുകാർക്കെതിരല്ല. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന പ്രശ്‌നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ്. വിഷയം കോടതിക്ക് പുറത്ത് സർക്കാരിന് തീർപ്പാക്കാവുന്നതാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

സീ പ്ലെയ്ൻ പദ്ധതിക്കെതിരെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ചുവന്ന കൊടികുത്തിയ അതേ കായലിലാണ് ഇപ്പോൾ വിമാനം ഇറക്കിയത്. വിഴിഞ്ഞം റിയൽ എസ്റ്റേറ്റെന്ന് പറഞ്ഞവരാണ്, ഇപ്പോൾ അങ്ങനെയല്ലെന്ന് പറയുന്നു. നാണമില്ലാതെ ഉപരോധം നടത്തിയവർ വിമാനത്തിലിരുന്ന് കൈ വീശുകയാണ്. സർക്കാർ കുത്തിപ്പൊക്കിയ വിഷയമാണ് വഖഫ് വിഷയം. ക്രൈസ്തവ – മുസ്ലിം വിഷയമുണ്ടാകാനാണ് സർക്കാർ ശ്രമം. ചെറുതുരുത്തിയിൽ പിടിച്ച പണം ഞങ്ങളുടേതല്ല. സ്പിരിറ്റ് കൊണ്ടുവന്ന് വോട്ട് പിടിക്കുകയാണെങ്കിൽ ഈ എക്‌സൈസ് മന്ത്രി രാജിവച്ചു പോകണം. കേരളം മുഴുവൻ മദ്യവും മയക്കുമരുന്നും ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ: ചേലക്കരയിൽ പോലീസ് വിലക്ക് ലംഘിച്ച് വാർത്താ സമ്മേളനം നടത്തി പി വി അൻവർ എംഎൽഎ. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് അൻവർ ആരോപിച്ചത്.

എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്. ആർക്കായിരുന്നു അവിടെ ചുമതല. മരുമോനായിരുന്നില്ലേ ചുമതല. കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, വാർത്താ സമ്മേളനം തുടരുന്നതിനിടെ പി വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ഇനി വിവാഹക്കാലം. ഡിസംബർ 16 വരെ രാജ്യത്ത് നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ പ്രതീക്ഷ.

കഴിഞ്ഞ വർഷം നവംബർ – ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ, ഇത്തവണ ഇത് 18 ദിവസങ്ങളുണ്ട്. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസൺ പുനരാരംഭിച്ച് മാർച്ച് വരെ ഉണ്ടാകും.

ടെക്‌സ്‌റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസൺ പുത്തനുണർവ് നൽകുമെന്ന് സിഎഐടിയു സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായും കഴിഞ്ഞ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു.

നടപ്പ് സീസണിൽ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 6010 കർഷകരിൽ നിന്നായി 15052.38 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് ഫീൽഡിൽ നിന്നും ലിഫ്റ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് (നവംബർ 11) മുതൽ കൂടുതൽ ഊർജ്ജിതമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

വിസിമാരെ നിയമിച്ചുകഴിയുമ്പോൾ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂ പ്രശ്‌നത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുത്തവരെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തിൽ രക്താതിമർദം, പ്രമേഹം, കാൻസർ, ടിബി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്‌നം, കേൾവി പ്രശ്‌നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സ്‌ക്രീനിംഗിൽ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശൈലി രണ്ട് വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 23,21,315 പേർക്ക് (46.7 ശതമാനം) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവിൽ രക്താതിമർദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി. കാൻസർ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടർ പരിശോധനയ്ക്കായി റഫർ ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. 54,772 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 85,551 പേരേയും 16,31,932 വയോജനങ്ങളേയും സന്ദർശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് തുടർ സേവനങ്ങൾ നൽകുന്നുണ്ട്.

പുതുതായി ഉൾപ്പെടുത്തിയവയിൽ 1,45,622 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേൾവി പരിശോധനയ്ക്കായും റഫർ ചെയ്തു. 1,24,138 വയോജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫർ ചെയ്തു. ഇവരിൽ ആവശ്യമായവർക്ക് പരിചരണവും ചികിത്സയും നൽകുന്നുണ്ട്.

നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.