Latest News (Page 70)

ലഖ്‌നൗ: ഉത്തർപ്രദേശിലെ ത്സാൻസി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അമ്പതിലധികം കുട്ടികളെയായിരുന്നു പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവിൽ കിടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.

സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച കമ്മീഷൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐസിയുവിൽ തീപിടുത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. പത്തു കുഞ്ഞുങ്ങളാണ് തീപിടുത്തത്തിൽ വെന്തു മരിച്ചത്. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഈ കുഞ്ഞുങ്ങൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

ആലപ്പുഴ: എറണാകുളം ജില്ലകളിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭീതിപരത്തിയിരുന്ന കുറുവ മോഷണ സംഘത്തിലെ ഒരാളെ കൊച്ചിയിൽ നിന്ന് അതി സാഹസികമായി പിടികൂടി. പകൽസമയങ്ങളിൽ പ്രദേശത്ത് കറങ്ങി നടക്കുന്നതും രാത്രിയാകുമ്പോൾ മോഷണത്തിനിറങ്ങുന്നതുമാണ് ഇവരുടെ രീതി. ശരീരമാസകലം കരിപുരട്ടി മുഖം മറച്ചാണ് സംഘം മോഷണത്തിന് എത്തിയിരുന്നത്. മോഷണം നടത്തിയ കുറുവസംഘത്തിലെ പ്രധാനിയായ സന്തോഷ് സെൽവമാണ് പിടിയിലായത്. ഇയാൾ മുപ്പതോളം കേസുകളിൽ പ്രതിയാണ്.

അതിവിദഗ്ധമായാണ് പിടിയിലായ സന്തോഷ് സെൽവം തനിക്കുള്ള താമസസ്ഥലം കണ്ടെത്തിയിരുന്നത്. കുണ്ടന്നൂർ പാലത്തിനു സമീപം കാടുപിടിച്ച പ്രദേശത്ത് ആളൊഴിഞ്ഞ ഷെഡ്ഡിൽ നിലത്ത് കുഴികുത്തിയാണ് ഇയാൾ ഒളിച്ചിരുന്നത്. പോലീസ് സംഘത്തിന് അത്രവേഗം എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരുന്നില്ല ഇത്. കാല് സൂക്ഷിച്ച് വെച്ചില്ലെങ്കിൽ താഴ്ന്നുപോകാം. അതിനുപുറമേ കുപ്പിച്ചില്ലുകൾ അടക്കമുള്ള മാലിന്യങ്ങളും. കുഴികുത്തിയിരുന്നശേഷം സന്തോഷ് സെൽവം ഒരു ഷീറ്റിട്ട് മൂടുക കൂടി ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പോലീസ് സംഘം ഇയാളെ പിടികൂടി. ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച സന്തോഷിനെ കൈവിലങ്ങ് അണിയിച്ച് ജീപ്പിൽ ഇരുത്തി. തുടർന്ന് സമീപത്തുവച്ചു തന്നെ മറ്റൊരാളെ കൂടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് കുറവാ സംഘവുമായുള്ള ബന്ധവും പരിശോധിച്ചുവരുന്നു.

അതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കുറുവസംഘം പൊലീസ് ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചു. ഈ സാഹചര്യം മുതലെടുത്ത് സന്തോഷ് ജീപ്പിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരിയെറിഞ്ഞു. കുണ്ടന്നൂർ പാലത്തിനു സമീപത്തെ ചതുപ്പിൽ അഞ്ചു മണിക്കൂറോളം സന്തോഷിനായി പോലീസ് തിരച്ചിൽ നടത്തി. നീന്തിരക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ ബോട്ടിൽ സഞ്ചരിച്ച് പരിശോധന നടത്തി. പാലത്തിനു സമീപത്തെ ചതുപ്പിനോട് ചേർന്നുള്ള കലുങ്കിൽ ഒളിച്ചിരുന്ന സന്തോഷിനെ ഒടുവിൽ പിടികൂടി. കൊച്ചി സിറ്റി, ആലപ്പുഴ എന്നീ പോലീസ് യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിനും തിരച്ചിലിനും ഒടുവിലാണ് ഇവരെ പിടികൂടിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ഇരുജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി നിരവധി പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ പങ്കെടുത്തു.

ബോളിവുഡ് കണ്ട ഏറ്റവും വലിയ നായികമാരിൽ ഒരാളാണ് കരിഷ്മ കപൂർ. തന്റെ കാലത്തെ ഏറ്റവും തിരക്കുള്ള നായിക. ദേശീയ പുരസ്‌കാരം ഉൾപ്പെടെ താരത്തെ തേടിയെത്തിയിരുന്നു. കരിയറിൽ അത്യുന്നതങ്ങളിൽ എത്തിയപ്പോഴും കരിഷ്മയുടെ ദാമ്പത്യ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. കടുത്ത ദുരനുഭവങ്ങളാണ് മുൻ ഭർത്താവ് സഞ്ജയ് കപുറുമായുള്ള ദാമ്പത്യത്തിൽ കരിഷ്മയ്ക്ക് നേരിടേണ്ടി വന്നത്

ഭർത്താവിനെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്നും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കൽ ഗർഭിണിയായ കരിഷ്മയെ തല്ലാൻ തന്റെ അമ്മയോട് ആവശ്യപ്പെടുക പോലും മുൻഭർത്താവ് ചെയ്തിട്ടുണ്ട്.

സഞ്ജയ്ക്ക് മറ്റ് പലരുമായും ബന്ധമുണ്ടായിരുന്നു. നേരത്തെ വിവാഹിതനായിരുന്ന സഞ്ജയ് താനുമായുള്ള വിവാഹ ശേഷവും മുൻ ഭാര്യയുമായി ശാരീരിക ബന്ധം നിലനിർത്തിയിരുന്നുവെന്നാണ് കരിഷ്മയുടെ ആരോപണം. മകന്റെ അവിഹിത ബന്ധങ്ങളേയും ക്രൂരതകളേയും അമ്മ പിന്തുണച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.

2014 ലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്.

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.

ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ആയിരിക്കും ഇത് പ്രവർത്തിക്കുക. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും.

പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലേറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്‌ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി ഡി സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണ്. വി ഡി സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരക്കിൽ വൈകിയെത്തുമെന്നതിൽ സ്വാമിമാർക്ക് ആശങ്ക വേണ്ട. പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുതയുണ്ടെന്ന് കെഎസ്ആർടിസി. പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ശബരിമലയിലെ തിരക്ക് കാരണം തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത യാത്രക്കാർക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണ്. ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ID കാർഡ് പരിശോധനയ്ക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.

പാലക്കാട്: മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി സന്ദീപ് വാര്യർ. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ സന്ദീപ് വാര്യരെ സ്വീകരിച്ചു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്.

മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. മുസ്ലിം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് യാത്രയ്ക്ക് മുന്നോടിയായി സന്ദീപ് പ്രതികരിച്ചു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട്ടേക്കുള്ള യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടതില്ല എന്നറിയിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സർക്കുലർ ഇറക്കി. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിന് പകരം ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു.

ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാർഗനിർദേശകവിദഗ്ദസമിതി പരിശോധിക്കുകയും പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

25 വർഷംമുമ്പ് കേരളത്തിൽ ലോകായുക്ത യാഥാർത്ഥ്യമാക്കിയത് അന്നത്തെ എൽ ഡി എഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദ്ദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

‘ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്’ എന്നാണല്ലോ പറയുക. ഇന്ത്യയിലാകമാനമുള്ള കോടതികളിൽ 51 മില്യൺ കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അവയിൽ രണ്ടു ലക്ഷത്തോളം കേസുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്. മതിയായ പ്രവർത്തന സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നാണ് നീതിനിർവ്വഹണവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

കേസുകൾ ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് നീതി കിട്ടുന്നില്ല എന്നത് പെൻഡൻസിയുമായി ബന്ധപ്പെട്ട കണക്കുകളിൽ നിന്നു വ്യക്തമാണ്. ഇതിനു പരിഹാരം കാണാൻ കഴിയുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആത്മാർത്ഥമായി നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട കേസുകളിൽ കാലതാമസം ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ ഈ ദിനാചരണവും അതുമായി ബന്ധപ്പെട്ട പരിപാടികളും ഉപകരിക്കണം.

1966 ലെ ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്ത് ലോകായുക്തകൾ രൂപീകരിക്കപ്പെടുന്നത്. അഴിമതി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആറു പതിറ്റാണ്ടോളം മുമ്പുതന്നെ നമ്മുടെ രാജ്യം ഗൗരവതരമായി ചിന്തിച്ചിട്ടുണ്ട്. പണം കൊടുത്ത് കാര്യം നടത്തിക്കുക എന്നതിനേക്കാൾ ഉപരിയായ പല മാനങ്ങളും ഇന്ന് അഴിമതിക്കു കൈവരികയുമാണ്. അഴിമതിയുമായി ബന്ധപ്പെട്ട അത്തരം പുതിയ പ്രവണതകളെ കൂടി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ നമുക്കു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങൾക്കു മുമ്പ് അഴിമതിയെക്കുറിച്ച് ഉണ്ടായ നിർവചനം ഇക്കാലത്തും പ്രസക്ത മാണോ എന്നത് ചിന്തിക്കണം. മുൻകാലത്ത് ചിട്ടപ്പെടുത്തിയത് മാത്രമല്ല ഇന്ന് അഴിമതിയുടെ ഗണത്തിൽപ്പെടുന്നത് എന്നതിനാൽ പരിഷ്‌ക്കരണങ്ങൾ വേണ്ട മേഖലകളടക്കം കാലികപ്രസക്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ കൂടി ലോകായുക്തയെ പോലെയുള്ള ഒരു സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ലോകായുക്ത സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വരുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമർശനങ്ങൾ ഉയർത്തപ്പെടുന്നത് കാണാം. രണ്ടു വർഷംമുമ്പ് ലോകായുക്ത നിയമ ഭേദഗതി ബിൽ സംസ്ഥാനം പാസ്സാക്കിയപ്പോഴും അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകൾ ലോകായുക്ത നിയമത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിർന്നത്. കേരളം അത്തരത്തിൽ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാൽ ഇതിനെ ഉയർത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി.

എന്നാൽ അതൊന്നും പൊതുജനങ്ങളുടെ ഇടയിൽ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാൻ ലോകായുക്തയ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓൺലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്‌സ് ഫോറം അഡ്വ.എൻ എസ് ലാൽ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ് എസ് ബാലു തുടങ്ങിയവർ സംസാരിച്ചു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായി മാറിയിരിക്കുകയാണ് നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങൾ. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് നവ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ, നവ്യയുടെ ഫോട്ടോഷൂട്ടിനെതിരെ ചിലർ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല തല്ലിപ്പൊളി ലുക്ക്, വെയ്റ്റിംഗ് ഫോർ നേവൽ ഫോട്ടോഷൂട്ട്, ഇനി ബിക്കിനി വീഡിയോ, നവ്യ വന്യമായിപ്പോയി, നൈസ് അമ്മച്ചി ഷോ, കിഴവിയായി, നവ്യ ഹോട്ട് ആണ് യക്ഷി ആണ് എന്ന തരത്തിൽ പോകുന്നു നവ്യക്കെതിരെയുള്ള കമന്റുകൾ. തന്റെ സിനിമകളിലെ നാട്ടിൻപുറത്തുകാരി ഇമേജിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ നവ്യക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.

അതേസമയം, നവ്യയെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ‘നവ്യ വൈൻ പോലെയാണ്, പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നു, ക്യുൻ ഓഫ് ബ്യൂട്ടി, സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിക്കും, ലേഡി മമ്മൂട്ടി, പ്രായം വെറും അക്കം മാത്രം തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നവ്യയ്ക്ക് അനുകൂലമായുള്ളത്. നവ്യയ്ക്ക് എല്ലാ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നവരുമുണ്ട്.