ആലപ്പുഴ: എറണാകുളം ജില്ലകളിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭീതിപരത്തിയിരുന്ന കുറുവ മോഷണ സംഘത്തിലെ ഒരാളെ കൊച്ചിയിൽ നിന്ന് അതി സാഹസികമായി പിടികൂടി. പകൽസമയങ്ങളിൽ പ്രദേശത്ത് കറങ്ങി നടക്കുന്നതും രാത്രിയാകുമ്പോൾ മോഷണത്തിനിറങ്ങുന്നതുമാണ് ഇവരുടെ രീതി. ശരീരമാസകലം കരിപുരട്ടി മുഖം മറച്ചാണ് സംഘം മോഷണത്തിന് എത്തിയിരുന്നത്. മോഷണം നടത്തിയ കുറുവസംഘത്തിലെ പ്രധാനിയായ സന്തോഷ് സെൽവമാണ് പിടിയിലായത്. ഇയാൾ മുപ്പതോളം കേസുകളിൽ പ്രതിയാണ്.
അതിവിദഗ്ധമായാണ് പിടിയിലായ സന്തോഷ് സെൽവം തനിക്കുള്ള താമസസ്ഥലം കണ്ടെത്തിയിരുന്നത്. കുണ്ടന്നൂർ പാലത്തിനു സമീപം കാടുപിടിച്ച പ്രദേശത്ത് ആളൊഴിഞ്ഞ ഷെഡ്ഡിൽ നിലത്ത് കുഴികുത്തിയാണ് ഇയാൾ ഒളിച്ചിരുന്നത്. പോലീസ് സംഘത്തിന് അത്രവേഗം എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരുന്നില്ല ഇത്. കാല് സൂക്ഷിച്ച് വെച്ചില്ലെങ്കിൽ താഴ്ന്നുപോകാം. അതിനുപുറമേ കുപ്പിച്ചില്ലുകൾ അടക്കമുള്ള മാലിന്യങ്ങളും. കുഴികുത്തിയിരുന്നശേഷം സന്തോഷ് സെൽവം ഒരു ഷീറ്റിട്ട് മൂടുക കൂടി ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പോലീസ് സംഘം ഇയാളെ പിടികൂടി. ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച സന്തോഷിനെ കൈവിലങ്ങ് അണിയിച്ച് ജീപ്പിൽ ഇരുത്തി. തുടർന്ന് സമീപത്തുവച്ചു തന്നെ മറ്റൊരാളെ കൂടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് കുറവാ സംഘവുമായുള്ള ബന്ധവും പരിശോധിച്ചുവരുന്നു.
അതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കുറുവസംഘം പൊലീസ് ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചു. ഈ സാഹചര്യം മുതലെടുത്ത് സന്തോഷ് ജീപ്പിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരിയെറിഞ്ഞു. കുണ്ടന്നൂർ പാലത്തിനു സമീപത്തെ ചതുപ്പിൽ അഞ്ചു മണിക്കൂറോളം സന്തോഷിനായി പോലീസ് തിരച്ചിൽ നടത്തി. നീന്തിരക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ ബോട്ടിൽ സഞ്ചരിച്ച് പരിശോധന നടത്തി. പാലത്തിനു സമീപത്തെ ചതുപ്പിനോട് ചേർന്നുള്ള കലുങ്കിൽ ഒളിച്ചിരുന്ന സന്തോഷിനെ ഒടുവിൽ പിടികൂടി. കൊച്ചി സിറ്റി, ആലപ്പുഴ എന്നീ പോലീസ് യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിനും തിരച്ചിലിനും ഒടുവിലാണ് ഇവരെ പിടികൂടിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ഇരുജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി നിരവധി പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ പങ്കെടുത്തു.

