Latest News (Page 69)

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യർ. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് കെ മുരളീധരനെ വേദിയിലിരുത്തി സന്ദീപ് വാര്യർ പുകഴ്ത്തി സംസാരിച്ചത്. ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരൻ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്..താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണ്. ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃത്യമായ രാഷ്ട്രീയ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. സന്ദീപ് വാര്യർ വർഗീയ പ്രചരണം നടത്തിയ ആളാണ്. ആർഎസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് പറഞ്ഞത്. ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുകയാണ്. കോൺഗ്രസിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. ഇടത് വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻറെ വിലയിരുത്തലാകും. ഇടതുപക്ഷം മൂന്നാം സർക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂ. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടതെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ പ്രദേശവാസികളുടെ റിലേ നിരാഹാര സമരം 37-ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ സമരം തുടരാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബ്രസീലിൽ എത്തിയത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. പ്രസിഡന്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഗയാനയിലെത്തുന്നത്. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ സന്ദർശനം നടത്തുന്നത്.

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെ മരുമകനുമായി ഋഷി സുനക് ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് രാജ്യസഭാ എംപി സുധാമൂർത്തി. ലണ്ടനിൽ നടന്ന ഭാരതീയ വിദ്യാഭവന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഇവരുടെ പരാമർശം.

നല്ല വിദ്യാഭ്യാസം നിങ്ങൾക്ക് പറക്കാനുള്ള ചിറകുകൾ നൽകുന്നു, എന്നാൽ മഹത്തായ സംസ്‌കാരം നിങ്ങളെ നിങ്ങളുടെ ഉത്ഭവത്തിൽ നിലനിറുത്തുന്നു. ഇന്ത്യൻ പൈതൃകത്തിൽ വേരൂന്നിയ മൂല്യങ്ങളുള്ള അഭിമാനിയായ ബ്രിട്ടീഷ് പൗരനാണ് ഋഷി. ഇന്ത്യൻ സംസ്‌കാരം പഠിക്കാൻ നിങ്ങളുടെ കുട്ടികളെ അയക്കൂവെന്ന് സുധാമൂർത്തി അറിയിച്ചു.

പ്രായമാകുമ്പോൾ നമ്മൾ നമ്മുടെ വേരുകളിലേക്ക് മടങ്ങുമെന്നും സുധാമൂർത്തി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി പറഞ്ഞു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്.

ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി വ്യക്തമാക്കി.

പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു.

ഇഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി. സംസ്ഥാനത്ത് സാമുദായിക സംഘർഷം രൂക്ഷമായതോടെയാണ് ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ എൻപിപി തീരുമാനിച്ചത്. ഇതോടെ നിയമസഭയിൽ എൻഡിഎ സർക്കാരിന്റെ അംഗസംഖം 53ൽ നിന്ന് 46 ആയി കുറഞ്ഞു.

കോൺഗ്രസിന് 5 അംഗങ്ങളും കുകി പീപ്പിൾ അലയൻസിന് 2 അംഗങ്ങളും അടക്കം 7 അംഗങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത്. മണിപ്പൂരിൽ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധക്കാർ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും ചിലരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്.

അതേസമയം, സായുധ സംഘം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് മെയ്‌തെയ് വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്. നിരവധി മന്ത്രിമാരുടെ വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയായി. ഇംഫാൽ മേഖലയിലുള്ള പള്ളികൾക്ക് നേരേയും ആക്രമണമുണ്ടായി. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎക്ക് കൈമാറാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ്. 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയിൽ അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷൻസ് മേധാവി ഉമാ നായർ പറഞ്ഞു.

കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാർഗനിർദേശപ്രകാരം ഒരു വനഭൂമി വിട്ടുനൽകണമെങ്കിൽ അതിന് പരിഹാരവനവത്ക്കരണത്തിനായി തുല്യമായ ഭൂമി വനംവകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകണം. ഇതിന്റെ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കൊല്ലം ജില്ലാ കളക്ടർക്ക് സർക്കാർ നിർദേശം നൽകി.

പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് 250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്.

2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ൽനിന്ന് 80 ആയി കുറഞ്ഞതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘പകരം ഭൂമി നൽകുന്ന പ്രശ്നം പരിഹരിച്ചുകഴിഞ്ഞു. ഇനി ഇപ്പോൾ പകരം ഭൂമി നൽകുന്നതിന്റെ കടലാസ്സുകൾ ശരിയായി കഴിഞ്ഞാൽ ഫൈനൽ ക്ലിയറൻസിന് വനംവകുപ്പ് അപേക്ഷ നൽകും. അത് ലഭിക്കുന്ന മുറയ്ക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകും. നിർമാണപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നാല് മുതൽ ആറുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. നിർമാണക്കാലയളവ് 24 മാസമായിരിക്കും. മഴയുള്ള സമയത്തും നട തുറന്നിരിക്കുന്ന കാലത്തും ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകും’, റോപ്പ് വേ ഓപ്പറേഷൻസ് മേധാവി ഉമാ നായർ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചു.

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി നാളെ വൈകിട്ട് ആറിന് അവസാനിക്കും. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര അറിയിച്ചു.

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക് എസ്.എം.എസ്/വോയിസ് മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, എക്സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല. ഇത് ലംഘിക്കുന്നവർക്ക് ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ പ്രകാരം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഈ കാലയളവിൽ സിനിമാ ഹാളുകളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രദർശിപ്പിക്കാതിരിക്കാൻ തിയേറ്റർ ഉടമകളും ബൾക്ക് എസ്.എം.എസ്/ ബൾക്ക് വോയിസ് മെസേജ് ആയി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ മൊബൈൽ സേവന ദാതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്.

സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂർ കത്തുന്നത് കാണുന്നില്ലേ. അതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽ നിൽക്കുന്ന ഒന്നാമത്തെയാൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സാദിഖലി തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരമാർശം ജനങ്ങൾ തള്ളും. ജനങ്ങളുടെ മനസിലാണ് പാണക്കാട് തങ്ങൾമാരുടെ സ്ഥാനം. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ട്. അതിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അമ്പരപ്പാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്റെ ഗതികേടിന്റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ബിജെപി എടുക്കുന്ന അതേ നിലപാട് തന്നെയാണ് മുനമ്പം വിഷയത്തിൽ സിപിഎമ്മും എടുക്കുന്നത്. വിഷയം കൂടുതൽ രൂക്ഷമാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഉപതെരെഞ്ഞെടുപ്പിൽ പറ്റെ തറപറ്റുമെന്ന് മനസിലാക്കിയ ബേജാറിലാണ് മുഖ്യമന്ത്രിയും സിപിഎമ്മുമെന്നും അദ്ദേഹം പരിഹസിച്ചു.