Latest News (Page 68)

ന്യൂഡൽഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നൽകി. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.

തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി ഓയിൽ ആന്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്‌നോളജി ദാതാക്കളായ NOV Inc(നാഷണൽ ഓയിൽ വെൽ) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്റർ കേരളത്തിൽ ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങ് സെന്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് NOV Inc.

ലോകത്തിന്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നതാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനി അധികൃതർ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചത്. അവരെല്ലാവരും തന്നെ കേരളത്തിന്റെ മികച്ച ടാലന്റ് പൂളിനെ പ്രശംസിക്കുകയും ചെയ്തത് എന്തുകൊണ്ട് കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതിനുള്ള ഏറ്റവും അനുയോജ്യമായ തെളിവാണ്. ഒപ്പം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇന്റസ്ട്രിയൽ റെവല്യൂഷൻ 4.0 കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ. അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടർമാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2445 കന്നിവോട്ടർമാരും 229 പേർ പ്രവാസി വോട്ടർമാരുമാണ്. നവംബർ 20 ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയാകും.

ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

മത്സര രംഗത്ത് 10 സ്ഥാനാർത്ഥികൾ

ആകെ പത്തു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സി. കൃഷ്ണകുമാർ (ബി.ജെ.പി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐ.എൻ.സി, ചിഹ്നം: കൈ), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം:സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ.ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി(സ്വതന്ത്രൻ, ചിഹ്നം:തെങ്ങിൻ തോട്ടം), എൻ.എസ്.കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ്. ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം:ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർത്ഥികൾ.

184 പോളിങ് ബൂത്തുകൾ

നാല് ഓക്‌സിലറി ബൂത്തുകൾ (അധിക ബൂത്തുകൾ) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ൽ കൂടുതൽ വോട്ടർമാരുള്ളവിടമാണ് ഓക്‌സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവർ പ്രൈ മറി സ്‌കൂൾ കുന്നത്തൂർ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102 ആം നമ്പർ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഓക്‌സിലറി പോളിങ് സ്റ്റേഷൻ (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെൻട്രൽ ജൂനിയർ ബേസിക് സ്‌കൂൾ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്‌സിലറി ബൂത്തുകൾ പ്രവർത്തിക്കുക.

വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതർ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തിൽ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കൾ സജ്ജീകരിച്ചിരിക്കുന്നത്.

പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കൺട്രോൾ യൂണിറ്റുകൾ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകൾ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള രണ്ട് എഞ്ചിനീയര്മാരും പാലക്കാട് എത്തിയിട്ടുണ്ട്.

പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് സംവിധാനം

സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 19 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്.സിവിൽ സ്റ്റേഷനിൽ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ് വെബ്കാസ്റ്റിംഗ് നിരീക്ഷണം. പോളിങ് ദിനത്തിൽ രാവിലെ അഞ്ച് മുതൽ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവർത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ്സ്ട്രീമിങ് ഉണ്ടായിരിക്കും.

പ്രശ്നബാധിത ബൂത്തുകൾ

മണ്ഡലത്തിൽ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സുരക്ഷാ സേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിപ്പുറം യൂണിയൻ ബേസിക് യു.പി സ്‌കൂൾ (ബൂത്ത് നം. 49, 50), കർണ്ണകയമ്മൻ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീർപന്തൽ എ.എം.എസ്.ബി സ്‌കൂൾ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ അധികസുരക്ഷയൊരുക്കും.

തിരുവനന്തപുരം: ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാൻ സാധിക്കുന്നത്. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ അറിയിച്ചു.

സമയത്തിന് ശമ്പളം വിതരണം ചെയ്യുമെന്ന് അറിവുണ്ടായിരുന്നിട്ടും കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം നടന്ന സമരം ദാർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റേതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പാർട്ടി നേതൃത്വത്തിലുള്ളവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് സ്വാഭാവികമാണ്. അത് സഹിഷുണതയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്യുക എന്നതാണ് ജനാധിപത്യ മര്യാദയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചാൽ അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കെപിസിസി പ്രസിഡന്റിനെ എത്രയോ തവണ വിമർശിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ ഈ നിലവിളിയൊന്നും കേട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഏതൊക്കെ തരത്തിലാണ് കടന്നാക്രമിക്കുന്നത്. മുസ്ലീം ലീഗ് പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ മാത്രം വിമർശിക്കാൻ പാടില്ലേ. ആ വിമർശനം എങ്ങനെയാണ് ഒരു പ്രത്യേക മതത്തിനെതിരെയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയത്തിൽ മത വൈരാഗ്യം കലർത്താനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയയാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. അങ്ങനെയൊരാൾ പാണക്കാട്ടേക്ക് വരുമ്പോൾ നേരത്തെ നടത്തിയ പ്രസ്താവനയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല. ചുട്ടുകൊല്ലണമെന്ന് ഉൾപ്പെടെ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്ക് കോൺഗ്രസും ലീഗും സർട്ടിഫിക്കറ്റ് നൽകുകയാണ്. ഇത് നാടാകെ അംഗീകരിക്കണമെന്ന് പറയുന്നത് ശരിയാണോ. മതന്യൂനപക്ഷങ്ങളുടെ പൊതുബോധത്തെ ഞങ്ങളാണ് നിശ്ചയിക്കുന്നതെന്ന് ചിലർ തീരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്നും ഇത് മുന്നിൽകണ്ടാണ് ബിജെപിയും കോൺഗ്രസും മത വർഗീയത ഇറക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.

പുല്ല്മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പി.ഡി.എഫ് എന്നിവ കരുതണം.

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളവുമായി ബന്ധപ്പെട്ട് ടിഡിഎഫ് നടത്തിയ സമരത്തെ തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഇന്നുതന്നെ ശമ്പളം കൊടുക്കുമെന്ന് ടിഡിഎഫിന് അറിയമായിരുന്നിട്ടം സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടിഡിഎഫ് പ്രതിനിധികൾക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയത്. ഫിനാൻസ് ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുകൊണ്ടാണ് സമരം നടത്തിയത്. ഇത് ഇന്നത്തെ ശമ്പള വിതരണത്തെ ബാധിച്ചു. രാവിലെ തന്നെ ശമ്പളം കൊടുക്കാനാവുമായിരുന്നു. അന്തസ്സുള്ള ട്രേഡ് യൂണിയൻ പ്രവർത്തനമല്ല ഇത്. യുഡിഎഫ് പറഞ്ഞിട്ടാണ് ടിഡിഎഫ് ഇന്ന് സമരം നടത്തിയത്. ഇത് യുഡിഎഫിന് വേണ്ടിയുള്ള വിടുപണിയാണെന്നും കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും ഊന്നൽ നൽകി സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് പ്രൊബേഷൻ സംവിധാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു,

സംസ്ഥാനതല പ്രൊബേഷൻദിന പരിപാടിയുടെ ഉദ്ഘാടനം കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. കുറ്റകൃത്യങ്ങളുടെ ആവർത്തനം തടയുന്നതിനും ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം സൃഷ്ടിക്കുന്നതിനും പ്രൊബേഷൻ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നത് വഴി സാധിക്കും. സാമൂഹ്യ പ്രതിരോധ മേഖലയിൽ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രഥമ നിയമ മന്ത്രിയും പ്രഗൽഭനായ ന്യായാധിപനുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 പ്രൊബേഷൻ ദിനമായി സർക്കാർ ആചരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിച്ചത്.

വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, കേരള ലോ അക്കാദമി ഡയറക്ടർ പ്രൊഫ. കെ.അനിൽകുമാർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി കെ., സാമൂഹ്യനീതി ഡയറക്ടർ പ്രിയങ്ക ജി, അഡീഷണൽ ഡയറക്ടർ ജലജ എസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രൊബേഷൻ ഓഫ് ഒഫന്റേഴ്‌സ് ആക്ട്, 1958 എന്ന വിഷയത്തിൽ കേരള നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, പ്രൊബേഷൻ സംവിധാനത്തിന്റെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫ. സഫി മോഹൻ, സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ അഷ്റഫ് കാവിൽ എന്നിവർ ക്ലാസെടുത്തു.

പ്രൊബേഷൻ ഓഫ് ഒഫന്റേഴ്‌സ് ആക്ട്, 1958 പ്രകാരമുള്ള നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ മാനസിക പരിവർത്തനവും സാമൂഹിക പുനരധിവാസവും സംബന്ധിച്ചും സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രൊബേഷൻ ദിനാചരണത്തിന്റെ ലക്ഷ്യം.

പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് നടി ബീന കുമ്പളങ്ങി. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് ഇപ്പോൾ ബീന കുമ്പളങ്ങി. സീമ ജി നായരാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടനയാണെന്നും സീമ ജി നായർ വ്യക്തമാക്കി.

ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഒരു ബർത്ത് ഡേ വിഷ് ഇടാൻ പറ്റാഞ്ഞത് കഴിഞ്ഞ ദിവസം ഉണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് ‘അമ്മ എന്ന സംഘടനയാണെന്ന് സീമ അറിയിച്ചു.

ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും ‘അമ്മ സംഘടനയാണ്. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്‌തേനേ. അമ്മ സംഘടനയെ എതിർക്കുന്നവരെ വിമർശിച്ചു കൊണ്ടായിരുന്നു സീമയുടെ പരാമർശം. എത്രയോ പേർക്ക് താങ്ങായി ‘അമ്മ നിൽക്കുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു.ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണ് അമ്മ എന്ന സംഘടനയെന്നും സീമ കൂട്ടിച്ചേർത്തു.

പത്തനംതിട്ട: കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി. പമ്പയിൽ ബസ് കത്തി നശിച്ച സംഭവത്തിലാണ് കോടതി കെഎസ്ആർടിസിയോട് വിശദീകരണം തേടിയത്. 2025 വരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.

അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. എരുമേലിയിൽ മിനി ബസപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.