Latest News (Page 67)

നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹത്തിന് ഇനി അധിക ദിവസമില്ല. ഡിസംബർ നാലിന് അന്നപൂർണ സ്റ്റുഡിയോയി വെച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം നടക്കുക. വിവാഹത്തിന് സ്വാഭാവിക മേക്കപ്പിലാണ് ശോഭിത പ്രത്യക്ഷപ്പെടാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാഗ ചൈതന്യയുടെ മുത്തച്ഛന്റെ പാരമ്പര്യത്തെ മാനിച്ചാണ് പരമ്പരാഗതമായി സ്വാഭാവികമായ മേക്കപ്പിൽ ശോഭിത പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്.

പൊതുവെ മേക്കപ്പിന്റെ കാര്യത്തിലൊന്നും കോംപ്രമൈസിന് തയ്യാറാവാത്ത ശോഭിത ഇങ്ങനൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് നാഗചതൈന്യയുടെ കുടുംബത്തിന്റെ താൽപര്യങ്ങൾ നടക്കട്ടേയെന്ന് ചിന്തിച്ചതുകൊണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടിയുടെ ആഗ്രഹവും നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ശോഭിത. നാഗചൈതന്യയുടെ അമ്മയുടെ ആഗ്രഹപ്രകാരം ശോഭിത വിവാഹ ദിവസം വിദേശ ബ്രാൻഡുകളല്ല പകരം കാഞ്ചീവരം സാരികൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.

വിവാഹച്ചടങ്ങിൽ ശോഭിതയ്ക്ക് അണിയാൻ ലക്ഷ്മി തന്റെ ആഭരണങ്ങളിൽ നിന്ന് കുറച്ച് നൽകുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബത്തിന്റെ തീരുമാനങ്ങളെ ശോഭിത സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ശോഭിത നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ജറുസലം: ഇസ്രയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിൽ ബോംബാക്രമണം. ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടാവാത്തതിനാൽ വൻ അപകടം ഒഴിവായി. ബോംബുകൾ വീടിന്റെ മുറ്റത്താണ് പതിച്ചത്. സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

നേരത്തെയും നെതന്യാഹുവിന്റെ വസതിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 19 നാണ് ഇതിന് മുൻപ് നെതന്യാഹുവിന്റെ വസതിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെൽ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.

നെതന്യാഹുവും കുടുംബവും അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിന് വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണവും നടന്നിരുന്നു.

തിരുവനന്തപുരം: ഇനി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആശുപത്രി വികസന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ബിപിഎൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ച് അറിയിച്ചു. 20 രൂപ ആക്കാനായിരുന്നു ശുപാർശയെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് പത്ത് രൂപയാക്കി നിജപ്പെടുത്തിയത്.

75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചത്. വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദികളുടെ ഭാഷയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിർക്കും. വർഗീയതയോട് ഒരു വിട്ട് വീഴ്ചയുമില്ല. മുൻപ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങൾ അല്ലേ അതിന് ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു.

പാണക്കാട് കുറേ തങ്ങൾമാരുണ്ട്. ഞാൻ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റ് സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ സാധ്യതകൾ തെക്കൻ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങുന്നതല്ല. തീരപ്രദേശങ്ങൾ, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂർണ്ണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ഉൾപ്പെടെ വൈവിധ്യമാർന്ന കയറ്റുമതി ഇറക്കുമതി ചരക്കുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ജിഡിപി ഗണ്യമായി വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്യക്ഷമമായ ലോജിസ്റ്റിക്സ് സുഗമമാക്കിക്കൊണ്ട്, തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യാവസായിക ഇടനാഴി സ്ഥാപിച്ച് തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗ്രോത്ത് ട്രയാംഗിൾ, വളർച്ചാനോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ ഒരു സംയോജനമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിൻറെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകൾ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികൾ പ്രധാനമാണ്.

വിഴിഞ്ഞം – കൊല്ലം ദേശീയ പാത 66 (NH 66), കൊല്ലം-ചെങ്കോട്ട ദേശീയ പാത 744 , പുതിയ ഗ്രീൻഫീൽഡ് NH 744, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ- നെടുമങ്ങാട് വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങൾ. ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികൾ ആണ്. കൂടാതെ, പദ്ധതി പ്രദേശത്തിന് ഉള്ളിൽ വരുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതൽ കരുത്തേകും. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയർത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മാസ്റ്റർ പ്ലാൻ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിർമ്മാണ പ്രവർത്തികൾക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിന് നൽകിയത്. അതിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇൻ പേഷ്യന്റ് ബ്ലോക്ക് നിർമ്മാണത്തിനാണ് 28 കോടി രൂപ നബാർഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റർ സ്‌ക്വയർ ആണ്. 120 കിടക്കകളുള്ള ഫാമിലി വാർഡ് ആണ് ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നത്. ഒപി, ചൈൽഡ് ഒപി, ഐപി എന്നിവയാണ് നിർമ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 2 ബേസ്‌മെന്റ് ഫ്‌ളോർ, ഗ്രൗണ്ട് ഫ്‌ളോർ, ഫസ്റ്റ് ഫ്‌ളോർ എന്നിവയുടെ നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.

ഒന്നാം ബേസ്മെന്റ് ഫ്‌ളോറിൽ ഫ്രീസർ റൂം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ യൂണിറ്റ്, ഓക്‌സിജൻ സ്റ്റോറേജ് എന്നിവയും രണ്ടാം ബേസ്മെന്റ് ഫ്‌ളോറിൽ മെഡിസിൻ സ്റ്റോർ, ലാബ്, എക്‌സ് റേ, ഇസിജി, ലോൺട്രി, അടുക്കള, സ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, കാഷ്വാലിറ്റി, മൈനർ ഒടി, ഡ്രസ്സിങ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സെർവർ റൂം എന്നിവയും ഫസ്റ്റ് ഫ്‌ളോറിൽ മെഡിക്കൽ ഐസിയു, ലേബർ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റർ കോംപ്ലക്‌സ്, സർജിക്കൽ ഐസിയു, റിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചു.

കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂർത്തീകരണത്തിനാണ് 25 കോടി അനുവദിച്ചത്. രണ്ടാംനിലയിൽ ഒഫ്താൽമോളജി ഒ.പി, ഡെന്റൽ ഒ.പി, ഓപ്പറേഷൻ തീയേറ്റർ, പ്രീ ഓപ്പറേഷൻ റൂം, വാർഡുകൾ, റൂമുകൾ എന്നിവയും മൂന്നാം നിലയിൽ വാർഡുകൾ, റൂമുകൾ, ഓഫീസ്, റിക്രിയേഷൻ റൂം, കോൺഫറൻസ് റൂം എന്നിവയുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കൂടാതെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും അനുബന്ധ പ്രവൃത്തികൾക്കായി ആശുപത്രിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാർഡ്, ഇന്റർലോക്ക്, സംരക്ഷണഭിത്തി, ചുറ്റുമതിൽ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കൽ, എ.സി., ട്രാൻസ്‌ഫോർമർ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.

വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നടി തന്റെ ജീവിതത്തെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകളാണ് വൈറലാകുന്നത്. തനിക്ക് വിവാഹിതയാകാൻ താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു.

തനിക്ക് വിവാഹം ചെയ്യേണ്ടെന്ന് താനെപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ ആ ഇൻസിസ്റ്റിറ്റിയൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. താൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും തന്നോട് ചോദിച്ചാൽ വിവാഹം തന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരൂവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും തങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് തനിക്കീ സ്വപ്നങ്ങൾ വന്നതെന്ന് ഐശ്വര്യ അറിയിച്ചു.

പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്‌സണൽ സ്‌പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല തനിക്ക് വേണ്ടതെന്ന് മനസിലാക്കിയെന്ന് നടി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരും. വിമർശിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പി ലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

പാണക്കാട് പ്രേമികൾക്ക്’ വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിന്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്. പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ”ഖാളി ഫൗണ്ടേഷനി’ലും പരിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയും പോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നതെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

പാലക്കാട്: ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പാലക്കാട് ജില്ല ഭരണകൂടം. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തിയെന്ന് ജില്ല കളക്ടർ ഡോ എസ് ചിത്ര അറിയിച്ചു.

പാലക്കാട് മണ്ഡലത്തിൽ 2700 ഇരട്ട വോട്ടുകൾ ഉണ്ടെന്ന് സിപിഎം പരാതി നൽകിയിരുന്നു. തുടർന്നാണ് ജില്ല ഭരണകൂടം നടപടി ആരംഭിച്ചത്. അതാത് ബൂത്തുകളിൽ ഉള്ള മരിച്ചവരുടെയും സ്ഥിരതാമസമില്ലാത്തവരുടെയും പട്ടിക തയ്യാറാക്കി. ഇതനുസരിച്ച് പാലക്കാടിന്റെ അതിർത്തി മണ്ഡലങ്ങളിൽ ഉള്ള ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രണ്ടു മണ്ഡലങ്ങളിൽ വോട്ട് ഉള്ളവരുടെയും പാലക്കാട് രണ്ടു ബൂത്തുകളിൽ പേരുളളവരുടെയും പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറി.

സംശയമുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്കും കൈമാറും. ഈ പട്ടികയിൽ പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ അവരുടെ ഫോട്ടോ മൊബൈൽ ആപിൽ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൽ പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 23 ന്. രാവിലെ 10:30 മണിക്ക് കൊട്ടാരക്കരയിൽ നടക്കും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവഹിക്കുക.

ഐ ടി/ഐ ടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ജോലി ചെയ്യുന്നതിനാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക്സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്മാറ്റജിക് കൌൺസിലിന്റെ (aa-cwlay) നേതൃത്വത്തിൽ നടപ്പിലാകുന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിനടുത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സർക്കാർ വിഭാവനം ചെയുന്നത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങൾ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവർത്തനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർക്ക് നിയർ ഹോം പദ്ധതിയിൽ ലഭ്യമാക്കും. ആവശ്യമെയിൽ, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ പരിശീലനത്തിനുള്ള സൌകര്യം എന്നിവയും ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ 10 നിയർ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമാണം കൊട്ടാരക്കരയിലാണ്. 2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തിൽ 200 ലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗരകര്യമൊരുക്കുന്നതാണ്.