Latest News (Page 3,494)

Vikas Dubey

പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന വികാസ് ദുബെയുടെ വാഹനവ്യൂഹം അപകടത്തില്‍പെടുകയും രക്ഷപെടാന്‍ ശ്രമിച്ച ദുബെയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയായ വികാസ് ദുബെ ഇന്നലെയാണ് അറസ്റ്റിലായത്. ബിജെപി മന്ത്രി സന്തോഷ് ശുക്ലയെ പോലീസിന് മുന്നില്‍വച്ച് വെടിവച്ചുകൊന്നിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല.60 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ദുബെ.

rajnath singh

രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളുമായി റോഡുകളും, പാലങ്ങളും വഴിയുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട്, ജമ്മു കാശ്മീരില്‍ ആറ് പ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ആറ് പാലങ്ങളാണ് ശ്രീ രാജ്‌നാഥ് സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, റെക്കോര്‍ഡ് വേഗതയിലാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ. രാജ്‌നാഥ് സിംഗ്, റോഡുകളും, പാലങ്ങളും പ്രദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും, ജമ്മുവില്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 2200 കിലോമീറ്ററില്‍ പാറകള്‍ നീക്കം ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

Ajit doval

ന്യൂഡൽഹി : ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു. ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചതായാണ് പുറത്തുവരുന്ന വിവരം. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു. സ്വർണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം. അന്താരാഷ്ട്രബന്ധങ്ങളുള്ള
കേസായതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.

ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പടെ എട്ടോളം പൊലീസുകാരുടെ മരണത്തിനിടയാക്കിയ കാണ്‍പൂർ വെടിവയ്പ്പിലെ സൂത്രധാരനായ കൊടും ക്രിമിനല്‍ വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു.എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷം മദ്ധ്യപ്രദേശ് പൊലീസ് പിടികൂടിയ ശേഷം ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ച് കൊലപ്പെടുത്തിയത്. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളികൾ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

modi

ബ്രിട്ടനില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 യെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ചർച്ചാവിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവർ പരിപാടിയില്‍ സംസാരിക്കും.

sarith

തിരുവനന്തപുരം വിമാനത്താവളം വഴി ലോക്ഡൗണ്‍ സമയത്ത് 100 കോടിയുടെ സ്വര്‍ണം നാലു പ്രാവശ്യമായി കേരളത്തിലെത്തിയതായി കസ്റ്റംസ്‌ പറഞ്ഞു.ഇതിനു രാജ്യത്തിനകത്തും പുറത്തും നിന്നും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. നാലാമത്തെ സ്വർണ്ണ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും, ശക്തമായ ബന്ധങ്ങൾ ഈ സംഘത്തിന് കാണുമെന്നും കസ്റ്റംസ് കരുതുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു.നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

china

ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു സേനകൾ തമ്മിലുണ്ടായ ചർച്ചകളിലെ ധാരണ പ്രകാരമാണ് പിൻമാറ്റം.കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. ഏകദേശം രണ്ടു കിലോമീറ്ററോളം പിൻവാങ്ങിയെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം.

നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും ജൂൺ 15 ന് സംഘർഷമുണ്ടാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തെത്തുടർന്ന് ഇന്ത്യൻ സേന മേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

transgender

ഭുവനേശ്വര്‍: മധുബാബു പെൻഷൻ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഒഡിഷ സർക്കാർ പെന്‍ഷന്‍ പ്രഖ്യാപിച്ചു. ഏകദേശം 5000 പേർക്ക് ഈ പെൻഷനിൽ നിന്ന് ഗുണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ വെബ്സൈറ്റിലൂടെ ഈ പെൻഷന് അപേക്ഷിക്കാം. വിവിധ പ്രായ വിഭാഗത്തിലുള്ളവർക്ക് 500 മുതൽ 900 രൂപ വരെയാണ് ലഭിക്കുകയെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി അശോക് പാണ്ഡ പറഞ്ഞു. സർക്കാരിന്റെ ഈ തീരുമാനം ട്രാൻസ്ജെൻഡര്‍ സംഘടനകൾ സ്വാഗതം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

andaman

ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമായി നിലനിൽക്കുന്ന അവസരത്തിൽ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ചു. ചൈനയുമായി സുഹൃദ്ബന്ധം തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കും. ഇതിനിടയിൽ ചൈനയ്ക്ക് പൂര്‍ണ പിന്തുണ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.