Latest News (Page 34)

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്ത വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചത്.

ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങൾക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുക.

മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പ് നേടി ഇന്ത്യ. 2023ൽ ഇന്ത്യയിലെത്തിയത് 1.88 കോടി വിദേശ വിനോദ സഞ്ചാരികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ ഇന്ത്യ സന്ദർശിക്കാനെത്തിയത് 2022നേക്കാൾ മൂന്നിരട്ടി (305.4 ശതമാനം) അന്താരാഷ്ട്ര സഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. ടൂറിസത്തിലൂടെ ഇന്ത്യക്ക് ലഭിച്ച വിദേശനാണ്യ വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2019ൽ 10.93 ദശലക്ഷം പേരായിരുന്നു ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയത്. കോവിഡിന് ശേഷം ഇത് വല്ലാതെ ഇടിഞ്ഞെങ്കിലും 2023ൽ 9.23 ദശലക്ഷം പേർ എന്നതിലേക്ക് നിരക്ക് ഉയർന്നു. അതിനാൽ 2024ലെ കണക്കുകൾ പുറത്തുവരുമ്പോൾ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവിഡിന് മുൻപുള്ള കണക്കിനെ 2024 മറികടക്കുമെന്നാണ് വിലയിരുത്തൽ. 2025 ജനുവരിയിൽ ഈ വർഷത്തെ കണക്ക് വന്നേക്കും.

ഈ വർഷം നിരവധി പദ്ധതികൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ 5287.90 കോടി രൂപയുടെ 76 പദ്ധതികൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. അതിൽ 75 പദ്ധതികൾ പൂർത്തിയായി. ടൂറിസം ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 3,295.76 കോടി രൂപയുടെ 40 പദ്ധതികൾക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു.

തിരുവനന്തപുരം: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങൾ ഇല്ലാതെ വാൽവ് മാറ്റിവയ്ക്കുക എന്നത് രോഗികൾക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂർ മെഡിക്കൽ കോളേജിൽ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴൽ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കൽ കോളേജ് കാർഡിയോളജി ഒപിയിൽ വന്നത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോർട്ടിക് വാൽവ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോൾ അയോർട്ടിക് വാൽവിലൂടെ വേണം കടന്നു പോവാൻ. അതിനാൽ ആ വാൽവ് ചുരുങ്ങിയാൽ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ട വിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാൽവ് മുറിച്ചു മാറ്റി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിർദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവർക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാൽ സർജറി അല്ലാത്ത ടിഎവിആർ (TRANS CATHETER AORTIC VALVE REPLACEMENT) എന്ന ചികിത്സ രോഗിയും ബന്ധുക്കളുമായി ചർച്ച ചെയ്ത് നിശ്ചയിച്ചു.

നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റർ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂൺ ഉപയാഗിച്ച് ചുരുങ്ങിയ വാൽവ് വികസിപ്പിക്കുകയും തുടർന്ന് മറ്റൊരു കത്തീറ്റർ ട്യൂബിലൂടെ കൃത്രിമ വാൽവ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആർ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാവുന്ന തരത്തിൽ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാൽവ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാൽ ചികിത്സാ വേളയിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

ഈ രോഗിയുടെ അയോർട്ടിക് വാൽവ് ജന്മനാ വൈകല്യമുള്ളതും, കാൽസ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാൽ ചികിത്സ കൂടുതൽ സങ്കീർണമായിരുന്നു. അപകട സാധ്യതകൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്ത ശേഷം കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാർഡിയോളജിയിലെ ഡോക്ടർമാരായ ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ, എന്നിവരും അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അമ്മിണികുട്ടി, അരുൺ വർഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേർന്ന് ഈ ചികിത്സ മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി പൂർത്തിയാക്കി. ഡോ. ഷഫീക്ക് മട്ടുമ്മലും ചികിത്സയെ സഹായിച്ചു. കാത്ത് ലാബ് ടെക്‌നീഷ്യന്മാരായ അൻസിയ, അമൃത, നഴ്സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും ഇതിൽ പങ്കെടുത്തു. വേണ്ടി വന്നാൽ ഉടനടി ശസ്ത്രക്രിയ ചെയ്യാൻ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. അഷ്‌റഫ് തയ്യാറായി കൂടെ നിന്നു. ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനകളിൽ വാൽവ് വളരെ നന്നായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.

കോയമ്പത്തൂർ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി. നീതി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് കെ അണ്ണാമലൈ കോയമ്പത്തൂരിലെ വസതിക്ക് മുന്നിൽ സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ചു. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ‘അനാസ്ഥ’യെ അപലപിച്ചാണ് അണ്ണാമലൈയുടെ പ്രതിഷേധം.

വെള്ളിയാഴ്ച മുതൽ 48 ദിവസം നീണ്ടുനിൽക്കുന്ന മുരുകൻ ദീക്ഷയും അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ തമിഴ്നാട്ടിൽ നിന്ന് ‘നീക്കംചെയ്യുന്നത്’ വരെ കാലിൽ ചെരിപ്പ് ധരിക്കില്ലെന്ന പ്രതിജ്ഞയും അണ്ണാമലൈ നടത്തിയത്. ലൈംഗിക പീഡനക്കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനായതിനാലാണ് ഇരയുടെ പേര് പുറത്തു വന്നതെന്ന് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.

സാങ്കേതിക തകരാർ മൂലമാണ് എഫ്‌ഐആർ ചോർന്നതെന്നായിരുന്നു തമിഴ്നാട് പോലീസിന്റെ വിശദീകരണം. ഇതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി റവന്യു വകുപ്പ്. അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്‌പെൻഡ് ചെയ്തു. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയതിന് ഇത്രയധികം പേർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

നേരത്തെ മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചത്. സസ്‌പെൻഷൻ നടപടി നേരിട്ടവരിൽ പാർട്ട് ടൈം സ്വീപ്പർ, വില്ലേജ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുണ്ട്.

പല മാസങ്ങളിലായി 5,600 രൂപ മുതൽ 50,000 രൂപ വരെ ഇവർ പെൻഷനായി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. വിവിധ വകുപ്പുകളിലായി 1,500-ഓളം സർക്കാർ ജീവനക്കാർ ഇത്തരത്തിൽ പെൻഷൻ വാങ്ങിയിട്ടുണ്ട്. അനർഹമായി പെൻഷൻ വാങ്ങിയ ജീവനക്കാരിൽ നിന്ന് 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്.

എസ്‌കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ. ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു. സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മെയ് മാസം 5 മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ 1240 രൂപ നിരക്കിൽ സർവീസ് തുടങ്ങിയത്.

കൊച്ചി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളികൊണ്ടാണ് കോടതിയുടെ നീക്കം.

എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിർദേശം നൽകി, ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് സിവിൽ കോടതി പിന്നീട് കണ്ടെത്തിയാൽ ഇപ്പോൾ കൈപ്പറ്റുന്ന നഷ്ടപരിഹാര തുക എസ്റ്റേറ്റ് ഉടമകൾ തിരികെ നൽകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൈപ്പറ്റുന്നതിന് മുമ്പ് എസ്റ്റേറ്റ് ഉടമകൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം തേടി എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകി. അസാധാരണ നടപടിയാണ് പ്രശാന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്ത് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം, പ്രശാന്തിന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സർക്കാർ രംഗത്തെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എൻ പ്രശാന്തിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകിയിരുന്നു. ഇതിന് മറുപടി നൽകുന്നതിന് പകരമാണ് തിരിച്ച് പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിംഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്‌നിച്ചു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൻമോഹൻ സിംഗ് അന്തരിച്ചത്. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമുവും മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

മൻമോഹൻ സിംഗിന്റെ മരണത്തോട് അനുബന്ധിച്ച് രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.