Latest News (Page 33)

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയുമാണ് ലഭിക്കുക.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ തുടർച്ചയായ വർഷങ്ങളിൽ പ്രവർത്തനലാഭം കരസ്ഥമാക്കി ചരിത്രം രചിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടിയോളം പ്രവർത്തന ലാഭം വർധിപ്പിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ വലിയ വർധനവുണ്ടാക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2021-22 കാലയളവിൽ 31229 പേരാണ് ശരാശരി ഒരു ദിവസം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിൽ 2022-23ൽ ഇത് 68168 ആയി വർധിച്ചിരുന്നു. 2023-24 വർഷത്തിൽ വീണ്ടും വലിയ വർധനവ് സൃഷ്ടിച്ചുകൊണ്ട് ശരാശരി 88292 പേർ ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്ത നിരവധി ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടത്തിൽ കെഎംആർഎല്ലിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്‌കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണമാരംഭിക്കുകയും ചെയ്തതും ഈ കാലയളവിലെ നേട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്തു തന്നെ കൊച്ചി മെട്രോയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരണവുമായി യു പ്രതിഭ എംഎൽഎ. വാർത്ത വ്യാജമാണെന്നാണ് യു പ്രതിഭ എംഎൽഎ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ വ്യക്തമാക്കി.

മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്‌സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. എന്നാൽ, ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ താൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറഞ്ഞു.

ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താനും. തന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം മഫ്തിയിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തിലെ സച്ചിൻ എന്ന യുവാവിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സച്ചിനെതിരെ കഞ്ചാവ് കൈവശം വച്ചതിനും കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ 27-ാം വകുപ്പ് പ്രകാരം കഞ്ചാവ് ഉപയോഗിച്ചതിനുമാണ് എക്‌സൈസ് കേസെടുത്തത്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) ഇവരിൽ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും.

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞായിരുന്നു സൂരജ് പരോളിന് ശ്രമിച്ചത്. എന്നാൽ, സൂരജിന്റെ തട്ടിപ്പ് ജയിൽ അധികൃതർ പൊളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൂരജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്.

മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ സൂരജിന്റെ തട്ടിപ്പ് പൊളിഞ്ഞടിയുകയായിരുന്നു. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. 2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോൾ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്.

ഡോക്ടർ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തി. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ഗുരുതര രോഗമെന്ന് എഴുതി ചേർത്തതെന്നാണ് കണ്ടെത്തൽ. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.

സോൾ: വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു. ദക്ഷിണ കൊറിയയിലാണ് അപകടം ഉണ്ടായത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം സംഭവിച്ചത്. 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്‌ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്.

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകർന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം.

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന വ്യക്തമാക്കി.

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പത്തിലധികം വലിയ പദ്ധതികൾ നടപ്പിലാക്കിയ സിയാൽ യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടലും ആരംഭിച്ചത്.

ഒരു വശത്ത് റൺവേയും മറുവശത്ത് കേരളത്തിന്റെ മനോഹാരിത കാണാൻ സാധിക്കുന്നതുമായ 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെന്റർ എന്നീ സൗകര്യങ്ങൾ ഹോട്ടലിലുണ്ട്. സിയാൽ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെയാണ് കണ്ടെത്തിയത്. ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും.

താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് കേരളത്തിന്റെ മനോഹാരിത കാണാൻ സാധിക്കുന്നതുമായ 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നീ സൗകര്യങ്ങൾ ഹോട്ടലിലുണ്ട്.

താജ് ഹോട്ടൽ ഉൾപ്പെടെയുള്ള 10 മെഗാ പദ്ധതികൾ കൂടാതെ 163 ചെറിയ പദ്ധതികളും സിയാൽ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഷിംല: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. കുളുവിലെ സ്‌കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. ആയിരത്തോളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് കുളു പോലീസ് വ്യക്തമാക്കി.

കനത്ത മഞ്ഞുവീഴ്ചയും ശീതതരംഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതേത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന് താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോർജ് (സജി), കെ.എം. സുരേഷ്, കെ. അനിൽ കുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി രഞ്ജിത്ത്, കെ മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ. സുരേന്ദ്രൻ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമൻ (ഉദുമ മുൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ വെളുത്തോളി (മുൻ പാക്കം ലോക്കൽ സെക്രട്ടറി), കെ വി ഭാസ്‌കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

എറണാകുളം സിബിഐ കോടതി ജഡ്ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

തൃശൂർ: തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി.

രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്‌ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്‌ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, ഈ ആവശ്യം ഉൾപ്പെടെ തള്ളികൊണ്ട് വിജിത്തിന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തിനാലാണ് തടഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂർ എരുമപ്പെട്ടി എസ്‌ഐ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എസ്.ഐയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പള്ളി അധികൃതർ വ്യക്തമാക്കി.