ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പ് നേടി ഇന്ത്യ. 2023ൽ ഇന്ത്യയിലെത്തിയത് 1.88 കോടി വിദേശ വിനോദ സഞ്ചാരികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ ഇന്ത്യ സന്ദർശിക്കാനെത്തിയത് 2022നേക്കാൾ മൂന്നിരട്ടി (305.4 ശതമാനം) അന്താരാഷ്ട്ര സഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. ടൂറിസത്തിലൂടെ ഇന്ത്യക്ക് ലഭിച്ച വിദേശനാണ്യ വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2019ൽ 10.93 ദശലക്ഷം പേരായിരുന്നു ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയത്. കോവിഡിന് ശേഷം ഇത് വല്ലാതെ ഇടിഞ്ഞെങ്കിലും 2023ൽ 9.23 ദശലക്ഷം പേർ എന്നതിലേക്ക് നിരക്ക് ഉയർന്നു. അതിനാൽ 2024ലെ കണക്കുകൾ പുറത്തുവരുമ്പോൾ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവിഡിന് മുൻപുള്ള കണക്കിനെ 2024 മറികടക്കുമെന്നാണ് വിലയിരുത്തൽ. 2025 ജനുവരിയിൽ ഈ വർഷത്തെ കണക്ക് വന്നേക്കും.
ഈ വർഷം നിരവധി പദ്ധതികൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ 5287.90 കോടി രൂപയുടെ 76 പദ്ധതികൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. അതിൽ 75 പദ്ധതികൾ പൂർത്തിയായി. ടൂറിസം ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 3,295.76 കോടി രൂപയുടെ 40 പദ്ധതികൾക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു.

