Latest News (Page 102)

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്‌കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണെന്നും ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പെൻഷൻ പരിഷ്‌ക്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പറഞ്ഞു. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

veena

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ ആരോഗ്യത്തിന് വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യം അനിവാര്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 608 മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഈ വർഷം ആയുഷ് വകുപ്പ് സംസ്ഥാനത്തുടനീളം 2408 വയോജന ക്യാമ്പുകൾ നടത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ കാലഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. രണ്ടാംഘട്ടത്തിൽ 100 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ആയിരത്തോളം യോഗ ക്ലബ്ബുകൾ ആരംഭിച്ചു. വീടുകളിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ഈ യോഗ ക്ലബ്ബുകളിലേക്ക് എത്തി യോഗ പരിശീലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരത്തോളം യോഗ ക്ലബുകൾ ഈ വർഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാൻ പോവുകയാണ്. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള തുടർച്ചയായ ആരോഗ്യ ഇടപെടൽ ഈ മേഖലയിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി അനീമിയ കൂടി ഉൾപ്പെടുത്തി. സിക്കിൾസെൽ അനീമിയ രോഗികൾക്കായി ആദ്യമായി പോയിന്റ് ഓഫ് കെയർ ചികിത്സ ലഭ്യമാക്കി. അനീമിയ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവ കേരളം പോലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവൻ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ, ഡോ. അജിത അതിയടത്ത്, ഡോ. പ്രിയദർശിനി, മീനാറാണി, ഡോ. ഷൈജു കെ.എസ്. എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തുന്നതിന് സോഷ്യൽ മീഡിയ പേജുകൾ വഴി പോലീസ് വ്യാപകമായ ബോധവൽക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്തിന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സമഗ്രമായ സൈബർ സുരക്ഷിത ‘ഫിൻ ഇക്കോ സിസ്റ്റം’ (Fin Eco System) ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്ര സർക്കാരിൻറെയും റിസർവ്വ് ബാങ്കിൻറെയും സംയുക്ത ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് സൈബർ പോലീസ് ഡിവിഷൻ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ടോൾ ഫ്രീ നമ്പരും, WWW.cybercrime.gov.in എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം ബ്ലോക്ക് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ പ്രവർത്തനരഹിതമാക്കിയും പ്രതികളെ അറസ്റ്റ് ചെയ്തും കർശന നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് കോടതി ബാലയോട് നിർദ്ദേശിച്ചു.

തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചു. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരം അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെയാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.

മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ബാലയും മുൻ ഭാര്യയും തമ്മിലുളള തർക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പങ്കിട്ട വീഡിയോകളാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. തൃശ്ശൂർ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം.

സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷ് പരാതി നൽകിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് തമിഴ് നടനായ ആർ മാധവൻ. ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. താനൊരു മലയാളിയാണെന്നാണ് പലരും വിചാരിക്കുന്നത് എന്നാണ് മാധവൻ വ്യക്തമാക്കുന്നത്. തന്റെ ആദ്യചിത്രമായ അലൈപായുതേ എന്ന സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലായിരുന്നു. അന്നുമുതൽ താനൊരു മലയാളിയാണെന്നാണ് നാളുകൾ വിചാരിക്കുന്നത്. മാധവൻ എന്ന പേരായിരിക്കാം ഇങ്ങനെ ഒരു ധാരണയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ചിലർ കാവ്യ മാധവൻ തന്റെ ഭാര്യ ആണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. പേരിലെ സാമ്യമാകാം ഇതിനും കാരണമെന്നും താരം ചൂണ്ടിക്കാട്ടി. തനിക്ക് അത്ര നന്നായി മലയാളം അറിയില്ല. പക്ഷേ താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റോക്കട്രി: നമ്പി എഫക്ട് ഒരു മലയാളിയുടെ കഥ അടിസ്ഥാനമാക്കിയുള്ളതാണ്. താൻ മലയാളിയാണെന്ന് വിചാരിച്ച് പലരും തന്നോട് മലയാളത്തിൽ സംസാരിക്കാറുണ്ട്. എന്നാൽ തനിക്ക് നല്ലപോലെ മലയാളം അറിയില്ല എന്നതാണ് സത്യം. പക്ഷേ അത്രമേൽ മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ തനിക്ക് സന്തോഷമാണെന്നും മാധവൻ കൂട്ടിച്ചേർത്തു.

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് ബാധിച്ചത്. കുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് രോഗം ബാധിച്ചത്. ഇവർക്ക് രോഗബാധ എങ്ങനെയാണുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇവർ രണ്ടുപേരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടൻ ബൈജു. ഇന്നലെയാണ് സംഭവം. അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം നടന്നത്. യാത്രക്കാരന് കാര്യമായ പരിക്കേറ്റിട്ടില്ല.

ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിശോധനക്ക് നിയമപരമായ പിൻബലം ഇല്ല. എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കേറ്റ് മതിയെന്നുമാണ് സിഐ വ്യക്തമാക്കിയത്.

ഇത്തിരിക്കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചുവന്നുള്ളി. രുചിയ്ക്ക് പുറമെ പോഷകങ്ങളും ഔഷധഗുണങ്ങളും ഇതിൽ ധാരാളമുണ്ട്. ലുഘുചികിത്സയ്ക്കായും ചുവന്നുള്ളിയെ പ്രയോജനപ്പെടുത്താറുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കരുപ്പെട്ടിയും ചുവന്നുള്ളിനീരും ചേർത്ത് കുറുക്കി നൽകാറുണ്ട്.

ഹൃദരാരോഗ്യത്തിനും ചുവന്നുള്ളി ഉത്തമമാണ്. വാതരോഗങ്ങൾ, പ്രമേഹം, ത്വക്ക് രോഗങ്ങൾ, അർശസ്, ക്ഷയം, നേത്രരോഗങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമായി ചുവന്നുള്ളി ഉപയോഗിക്കുന്നു.

ഇഞ്ചിനീരും ചുവന്നുള്ളി നീരും സമമെടുത്ത് തേനും ചേർത്ത് കഴിച്ചാൽ പനി, ചുമ എന്നിവയ്ക്ക് ആശ്വാസമാകും. പൊട്ടാസ്യത്തിന്റെ ഉറവിടമാണിത്. ഉള്ളിത്തണ്ടും പൂക്കളും ഔഷധയോഗ്യമാണ്. ഉള്ളിയുടെ പൂക്കളുടെ തനി നീര് നേത്രരോഗങ്ങളിൽ ഔഷധമാക്കുകയും ചെയ്യുന്നുണ്ട്.

മുറിവെണ്ണയിലെ ഘടകങ്ങളിൽ ഒന്നാണ് ചുവന്നുള്ളി. പലാണ്ഡു എന്ന പേരിലാണ് ചുവന്നുള്ളി സംസ്‌കൃതത്തിൽ അറിയപ്പെടുന്നത്. സന്ധികളിൽ വേദനയുള്ള ഭാഗത്ത് ചുവന്നുള്ളി നീരും കടുകെണ്ണയും ചേർത്ത് പുരട്ടാം.

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരം അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെയാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.

മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ബാലയും മുൻ ഭാര്യയും തമ്മിലുളള തർക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പങ്കിട്ട വീഡിയോകളാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.