Latest News (Page 103)

അഭിനയ മികവിനാൽ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. തന്റെ ആരോഗ്യത്തെ കുറിച്ച് ദുൽഖർ ഒരു അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്. സിനിമയിൽ നിന്നും താരം ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തന്റെ ആരോഗ്യത്തെപ്പറ്റി ദുൽഖർ തുറന്നു സംസാരിച്ചത്.

സിനിമയിൽ ചെറിയൊരു ഇടവേള വേണ്ടിവന്നുവെന്ന് ദുൽഖർ പറയുന്നു. അത് ആരുടെയും തെറ്റല്ല. ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അത് തന്റെ തെറ്റാവാം, താനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്ന് താരം വെളിപ്പെടുത്തി.

തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ’ ആണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിൻറേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കർ പ്രദർശനത്തിനെത്തുക. വെങ്കി അട്ടലൂരി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സിതാര എന്റർറ്റെയ്ൻമെന്റ്‌സാണ്. ഒക്ടോബർ 31നാണ് ചിത്രത്തിന്റെ റിലീസ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

തിരുവനന്തപുരം: നഷ്ടമായ 11 ഫോണുകൾ കണ്ടെത്തി ഒരുമിച്ച് ഉടമസ്ഥർക്ക് തിരികെ നൽകി തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഫോൺ നഷ്ടപ്പെടുന്നുവെന്ന പരാതികൾ കഴിഞ്ഞ മാസങ്ങളിൽ വളരെയധികം വർധിച്ചിരുന്നു. ഫോൺ നഷ്ടപ്പെട്ടെന്ന പരാതികൾ മിക്ക ദിവസവും വന്നുതുടങ്ങിയപ്പോൾ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനായി ഫോർട്ട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ വി. ആറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ട 11 ഫോണുകൾ പോലീസ് കണ്ടെത്തിയത് ഉടമസ്ഥർക്ക് ഒരുമിച്ച് തിരികെ നൽകി. നഗരത്തിലെ തിരക്കേറിയ ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നാണ് ഫോണുകൾ നഷ്ടമായത്. പരാതിക്കാർ കൂടുതലും തിരുവനന്തപുരം സ്വദേശികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കൂലിപ്പണിക്കാരും ക്ഷേത്രദർശനത്തിനുവന്ന വീട്ടമ്മമാരുമൊക്കെ ആയിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ IMEI നമ്പർ ട്രാക്ക് ചെയ്താണ് കണ്ടെത്തിയത്.
തിരികെ ലഭിച്ച ഫോണുകൾക്ക് മൊത്തം രണ്ടു ലക്ഷത്തോളം രൂപ വില വരും. സെക്കന്റ് ഹാൻഡ് ഫോണായി വാങ്ങിയവരിൽനിന്നും മൊബൈൽഫോൺ കടകളിൽ നിന്നുമാണ് ഫോണുകൾ പോലീസ് കണ്ടെത്തിയത്.

എസ് ഐ ശ്രീജേഷ് എസ്. എഫ്., സി പി ഓമാരായ ശ്രീജിത്ത് ഐ. എസ്., പ്രവീൺ പി., വിഷ്ണു എം. എസ്. എന്നിവരടങ്ങിയ സംഘമാണ് ഫോണുകൾ കണ്ടെത്തിയത്.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

തനിക്കൊന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് രാജ്യവിരുദ്ധമാണ്. എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.

സ്വർണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണ്. വിവരങ്ങൾ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല. കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ. അത് പ്രകാരമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിൻറെ ഔദ്യോഗിക സൈറ്റിലിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു. നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ശരിയല്ല. സ്വർണക്കടത്ത് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അർഹമായ പട്ടികജാതി, പട്ടികവർഗ മേഖലകൾ തെരഞ്ഞെടുത്ത് അവിടെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കിൽ 4 ക്യാമ്പുകൾ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഒക്ടോബർ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവൻ ആയുഷ് മെഡിക്കൽ ക്യാമ്പുകളും പൂർത്തിയാകുംവിധം എല്ലാ സജ്ജീകരണങ്ങളും ആയുഷ് വകുപ്പ്, പട്ടിക ജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്.

മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം എന്നിവയ്ക്കും ഊന്നൽ നൽകും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങളിലേക്ക് ഈ ക്യാമ്പുകൾ ശ്രദ്ധ ചെലുത്തും. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ഇതിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സകൾ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കും.

തിരുവനന്തപുരം: അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതെ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബികടലിൽ തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

വടക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു ശക്തി പ്രാപിച്ച് വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതി ശക്തമായ മഴയ്ക്കും 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.

കണ്ണൂർ: രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിർദേശത്തിനെതിരെ രാജ്യത്ത് ഇപ്പോൾ തന്നെ വിമർശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിർദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിൻറെ അഭാവത്താൽ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേർന്നാണ മദ്രസകൾ മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിൻവലിക്കേണ്ടതാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ വരുന്ന ഒരു തീർത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തരുടെ സുഗമമായ ദർശനത്തിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. സ്‌പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കലാപമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല. ഭക്ത ജനങ്ങളുടെ സുരക്ഷമാത്രമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലം: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാർ അറിയിച്ചു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു.

ബാലാവകാശ കമ്മീഷൻ മദ്രസകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നത്.

ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് നിർദ്ദേശം നൽകി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു.

ബാലാവകാശ കമ്മീഷൻ മദ്രസകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നത്.

മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നു. മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ പറയുന്നു. മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.